ADVERTISEMENT

തൊടുപുഴ ∙ കോവിഡിന്റെ പിടിയിൽ ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്ക് പകർച്ച വ്യാധികൾ കൂടി പകർത്താനുള്ള വഴിയൊരുക്കുകയാണ് ജില്ലാ ആശുപത്രി. ഇവിടെ ചികിത്സ തേടിയും മറ്റ് ആവശ്യങ്ങളുമായി വരുന്നവരെയും നാട്ടുകാരെയും രോഗികളാക്കി മാറ്റുന്ന സ്ഥിതിയാണെന്നാണ് പരാതി. ജില്ലാ ആശുപത്രിയുടെ പഴയ കെട്ടിട സമുച്ചയത്തിന്റെ മൂന്നാം നിലയുടെ മുൻ ഭാഗത്തു മലിന ജലം ഒഴുകുന്ന പൈപ്പ് പൊട്ടി പഴയ ആശുപത്രി മുറ്റത്തേക്ക് അഴുക്കു വെള്ളം വീഴാൻ തുടങ്ങിയിട്ട് രണ്ടാഴ്ച കഴിഞ്ഞു.

ആയിരക്കണക്കിനു ജനങ്ങളെ ദുരിതത്തിലാക്കുന്ന മലിന ജലം ഒഴുക്ക് തടയുന്നതിനു നടപടിയില്ലാത്തത് പകർച്ച വ്യാധി ഭീഷണി ശക്തമാക്കിയിരിക്കുകയാണ്. ഇത്തരത്തിൽ മുറ്റത്തു വീഴുന്ന മലിന ജലം മുറ്റത്തു കൂടി ഒഴുകി കാരിക്കോട് ബൈപാസ് റോഡിൽ എത്തുകയാണ്. ഇതു പിന്നീട് ഓടയിലൂടെ ഒഴുകി കാരിക്കോട് തോട്ടിൽ എത്തും. ഈ വെള്ളമാണ് തൊടുപുഴയാറ്റിലൂടെ ഒഴുകുന്നത്. ഒട്ടേറെ ശുദ്ധജല വിതരണ പദ്ധതികൾ പ്രവർത്തിക്കുന്ന തൊടുപുഴയാറ്റിലേക്ക് ഇത്തരത്തിൽ മലിന ജലം  ഒഴുകുന്നത് നിയന്ത്രിക്കുന്നതിന് ഒരു നടപടിയും ഉണ്ടാകുന്നില്ലെന്നാണ് ആക്ഷേപം.

നാടു നീളെ പകർച്ച വ്യാധി ഭീഷണിയെ കുറിച്ചും പൊതുജനങ്ങൾ പാലിക്കേണ്ട ശുചിത്വം സംബന്ധിച്ചും പ്രചാരണം നടത്തുകയും ജനങ്ങളെ ബോധവൽക്കരിക്കുകയും ചെയ്യുന്ന ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള   ആശുപത്രിയിൽ നിന്നാണ് ഇത്രമാത്രം നിയമ ലംഘനം നടത്തുന്നതെന്നാണ് പരാതി. കാൻസർ രോഗികൾ കീമോ തെറപ്പി ചെയ്യാനും കിഡ്നി രോഗികൾ ഡയാലിസിസിന് എത്തുന്നതും ഇതുവഴിയാണ്. ഇവരുടെ ദേഹത്ത് മലിന ജലം തെറിച്ച് വീഴുന്നുണ്ട്.

വാഹനങ്ങൾക്ക് അഴുക്കു വെള്ളം വീഴുന്നതിനു താഴെ പാർക്ക് ചെയ്യേണ്ടതായും വരാറുണ്ട്. ഇതു മലിന ജലമാണെന്ന് അറിയാതെയാണ് പലരും ഇവിടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും സമീപം ആളുകൾ നിൽക്കുന്നതും. വാർഡുകളിൽ നിന്നും ഓപ്പറേഷൻ തിയറ്ററിൽ നിന്നും മറ്റുമാണ് ഇത്തരത്തിൽ അഴുക്കു വെള്ളം പൈപ്പിലൂടെ ഒഴുകി വീഴുന്നത് എന്നാണ് നാട്ടുകാരുടെ പരാതി. ആശുപത്രിയിൽ എത്തുന്ന ആളുകളെ കൂടുതൽ രോഗികളാക്കുന്ന മലിന ജലം ഒഴുക്ക് തടയാൻ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

അതുപോലെ ആയിരക്കണക്കിനു ജനങ്ങൾ കുടിക്കാനും കുളിക്കാനും ഉപയോഗിക്കുന്ന പുഴ മലിനമാക്കുന്ന നടപടി എത്രയും വേഗം അവസാനിപ്പിക്കാൻ നടപടി ഉണ്ടാകണം എന്നാണ് നഗരവാസികളുടെ ആവശ്യം. അതേ സമയം പൈപ്പിലെ ചോർച്ച ഉൾപ്പെടെ ഉള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടി ആരംഭിച്ചതായി ആശുപത്രി അധികൃതർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com