ജില്ലാ ആശുപത്രി പദവി നഷ്ടപ്പെട്ടു; മെഡിക്കൽ കോളജ് ആയതുമില്ല; ഇനിയും‘ചികിത്സിച്ചില്ലെങ്കിൽ’ വല്ലതുംപറ്റും
Mail This Article
ചെറുതോണി ∙ ‘ഇല്ലത്തു നിന്ന് ഇറങ്ങുകയും ചെയ്തു; അമ്മാത്തൊട്ട് എത്തിയതുമില്ല’ എന്ന അവസ്ഥയാണ് ഇടുക്കിയിലെ പ്രധാന സർക്കാർ ആശുപത്രിക്ക്. ജില്ലാ ആശുപത്രിയുടെ പദവി പോകുകയും ചെയ്തു; മെഡിക്കൽ കോളജ് യാഥാർഥ്യമായതുമില്ല എന്നതാണ് ഇടുക്കി മെഡിക്കൽ കോളജിന്റെ ഇപ്പോഴത്തെ സ്ഥിതി..
മെഡിക്കൽ കോളജായി പ്രഖ്യാപിച്ചതിനാൽ ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങൾക്കു ഫണ്ട് അനുവദിക്കുന്നതിനു ജില്ലാ പഞ്ചായത്തിനു പ്രായോഗിക ബുദ്ധിമുട്ടുണ്ട്. അതേസമയം അംഗീകാരം ഇല്ലാത്തതിനാൽ മെഡിക്കൽ കോളജിനു ലഭിക്കേണ്ട ഫണ്ട് കിട്ടുന്നുമില്ല. ഫലത്തിൽ ആശുപത്രിയുടെ പ്രവർത്തനം പാടേ താളം തെറ്റുന്ന അവസ്ഥയാണ്.
ഒന്നര വർഷമായി കോവിഡ് ചികിത്സയുടെ പേരിൽ സേവനങ്ങളെല്ലാം സൗജന്യമായി നൽകുന്നതിനാൽ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയുടെ വരുമാനവും നിലച്ചു. ഇതോടെ താൽക്കാലിക ജീവനക്കാരുടെ ശമ്പളം അടക്കമുള്ള ദൈനംദിന ചെലവുകൾ പ്രതിസന്ധിയിലാണ്. മറ്റു നിത്യ ചെലവുകൾക്കു പോലും വഴിയില്ല. ആശുപത്രി പ്രവർത്തനവും രോഗികൾക്കു ലഭ്യമാകുന്ന വിവിധ തരം സേവനങ്ങളും പല തരത്തിൽ തടസ്സപ്പെട്ടു തുടങ്ങി.
ജില്ലാ പഞ്ചായത്ത് ഏറ്റെടുക്കട്ടെ
ഒന്നുകിൽ മെഡിക്കൽ കോളജിനു സമയബന്ധിതമായി അംഗീകാരം നേടിയെടുക്കുക. അല്ലെങ്കിൽ ആശുപത്രിയും അനുബന്ധ സംവിധാനങ്ങളും ജില്ലാ പഞ്ചായത്തിനു കീഴിലാക്കുക– ഇതാണ് ആശുപത്രിയെ രക്ഷിക്കാനുള്ള വഴിയായി ആരോഗ്യപ്രവർത്തകരും നാട്ടുകാരും ചൂണ്ടിക്കാട്ടുന്നത്.
ജില്ലാ പഞ്ചായത്തിന്റെ പൂർണ സഹകരണമുണ്ടെങ്കിൽ ആശുപത്രിയെ വീണ്ടും പഴയ ട്രാക്കിലേക്ക് എത്തിക്കാമെന്ന് ആശുപത്രി അധികൃതർ ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുന്നു. മെഡിക്കൽ കോളജിനു പൂർണ അംഗീകാരം കിട്ടി പ്രവർത്തന സജ്ജമാകുന്നതു വരെയെങ്കിലും സാങ്കേതിക തടസ്സങ്ങൾ നീക്കി ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് ലഭ്യത ഇടുക്കി ജില്ലാ ആശുപത്രിക്ക് ഉറപ്പാക്കണം.
'കുറവുകൾ പരിഹരിക്കാൻ ശ്രദ്ധിക്കണം
മെഡിക്കൽ കോളജിന് അടിയന്തരമായി അംഗീകാരം ലഭ്യമാക്കുക എന്നതു മാത്രമാണു പ്രതിസന്ധിക്കു പരിഹാരം. അടിസ്ഥാന സൗകര്യങ്ങൾ ഒരു പരിധി വരെ ഉണ്ടെങ്കിലും ഡോക്ടർമാരുടെയും ജീവനക്കാരുടെയും നിയമനം അടക്കമുള്ള കാര്യങ്ങളിൽ ഇനിയും ഒട്ടേറെ മുന്നോട്ടു പോകാനുണ്ട്.
തുടങ്ങിവച്ച നിർമാണ പ്രവർത്തനങ്ങളും പൂർത്തിയാക്കണം. അംഗീകാരത്തിനു തടസ്സമായി മുൻ വർഷങ്ങളിൽ ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ചൂണ്ടിക്കാട്ടിയ കുറവുകൾ പരിഹരിക്കുന്നതിന് ആരോഗ്യ വകുപ്പും ആശുപത്രി അധികൃതരും ശ്രദ്ധ ചെലുത്തണം. ഡീൻ കുര്യാക്കോസ് എംപി
'വേണ്ട സഹായം ചെയ്യാൻ തയാർ
ജില്ലാ ആശുപത്രി മെഡിക്കൽ കോളജിനായി ഏറ്റെടുത്തപ്പോൾ ആശുപത്രിയുടെ നിയന്ത്രണം സംസ്ഥാന സർക്കാരിലും ആരോഗ്യ വകുപ്പിലും നിക്ഷിപ്തമായി. മെഡിക്കൽ കോളജ് വികസന സമിതിയിൽ ജില്ലാ പഞ്ചായത്ത് പ്രതിനിധിയായി ഡിവിഷൻ മെംബറെപ്പോലും ഉൾപ്പെടുത്തിയിട്ടില്ല. ഈ സാഹചര്യത്തിൽ ജില്ലാ പഞ്ചായത്തിന് ഇടപെടുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുണ്ട്.
മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രതിസന്ധിയുണ്ടെന്നു ശ്രദ്ധയിൽപെട്ടിട്ടില്ല. കഴിയാവുന്ന സഹായം ചെയ്യാൻ സന്നദ്ധമാണ്. ആവശ്യമെങ്കിൽ ഇക്കാര്യം സംസ്ഥാന സർക്കാരിനെയും ആരോഗ്യ വകുപ്പ് അധികൃതരെയും അറിയിക്കും.ജിജി കെ.ഫിലിപ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്