ADVERTISEMENT

മറയൂർ∙ കേരളത്തിൽ ആപ്പിൾ വിളയുന്ന ഏക പ്രദേശമായ മറയൂർ മലനിരകളിലെ കാന്തല്ലൂരിൽ ആപ്പിൾ വിളഞ്ഞുപാകമായി. വ്യാവസായിക അടിസ്ഥാനത്തിൽ എന്നതിലുപരിയായി വിനോദ സഞ്ചാരമേഖലയുമായി ബന്ധപ്പെട്ടാണ് കർഷകർക്ക് ആപ്പിൾ തോട്ടങ്ങളിൽനിന്ന് വരുമാനം ലഭിച്ചിരുന്നത്. തോട്ടങ്ങൾ കാണാൻ      സഞ്ചാരികൾ എത്തുന്നതിലൂടെയുള്ള വരുമാനമായിരുന്നു കർഷകരുടെ ആശ്രയം. കഴിഞ്ഞ സീസണിലും ഈ സീസണിലും കോവിഡ് പ്രതിസന്ധി കർഷകർക്കു തിരിച്ചടിയായി.

വീട്ടുവളപ്പിൽ കൗതുകത്തിന് ഒരു മരം നട്ടവർ മുതൽ 3 ഏക്കർ വരെ ആപ്പിൾ കൃഷി ചെയ്യുന്നവർ ഇവിടെയുണ്ട്. ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് കാന്തല്ലൂരിൽ ആപ്പിൾ മരങ്ങൾ പൂവിടുന്നത്. കായ്കൾ വിളഞ്ഞു കഴിക്കാൻ പാകമാകുന്നത് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ്. ജൂലൈ മധ്യത്തോടെ പഴങ്ങൾ മാർക്കറ്റിലേക്ക് അയയ്ക്കാമെങ്കിലും ഓണക്കാലം വരെ പഴങ്ങൾ മരങ്ങളിൽ തന്നെ നിലനിർത്തുകയാണ് തോട്ടം ഉടമകൾ ചെയ്യുന്നത്.

കച്ചവടക്കാർക്ക് നൽകുന്നതിലുപരിയായി വിനോദ സഞ്ചാരികൾ മോഹവില നൽകി വാങ്ങുന്നതായിരുന്നു കർഷകർക്കു ലാഭം. കേരളത്തിൽ വിളഞ്ഞ ആപ്പിൾ‌ കഴിക്കാമെന്നാതാണു സഞ്ചാരികളെ ആകർഷിക്കുന്ന ഘടകം. ആദ്യകാലത്ത് സബർജില്ലി തോട്ടങ്ങളായിരുന്നു ഇവിടെ അധികവും. 

സർക്കാരും കാന്തല്ലൂർ പഞ്ചായത്ത് ഭരണസമിതിയും ഒരു വീട്ടിൽ ഒരു ഫലവൃക്ഷത്തൈ എന്ന പദ്ധതി നടപ്പാക്കിയതിന്റെ ഭാഗമായാണ് ആപ്പിൾ കൃഷി വ്യാപകമായതും ആപ്പിൾ പെരുമയിൽ കാന്തല്ലൂർ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായി മാറിയതും. കൊടൈക്കനാലിൽനിന്നും ഹിമാചലിൽനിന്നും എത്തിച്ച റോയൽ ഡെലിഷ്യസ്, ഗ്യാനിസ്മിത്ത്, ഗ്യാനിഗോൾഡ് എന്നീ ഇനങ്ങളിൽപെട്ട ആപ്പിൾ മരങ്ങളാണ് കാന്തല്ലൂരിൽ വളരുന്നത്. 

പുതുതായി നൂറുകണക്കിന് ആപ്പിൾ മരങ്ങളും പ്രതിവർഷം നട്ടുവളർത്തുന്നതിനാൽ സമീപ വർഷങ്ങളിൽ ആപ്പിൾ ഉൽപാദനത്തിൽ വൻ വർധന ഉണ്ടാകും. ഒരു ആപ്പിൾ മരത്തിൽനിന്ന് ശരാശരി 40 കിലോഗ്രാമിലധികം വിളവ് ലഭിക്കും. ഗ്രീൻ ആപ്പിളും ഇവിടെയുണ്ട്. പെരുമല, പുത്തൂർ, തലചോർകടവ്, കുളച്ചിവയൽ എന്നിവിടങ്ങളിലാണ് ആപ്പിൽ കൃഷി ഏറ്റവും അധികമുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com