വിസ്മയക്കാഴ്ച കാണാൻ നാടുകാണി പവിലിയനിൽ സഞ്ചാരികൾ വന്നു തുടങ്ങി
Mail This Article
കുളമാവ് ∙ ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നായ നാടുകാണി പവിലിയനിൽ സഞ്ചാരികൾ എത്തി തുടങ്ങി. ഹൈറേഞ്ചിൽ നിന്നും ലോ റേഞ്ചിന്റെ കാഴ്ചകൾ കാണാൻ ഏറ്റവും അനുയോജ്യമായ സ്ഥലമാണിത്. വാഗമൺ മലനിരകൾ മുതൽ കൊച്ചി വരെ നേർക്കാഴ്ച ലഭിക്കുന്ന സ്ഥലമാണിവിടം. ഇവിടെ നിന്ന് ഫോട്ടോ എടുക്കുന്നതിനായി ദിവസവും ഒട്ടേറെ സഞ്ചാരികളാണ് എത്തുന്നത്.
നാടുകാണിയിൽ നിന്നും മലങ്കര ജലാശയത്തിന്റെ നേർക്കാഴ്ച നയനാന്ദകരമാണ്. 10 കിലോമീറ്ററോളം നീളത്തിൽ മലങ്കര ജലാശയം നേരിട്ട് കാണാൻ കഴിയും. തൊടുപുഴ- പുളിയൻമല സംസ്ഥാന പാതയോരത്ത് നിന്നും വെറും 200 മീറ്റർ മാത്രം ദൂരെയാണ് പവിലിയൻ. പ്രകൃതി ഭംഗി ആസ്വദിച്ച് വിശ്രമിക്കാൻ പറ്റിയ തണുപ്പും മഞ്ഞും നിറഞ്ഞ ഇവിടെ എത്തിയാൽ സഞ്ചാരികൾക്ക് പുത്തനുണർവാണ്. കനേഡിയൻ എൻജിനീയർമാർ പണിത കെട്ടിടമാണിത്.
സമുദ്ര നിരപ്പിൽ നിന്നും ഏകദേശം 3000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടെ നിന്നും നോക്കിയാൽ ഇടുക്കി, എറണാകുളം ജില്ലകളിലെ ഒട്ടേറെ സ്ഥലങ്ങൾ കാണാൻ സാധിക്കും.നാടുകാണി പവിലിയനിൽ നിന്നും കിങ്ങിണിത്തേട്, ബിവിസി, നെല്ലിക്കാപ്പാറ അടിവാരം, കലംകമിഴ്ത്തി, അരുവിപ്പാറ കാനനക്ഷേത്രം, വനമധ്യത്തിലെ വലിയമാവ് ഗ്രാമം ഹിൽടോപ്പ് എന്നിവിടങ്ങളിലേക്കുള്ള സാഹസിക ട്രക്കിങ് ആരംഭിച്ചാൽ സഞ്ചാരികൾക്ക് ദൃശ്യഭംഗിയും ട്രക്കിങ് അനുഭൂതി നൽകും.