ADVERTISEMENT

നെടുങ്കണ്ടം∙ ഒന്നര വർഷത്തിനിടയിൽ തലയിൽ 9 സർജറി. 30 റേഡിയേഷനുകൾ. ദിവസവും ഫിസിയോതെറപ്പി. ബിടെക്കും എംബിഎയും കഴിഞ്ഞ് കൊച്ചി ആസ്റ്റർ മെഡിസിറ്റിയി‍ൽ പീഡിയാട്രിക് കോഓർഡിനേറ്റർ ആയി ജോലി ചെയ്തിരുന്ന അഥീന ജോൺ (28) എന്ന കൊച്ചുമിടുക്കിയുടെ ലോകമാണ് ആശുപത്രി മുറിക്കുള്ളിൽ ഒതുങ്ങിയിരിക്കുന്നത്. ചികിത്സകൾക്കൊടുവിൽ പഴയതുപോലെ പാറിപ്പറന്നു നടക്കുന്ന ജീവിതം സ്വപ്നം കാണുകയാണ് അഥീനയും കുടുംബാംഗങ്ങളും. കഴുത്തിനു വേദനയോടെയായിരുന്നു തുടക്കം.

അതു കാൻസറാണെന്നു തിരിച്ചറിഞ്ഞപ്പോഴേക്കും പിൻകഴുത്തിൽ തലയോട്ടിയോടു ചേരുന്ന ഭാഗത്തെ രണ്ട് എല്ലുകൾ പൂർണമായും ദ്രവിച്ചുകഴിഞ്ഞിരുന്നു. ബ്രെയിൻ സ്റ്റെമ്മിനെ ബാധിക്കുന്ന, അത്ര സാധാരണമല്ലാത്ത, ക്ലൈവൽ കോർഡോമ എന്ന രോഗമാണ് അഥീനയെ തളർത്തിയത്. 2020 മേയിലാണ് അഥീന ആദ്യം ആശുപത്രിയിൽ അഡ്മിറ്റാകുന്നത്. 25 ലക്ഷം രൂപയാണ് ആദ്യ സർജറിക്കു ചെലവായത്.

പലപ്പോഴായി 9 സർജറികൾ. അതിലൊന്ന് ദ്രവിച്ചു പോയ എല്ലുകൾക്കു പകരം കൃത്രിമ എല്ലുകൾ വയ്ക്കുന്നതായിരുന്നു. ഒരുവിധം അസുഖം ഭേദമായി എന്ന തോന്നൽ ഉണ്ടായപ്പോഴാണ് തലച്ചോറിൽ വീണ്ടും വളർച്ച കണ്ടെത്തിയത്. ഇനിയും സർജറി വേണ്ട റേഡിയേഷൻ മതിയെന്നായി ഡോക്ടർമാർ. 30 റേഡിയേഷനുകളിൽ 3 റേഡിയേഷൻ കഴിഞ്ഞതോടെ അഥീന  കഴുത്തിനു താഴേക്കു തളർന്നു.

വീൽചെയറിൽ ഇരുത്തിയും സ്ട്രെച്ചറിൽ കിടത്തിയുമൊക്കെയാണ് 30 റേഡിയേഷനുകൾ പൂർത്തിയാക്കിയത്. ഇപ്പോൾ പൂർണമായും തളർന്ന അവസ്ഥയിലാണ്. വിരൽപോലും അനങ്ങില്ല. പക്ഷേ ഓർമയ്ക്കോ ബുദ്ധിക്കോ തകരാറില്ല. സംസാരിക്കാൻ ശ്രമിക്കുമെങ്കിലും അത്ര വ്യക്തമാകുന്നില്ല. ദിവസവും ഫിസിയോതെറപ്പി നടത്തിയാൽ അഥീന ജീവിതത്തിലേക്കു തിരിച്ചു വരുമെന്നാണു ഡോക്ടർമാർ പറയുന്നത്.

പക്ഷേ ചികിത്സാച്ചെലവ് ഈ കുടുംബത്തിനു താങ്ങാനാവുന്നതിന് അപ്പുറമായിക്കഴിഞ്ഞു. ഇപ്പോൾത്തന്നെ 40 ലക്ഷം രൂപ ചെലവായി. ഒന്നര വർഷമായി കൊച്ചിയിൽ ആശുപത്രിക്കു സമീപം  വീടെടുത്തു താമസിച്ചാണ്  ചികിത്സ നടത്തുന്നത്. വീടിനു മാത്രം മാസം 10,000 രൂപ വാടക നൽകണം. ഫിസിയോതെറപ്പിക്ക് ദിവസം 1000 രൂപ വേറെയും. ഇടുക്കി നെടുങ്കണ്ടത്ത് കൂൾബാർ നടത്തിയിരുന്ന താന്നിക്കൽ സാബുവിന്റെയും ബിൻസിയുടെയും മകളാണ് അഥീന.

ബെംഗളൂരിലെ ഒരു കമ്പനിയിൽ ജോലി നോക്കുകയാണ് സഹോദരൻ. നാട്ടുകാരുടെയും ബന്ധുക്കളുടെയും സഹായം കൊണ്ടാണ് ഇതുവരെ പിടിച്ചു നിന്നത്. ഇനിയുള്ള പണം കണ്ടെത്താൻ സുമനസ്സുകളുടെ സഹായം കൂടിയേ തീരൂ. അഥീന ജോണിന്റെ പേരിൽ എസ്ബിഐ നെടുങ്കണ്ടം ശാഖയിൽ അക്കൗണ്ട് ആരംഭിച്ചു. അക്കൗണ്ട് നമ്പർ– 32809748202. IFSC: SBIN0070216

English Summary: Adheena needs help

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com