കൊച്ചി–ധനുഷ്കോടി ദേശീയപാത, മൂന്നാർ– ബോഡിമെട്ട് ഭാഗത്ത് 85% ജോലി പൂർത്തിയായി
Mail This Article
മൂന്നാർ ∙ കൊച്ചി–ധനുഷ്കോടി ദേശീയപാതയിൽ മൂന്നാർ മുതൽ ബോഡിമെട്ട് വരെയുള്ള ഭാഗത്തെ നവീകരണ ജോലികൾ 85 ശതമാനം പൂർത്തിയായി. 2 മാസത്തിനകം നിർമാണം പൂർത്തീകരിക്കുമെന്ന് ദേശീയപാതാ അധികൃതർ അറിയിച്ചു. 42 കിലോമീറ്റർ പാതയുടെ നവീകരണ ജോലികൾ 2017 സെപ്റ്റംബറിലാണ് തുടങ്ങിയത്. 381.76 കോടിയാണ് ഇതിന് അനുവദിച്ചത്. 2019 ഓഗസ്റ്റിൽ പൂർത്തിയാക്കണമെന്ന് ആയിരുന്നു കരാറിലെ നിബന്ധന. എന്നാൽ, വനം വകുപ്പിന്റെ തടസ്സം ഉൾപ്പെടെ പല കാരണങ്ങളാൽ നിർമാണം അനിശ്ചിതമായി നീണ്ടു.
വനം വകുപ്പിന്റെ സ്ഥലത്ത് വീതികൂട്ടലിനു സ്ഥലം വിട്ടുനൽകാൻ 30 കോടി രൂപയാണ് വനം വകുപ്പ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. ഇത് നിർമാണ പുരോഗതിയെ ബാധിച്ചു. ദേശീയപാതാ അധികൃതരും വനം വകുപ്പുമായി നടത്തിയ ചർച്ചയിൽ തുക 7 കോടിയാക്കി കുറയ്ക്കാൻ ഏകദേശ ധാരണയായി. ആദ്യഘട്ടമായി 1.9 കോടി രൂപ ദേശീയപാതാ വകുപ്പ് അനുവദിക്കുകയും ചെയ്തു.
മൂന്നാർ മുതൽ ദേവികുളം വരെയും ഗ്യാപ് റോഡിലും പൂപ്പാറ ഭാഗത്ത് പലയിടത്തും ഇനി ടാറിങ് നടത്താനുണ്ട്. ഗ്യാപ്പിലെ പണികൾ ഇപ്പോൾ തടസ്സമില്ലാതെ നടക്കുന്നുണ്ട്. ഇതുവഴി ഗതാഗതം അനുവദിച്ചതോടെ പ്രദേശത്തെ വലിയ യാത്രാ പ്രശ്നത്തിന് പരിഹാരമാകുകയും ചെയ്തു. ബാക്കിയുള്ള തർക്കങ്ങളും തടസ്സങ്ങളും നീക്കി നിർമാണം പൂർത്തിയാക്കിയാൽ മൂന്നാറിൽ നിന്ന് തമിഴ്നാട്ടിലേക്കുള്ള യാത്ര സുഗമമാകുകയും വിനോദസഞ്ചാരികളുടെ വരവ് വർധിക്കുകയും ചെയ്യും.