ADVERTISEMENT

വൈദ്യുതി പ്രതിസന്ധിയുടെ കാലത്തും പേര് പോലെതന്നെ കേരളത്തിന്റെ ഊർജ ക്ഷേത്രമായി നിലനിൽക്കുകയാണ് ഇടുക്കി. സംസ്ഥാനത്തെ കെഎസ്ഇബി വൈദ്യുതി നിലയങ്ങളുടെ സ്ഥാപിത ശേഷിയിൽ പകുതിയിലേറെയും ഇടുക്കിയിൽ നിന്നാണ്. ജില്ലയിലെ വൈദ്യുതി നിലയങ്ങളെക്കുറിച്ചും ഉൽപാദനത്തെക്കുറിച്ചും അറിയാം.  

പള്ളിവാസൽ പവർ ഹൗസ്
പള്ളിവാസൽ പവർ ഹൗസ്

തൊടുപുഴ ∙ പ്രതിസന്ധികാലത്ത് പകുതിയിലേറെ വൈദ്യുതി ഉൽപാദിപ്പിച്ച് ഇടുക്കി.  ഇൗ മാസം ജില്ലയിൽ നിന്നും പ്രതിദിനം 17.5 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉൽപാദിപ്പിച്ചത്. പ്രതിദിനം 33.6383 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്ത് ഉൽപാദിപ്പിക്കുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ നിലയങ്ങളുള്ളത് ഇടുക്കിയിലാണ്. 37 വൈദ്യുതി നിലയങ്ങളിൽ ജില്ലയിൽ 10 എണ്ണമാണ് കെഎസ്ഇബിക്കുള്ളത്. 2 സ്വകാര്യ നിലയങ്ങളും പ്രവർത്തിക്കുന്നു. 

കെഎസ്ഇബി വൈദ്യുതി നിലയങ്ങളുടെ സ്ഥാപിത ശേഷിയിൽ പകുതിയിലേറെ ഇടുക്കിയിലാണ്. കെഎസ്ഇബിക്ക് ജലവൈദ്യുതി പദ്ധതിയിൽ 2054 മെഗാവാട്ട് ആണ് സ്ഥാപിതശേഷി. ഇതിൽ ജില്ലയിലെ സ്ഥാപിതശേഷി 1173.1 മെഗാവാട്ടാണ്. കൽക്കരി ക്ഷാമത്തിൽ വൈദ്യുതി ഉൽപാദനം കുറയുമ്പോഴും ഇടുക്കിയിൽ മഴ പെയ്യുന്നുണ്ട് എന്ന് കെഎസ്ഇബി ആശ്വസിക്കുന്നതിന്റെ കാരണം ഇതാണ്. ജില്ലയിലെ എല്ലാ കെഎസ്ഇബി അണക്കെട്ടുകളും ഇപ്പോൾ ജലസമൃദ്ധമാണ്.  

ജില്ലയിലെ വൈദ്യുതി നിലയങ്ങൾ  

ചെങ്കുളം

1954ൽ ആണു ചെങ്കുളം ജലവൈദ്യുത പദ്ധതി കമ്മിഷൻ ചെയ്തത്. പള്ളിവാസൽ ജലവൈദ്യുത പദ്ധതിയിൽ നിന്നു വൈദ്യുതി ഉൽപാദനത്തിനുശേഷം പുറത്തേക്കൊഴുകുന്ന വെള്ളം ചെക്ക് ഡാം നിർമിച്ചു തടഞ്ഞുനിർത്തി 1020 കുതിരശക്തിയുള്ള രണ്ടു മോട്ടറുകൾ ഉപയോഗിച്ചു പമ്പ് ചെയ്താണു പള്ളിവാസലിൽ നിന്ന് ഉയർന്ന പ്രദേശമായ ചെങ്കുളത്തു നിർമിച്ചിട്ടുള്ള അണക്കെട്ടിലേക്കു വെള്ളമെത്തിക്കുന്നത്. ഇവിടെ നിന്നു തുരങ്കത്തിലൂടെയും പിന്നീടു 957 മീറ്റർ ദൂരം പെൻസ്റ്റോക്കിലൂടെയും വെള്ളത്തൂവലിൽ സ്ഥിതിചെയ്യുന്ന ചെങ്കുളം പവർ ഹൗസിലേക്കു വെള്ളമെത്തിച്ചാണു വൈദ്യുതി ഉൽപാദനം നടത്തുന്നത്. 48 മെഗാവാട്ടാണ് ഉൽപാദനശേഷി.

മൂലമറ്റം

കേരളത്തിന്റെ ഊർജ ക്ഷേത്രമെന്നാണു മൂലമറ്റം പവർ ഹൗസിനെ വിശേഷിപ്പിക്കുന്നത്. ചെറുതോണിയും ആർച്ച് ഡാമും കുളമാവും അടങ്ങുന്ന ഇടുക്കി ജലാശയത്തിൽ നിന്നു ഭൂമിക്കടിയിലൂടെ എത്തുന്ന ജലം നാടുകാണിക്കു സമീപം ബട്ടർഫ്ലൈ വാൽവിലെത്തി ഇവിടെനിന്ന് 51-52 ഡിഗ്രി ചെരുവിൽ 915 മീറ്റർ ദൂരം പെൻസ്റ്റോക്കിലൂടെ മൂലമറ്റം വൈദ്യുത നിലയത്തിലെത്തുന്നു. കുളമാവിൽ നിന്നു നാടുകാണി മലയുടെ ഉള്ളിലൂടെയാണ് പെൻസ്റ്റോക്കുകൾ സ്ഥാപിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ആകെ വൈദ്യുതിയുടെ മൂന്നിലൊന്നു വരെ മൂലമറ്റത്തു നിന്നാണ് ഉൽപാദിപ്പിക്കുന്നത്. 780 മെഗാവാട്ടാണ് ഉൽപാദന ശേഷി. 

പന്നിയാർ

1964ൽ ആണ് പന്നിയാർ വൈദ്യുത നിലയം കമ്മിഷൻ ചെയ്തത്. 15 മെഗാവാട്ടിന്റെ രണ്ടു ജനറേറ്ററുകളാണ് ഇവിടെയുണ്ടായിരുന്നത്. ലാവ്‌ലിൻ നവീകരണ ജോലികളുമായി ബന്ധപ്പെട്ട് 2.4 മെഗാവാട്ടിന്റെ വർധനയുണ്ടായി.  ഉൽപാദനശേഷി 32.4 മെഗാവാട്ടായി വർധിച്ചു. 

ചെങ്കുളം

1954ൽ ആണു ചെങ്കുളം ജലവൈദ്യുത പദ്ധതി കമ്മിഷൻ ചെയ്തത്. പള്ളിവാസൽ ജലവൈദ്യുത പദ്ധതിയിൽ നിന്നു വൈദ്യുതി ഉൽപാദനത്തിനുശേഷം പുറത്തേക്കൊഴുകുന്ന വെള്ളം ചെക്ക് ഡാം നിർമിച്ചു തടഞ്ഞുനിർത്തി 1020 കുതിരശക്തിയുള്ള രണ്ടു മോട്ടറുകൾ ഉപയോഗിച്ചു പമ്പ് ചെയ്താണു പള്ളിവാസലിൽ നിന്ന് ഉയർന്ന പ്രദേശമായ ചെങ്കുളത്തു നിർമിച്ചിട്ടുള്ള അണക്കെട്ടിലേക്കു വെള്ളമെത്തിക്കുന്നത്. ഇവിടെ നിന്നു തുരങ്കത്തിലൂടെയും പിന്നീടു 957 മീറ്റർ ദൂരം പെൻസ്റ്റോക്കിലൂടെയും വെള്ളത്തൂവലിൽ സ്ഥിതിചെയ്യുന്ന ചെങ്കുളം പവർ ഹൗസിലേക്കു വെള്ളമെത്തിച്ചാണു വൈദ്യുതി ഉൽപാദനം നടത്തുന്നത്. 48 മെഗാവാട്ടാണ് ഉൽപാദനശേഷി .

ലോവർ പെരിയാർ

1997ലാണു ലോവർ പെരിയാർ പദ്ധതി കമ്മിഷൻ ചെയ്തത്. നാലു പവർ ഹൗസുകളിൽനിന്നു പുറന്തള്ളുന്ന വെള്ളം പെരിയാറിൽ പാമ്പള ഭാഗത്ത് അണകെട്ടി തടഞ്ഞാണു പദ്ധതി യാഥാർഥ്യമാക്കിയത്.പാമ്പളയിലെ അണക്കെട്ടു മുതൽ കരിമണലിലെ പവർഹൗസ് വരെ വെള്ളം ഒഴുകിയെത്തുന്നതു കരിമ്പാറ തുരന്നുണ്ടാക്കിയ തുരങ്കത്തിലൂടെയാണ്. 180 മെഗാവാട്ടാണ് ഉൽപാദനശേഷി .

മാട്ടുപ്പെട്ടി

രാജ്യത്തെ ആദ്യ കോൺക്രീറ്റ് ഡാം എന്ന വിശേഷണമാണു മാട്ടുപ്പെട്ടി ഡാമിന്. വർഷത്തിൽ നാലുമാസം മാത്രം പരിമിത അളവിൽ വൈദ്യുതി ഉൽപാദനം നടക്കുന്ന ഡാമാണിത്. 2 മെഗാവാട്ടാണ് ഉൽപാദനശേഷി. ഇന്ത്യയിലെ ഏറ്റവും ചെറിയ പവർഹൗസ് കൂടിയാണു മാട്ടുപ്പെട്ടി. വൈദ്യുതോൽപാദനമല്ല, മറിച്ചു കേരളത്തിലെ ആദ്യ ജലവൈദ്യുത നിലയമായ പള്ളിവാസലിലേക്കു മതിയായ വെള്ളം ലഭ്യമാക്കുക എന്നതാണു മാട്ടുപ്പെട്ടി ഡാം കൊണ്ടു ലക്ഷ്യമിടുന്നത്. അതിനാൽ ആവശ്യാനുസരണം വെള്ളം തുറന്നുവിടുമ്പോൾ മാത്രമാണ് ഇവിടെ വൈദ്യുതി ഉൽപാദനം നടത്തുന്നത്.

നേര്യമംഗലം

77.50 മെഗാവാട്ട് ശേഷിയുള്ള നിലയമാണ് നേര്യമംഗലം. 17.5 മെഗാവാട്ടിന്റെ 3 ജനറേറ്ററുകളും 25 മെഗാവാട്ടിന്റെ ഒരു ജനറേറ്ററും ആണ് പവർഹൗസിൽ ഉള്ളത്. 1961ലാണ് നേര്യമംഗലം ജലവൈദ്യുത നിലയം കമ്മിഷൻ ചെയ്തത്. കല്ലാർകുട്ടി അണക്കെട്ടിൽ നിന്നാണ് നേര്യമംഗലം നിലയത്തിൽ വൈദ്യുതി ഉൽപാദിപ്പിക്കുന്നതിനുള്ള വെള്ളം എത്തുന്നത്. അണക്കെട്ടിൽ നിന്നു ടണൽ വഴി വാൽവ് ഹൗസ് വരെ വെള്ളമെത്തുന്നു. ഇവിടെ നിന്നു നാല് പെൻസ്റ്റോക്കുകൾ വഴി വൈദ്യുത നിലയത്തിലേക്കും. 

പള്ളിവാസൽ

കേരളത്തിലെ ഏറ്റവും പഴക്കമേറിയ വൈദ്യുതി നിലയമാണു പള്ളിവാസലിലേത്. 37.50 മെഗാവാട്ടാണ് ഉൽപാദന ശേഷി. 

English Summary: As the name implies, even in times of power crisis; Idukki is our power bank

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com