ADVERTISEMENT

മൂന്നാർ∙ ടൂറിസം രംഗത്തെ കെഎസ്ആർടിസിയുടെ പുതിയ കാൽവയ്പ് വൻ വിജയം. മലപ്പുറം ഡിപ്പോയിൽനിന്ന് മൂന്നാറിലേക്ക് ടൂറിസ്റ്റുകൾക്ക് മാത്രമായി ആരംഭിച്ച സർവീസാണ് പ്രതീക്ഷയ്ക്കപ്പുറം വിജയം കണ്ടത്. ഒക്ടോബർ 18ന് ആണ് മലപ്പുറം ഡിപ്പോയിൽനിന്ന് സർവീസിനു തുടക്കമായത്. നിശ്ചിത തുക ഈടാക്കി സഞ്ചാരികളെ മൂന്നാറിൽ എത്തിച്ച് താമസം ഒരുക്കി കാഴ്ചകൾ കാണിച്ച് പിറ്റേന്ന് തിരിച്ചെത്തിക്കുന്നതാണ് പദ്ധതി.

ശനിയാഴ്ചകളിൽ മാത്രം സർവീസ് നടത്താനായിരുന്നു ആദ്യ തീരുമാനം. എന്നാൽ സന്ദർശകരുടെ ബാഹുല്യം മൂലം എല്ലാ ദിവസവും ആക്കുകയും പല ദിവസങ്ങളിലും മൂന്ന് ബസുകൾ വരെ ഓടുകയും ചെയ്യുന്നു. നിലവിൽ ഒരു ഓർഡിനറി, ഒരു ഡീലക്സ്, ഒരു ലോ ഫ്ലോർ എസി എന്നിവയാണ് ഓടുന്നത്. ഓർഡിനറിക്ക് 1000, ഡീലക്സിന് 1200, എസി ബസിന് 1500 എന്നിങ്ങനെയാണ് നിരക്ക്.

മലപ്പുറത്തുനിന്ന് ഈ ബസുകളിൽ മൂന്നാറിൽ എത്തുന്ന സന്ദർശകർക്ക് മൂന്നാർ ഡിപ്പോയിലെ സ്ലീപ്പർ കോച്ചുകളിൽ സൗജന്യമായി രാത്രി താമസിക്കാം. തൊട്ടടുത്ത ദിവസം കെഎസ്ആർടിസി ബസിൽ മൂന്നാർ ചുറ്റിക്കണ്ടശേഷം വന്ന ബസിൽ തന്നെ മടങ്ങാം. ഒരു സന്ദർശകനിൽനിന്ന് മൂന്നാർ ഡിപ്പോക്ക്‌ ലഭിക്കുന്നത് 300 രൂപയാണ്.

നവംബർ ഒന്നുവരെ ഈയിനത്തിൽ മൂന്നാർ ഡിപ്പോയുടെ വരുമാനം 1,90,500 രൂപയാണ്. 635 പേരാണ് ഇതിനകം ഈ ടൂറിസം പാക്കേജ് പ്രയോജനപ്പെടുത്തിയത്. പദ്ധതി വിജയമായതോടെ തിരുവനന്തപുരം, അടൂർ, പാലാ എന്നീ ഡിപ്പോകളിൽനിന്നും ഇതേ പദ്ധതി ആരംഭിക്കാൻ മൂന്നാർ ഡിപ്പോ അധികൃതരെ സമീപിച്ചിട്ടുണ്ട്. താമസം ഉൾപ്പെടെയുള്ള ഡിപ്പോയിലെ സൗകര്യങ്ങൾ വിപുലീകരിച്ച ശേഷം അവർക്കും അനുമതി നൽകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com