ADVERTISEMENT

തൊടുപുഴ∙ കോവിഡ് പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ മറ്റു പകർച്ച വ്യാധികളുംകൂടി പരത്തുന്ന തരത്തിൽ തൊടുപുഴ ജില്ലാ ആശുപത്രിയിൽനിന്നുള്ള മലിന ജലവും സെപ്റ്റിക് ടാങ്കിൽനിന്നുള്ള മാലിന്യവും ഓടയിലൂടെ കാരിക്കോട് തോട്ടിലേക്കും പുഴയിലേക്കും ഒഴുകുന്നു. ആയിരക്കണക്കിനു ജനങ്ങൾ കുടിക്കാനും കുളിക്കാനും ഉപയോഗിക്കുന്ന പുഴയിലേക്ക് ഇത്തരത്തിൽ മാലിന്യം ഒഴുകിയിട്ടും ബന്ധപ്പെട്ട അധികാരികൾ ആരും തിരിഞ്ഞു നോക്കുന്നില്ല.

കോളജ് റോഡിനു സമീപമുള്ള ജില്ലാ ആശുപത്രിയുടെ പഴയ ബ്ലോക്കിന്റെ അരികിലുള്ള സെപ്റ്റിക് ടാങ്കിൽനിന്നാണ് മാലിന്യം നിറഞ്ഞ് നേരത്തേ ഡെന്റൽ വിഭാഗം പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന് അരികിലൂടെ ഓടയിലേക്ക് വെള്ളം ഒഴുകുന്നത്. ഇതിനു പുറമേ കുളിമുറികളിൽനിന്നുള്ള മലിന ജലവും ഇതിലൂടെ ഒഴുകുന്നുണ്ട്. ഇവിടെനിന്ന് മാലിന്യം കലർന്ന അഴുക്ക് വെള്ളം കാരിക്കോട് കോട്ട പാലത്തിനു സമീപം തോട്ടിൽ പതിക്കും.

തോട്, പുഴയിൽ ചേരുന്ന ഭാഗത്തിനു സമീപമാണ് നഗരത്തിലെ പതിനായിരിക്കണക്കിനു ജനങ്ങൾ കുടിക്കാൻ ഉപയോഗിക്കുന്ന ജല അതോറിറ്റിയുടെ പമ്പ് ഹൗസ്. ഇതിലേക്കാണ് ഇവിടെനിന്ന് ഒഴുകുന്ന മാലിന്യം കലരുന്നത്. തൊടുപുഴ നഗരസഭ പ്രദേശത്തിനു പുറമേ താഴ്ഭാഗത്തുള്ള ഇടുക്കിയിലെയും എറണാകുളം ജില്ലയിലെയും ഒട്ടേറെ ശുദ്ധജല വിതരണ പദ്ധതികളുടെ ജലസ്രോതസ്സാണ് ഇതുവഴി മലിനമാക്കപ്പെടുന്നത്.

ഏതാനും വർഷം മുൻപ് സെപ്റ്റിക് ടാങ്കിൽ നിന്നുള്ള മാലിന്യം കുഴൽ സ്ഥാപിച്ച് റോഡിന് മറുവശത്ത് ജില്ലാ ആയുർവേദ ആശുപത്രിയുടെ എതിർവശത്തുള്ള സ്ഥലത്ത് വലിയ ടാങ്ക് നിർമിച്ച് ഇവിടേക്ക് ഒഴുക്കാൻ പദ്ധതി തയാറാക്കിയെങ്കിലും എതിർപ്പിനെ തുടർന്ന് നടന്നില്ല. പുഴയിലേക്ക് മാലിന്യം ഒഴുക്കുന്നതിനെതിരെ തൊടുപുഴ നഗരസഭ കൗൺസിലർ ടി.എസ്.രാജൻ കലക്ടർ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com