ഒപിയിൽ ചികിത്സ തേടി പോയാൽ ഐസിയുവിലെത്താം...;തൊടുപുഴ ജില്ലാ ആശുപത്രി റോഡ് തകർന്നിട്ട് വർഷങ്ങൾ
Mail This Article
തൊടുപുഴ ∙ സാധാരണക്കാരായ നൂറു കണക്കിനു രോഗികളുടെ ആശ്രയമായ തൊടുപുഴ ജില്ലാ ആശുപത്രി റോഡിലൂടെ സഞ്ചരിച്ചാൽ ഒപിയിൽ ചികിത്സ തേടി പോകുന്ന രോഗിയെ ഐസിയുവിൽ കിടത്തേണ്ടി വരും. അത്ര മാത്രം തകർന്ന് കുണ്ടും കുഴിയുമായി കിടക്കുകയാണീ റോഡ് . നന്നാക്കാൻ ഒരു നടപടിയും ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ല.
കാരിക്കോട് –മങ്ങാട്ടുകവല റോഡിൽ നിന്ന് ആശുപത്രിയിലേക്ക് പോകുന്ന റോഡ് വർഷങ്ങളായി നന്നാക്കിയിട്ട്. ഇപ്പോൾ റോഡിൽ പല ഭാഗത്തും ടാറിന്റെ അംശം കാണാൻ പോലും ഇല്ല. മെറ്റൽ ഇളകി കുണ്ടും കുഴിയുമായി കിടക്കുന്ന റോഡിലൂടെ ഓട്ടോയിലും മറ്റും സഞ്ചരിച്ചാൽ നടുവ് ഒടിഞ്ഞത് തന്നെ. ഇരു ചക്ര വാഹനത്തിലാണ് പോകുന്നതെങ്കിൽ വാഹനം മറിഞ്ഞ് അപകടം ഉണ്ടായില്ലെങ്കിൽ ഭാഗ്യം. ഇനി ഗുരുതരാവസ്ഥയിൽ ഉള്ള രോഗിയെ ആംബുലൻസിലാണ് ഈ റോഡിലൂടെ കൊണ്ടു പോകുന്നതെങ്കിൽ പിന്നെ പറയാനുമില്ല. പല ഭാഗത്തും ടാർ ഇല്ലാതായി. മെറ്റൽ ഇളകി കിടക്കുന്നതിനാൽ കാൽനട യാത്രക്കാർക്ക് പോലും സഞ്ചരിക്കാൻ പറ്റാത്ത സ്ഥിതിയാണ്.
നേരത്തെ താലൂക്ക് ആശുപത്രി ആയിരുന്നപ്പോൾ റോഡ് നഗരസഭയുടെ അധീനതയിൽ ആയിരുന്നു. ജില്ല ആശുപത്രി ആയി ഉയർത്തിയതോടെ ഇത് ജില്ല പഞ്ചായത്തിന്റെ അധീനതയിൽ ആയി. ഇപ്പോൾ മെയിൻ റോഡിൽ നിന്ന് ആശുപത്രി വരെയുള്ള 200 മീറ്റർ റോഡ് നന്നാക്കാൻ ആരുമില്ലാത്ത സ്ഥിതിയാണ്. ആരുടെ കൈവശമാണ് റോഡ് എന്നത് സംബന്ധിച്ചാണ് തർക്കം. ഏതായാലും ജനപ്രതിനിധികളും നേതാക്കളും ഉൾപ്പെടെ നിരന്തരം എത്തുന്ന ആശുപത്രിയിലേക്കുള്ള റോഡിന്റെ കാര്യത്തിൽ തികഞ്ഞ അനാസ്ഥയാണ് . ചികിത്സ തേടി എത്തുന്ന രോഗികളെ കൂടുതൽ ദുരിതത്തിലാക്കുന്ന റോഡിന്റെ ദുര്യോഗത്തിനു പരിഹാരം കാണണമെന്നാണ് നഗരവാസികളുടെ ആവശ്യം.