ADVERTISEMENT

പൂപ്പാറ∙ പന്നിയാർ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായുള്ള പ്രധാന അണക്കെട്ടായ പൊന്മുടിയിലേക്ക് ആനയിറങ്കലിൽ നിന്നു ജലമൊഴുകുന്ന പന്നിയാർ പുഴ ഓരോ ദിവസവും ശോഷിച്ചു വരുന്നു. പന്നിയാറിന്റെ ഇരു കരകളിലെയും പുറമ്പോക്ക് ഭൂമിയിലെ കയ്യേറ്റം കാരണമാണ് പുഴ മെലിഞ്ഞില്ലാതായത്. 10 മീറ്ററിലധികം വീതിയുണ്ടായിരുന്ന പുഴയ്ക്ക് പല ഭാഗത്തും ഇപ്പോഴുള്ളത് കഷ്ടിച്ച് 4 മീറ്റർ വീതി മാത്രം. 4 പഞ്ചായത്തുകളിലെ സാധാരണക്കാർ വിവിധ ആവശ്യങ്ങൾക്കു ജലമെടുക്കുന്ന പന്നിയാർ അരുവി പോലെയായി മാറിയിട്ടും അധികൃതർക്കു കുലുക്കമില്ല. മണലൂറ്റും മാലിന്യം ഒഴുക്കുന്നതും പുഴയിൽ മണ്ണിട്ട് നികത്തിയുള്ള കയ്യേറ്റവും പുഴയുടെ ഗതി മാറിയൊഴുകാൻ കാരണമായി.

ആനയിറങ്കൽ ജലാശയത്തിൽ നിന്ന് ഉത്ഭവിക്കുന്ന പന്നിയാറിന് കൂടുതൽ നാശം സംഭവിച്ചത് പൂപ്പാറ വില്ലേജിലാണ്. സമീപത്തെ കോളനികളിലെ ചില വീടുകളിൽ നിന്നു കക്കൂസ് മാലിന്യങ്ങളും മലിന ജലവും ഒഴുക്കുന്നത് പന്നിയാറിലേക്കാണ്. പൂപ്പാറ ടൗണിലെത്തുമ്പോഴേക്കും പുഴ ശോഷിച്ച് കൈത്തോടായി മാറിയ സ്ഥിതിയാണ്. ഇവിടെ അനുദിനം ഇരു കരകളും പുഴയിലേക്ക് ഇറങ്ങിക്കൊണ്ടിരിക്കുകയാണ്. കൊച്ചി – ധനുഷ്കോടി ദേശീയപാതയോരത്തെ ചില കടകൾ പുഴയിലേക്കിറക്കിയാണ് നിർമിച്ചിരിക്കുന്നത്.

സാധാരണക്കാർ ഒരു കൂര നിർമിക്കുമ്പോൾ പോലും നിർമാണ അനുമതി നൽകാനും കെട്ടിട നമ്പർ നൽകാനും നൂറു മാനദണ്ഡങ്ങൾ പറയുന്ന പഞ്ചായത്തും റവന്യു അധികൃതരും പുഴ കയ്യേറിയുള്ള നിർമാണങ്ങൾ അറിഞ്ഞ മട്ടില്ല. പുഴയുടെ ഒരു വശത്തെ കോളനിയിലെ പല കെട്ടിടങ്ങളും പുഴയോടു ചേർന്നാണിരിക്കുന്നത്. രാജാക്കാട് പൂപ്പാറ റോഡിന്റെ ഒരു വശത്ത് പുഴയിലേക്ക് ഇറക്കി പത്തിലധികം കെട്ടിടങ്ങൾ നിർമിച്ചിട്ടുണ്ട്. ഇൗ പുഴയിൽ നിന്നാണ് സേനാപതി ഇല്ലിപ്പാലത്തിനു സമീപം സ്ഥാപിച്ച ജലസംഭരണിയിലേക്ക് വെള്ളം പമ്പ് ചെയ്ത് രാജകുമാരി, രാജാക്കാട് പഞ്ചായത്തുകളിൽ വിതരണം ചെയ്യുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com