പോരായ്മകൾ ബാക്കി; ഇടുക്കി മെഡിക്കൽ കോളജിന് അംഗീകാരം ലഭിച്ചില്ല
Mail This Article
ചെറുതോണി ∙ ഇടുക്കി മെഡിക്കൽ കോളജിന് ഇക്കുറിയും അംഗീകാരമില്ല. അംഗീകാരം നൽകണമെങ്കിൽ ചില കാര്യങ്ങളിൽ കൂടുതൽ വിശദാംശങ്ങൾ നൽകണമെന്നു ദേശീയ മെഡിക്കൽ കൗൺസിൽ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. അംഗീകാരം ലഭിച്ചാൽ മാത്രമേ അവിടെ എംബിബിഎസ് പ്രവേശനം നടത്താൻ സാധിക്കൂ. മെഡിക്കൽ കോളജിൽ കഴിഞ്ഞ മാസം ആദ്യം എത്തിയ കമ്മിഷൻ അധികൃതർ പരിശോധനയിൽ കണ്ടെത്തിയ പോരായ്മകൾ അക്കമിട്ടു നിരത്തിയുള്ള കത്താണ് ആരോഗ്യ വിദ്യാഭ്യാസ വകുപ്പിനു ലഭിച്ചത്.
അന്തിമ റിപ്പോർട്ടിനു മുൻപ് ഈ കുറവുകൾ നികത്താനുള്ള അവസരവും കമ്മിഷൻ ഇടുക്കി മെഡിക്കൽ കോളജ് അധികൃതർക്ക് നൽകിയിട്ടുണ്ട്. സാഹചര്യങ്ങൾ വിലയിരുത്തി ഇന്നു തന്നെ മറുപടി അയയ്ക്കുമെന്ന് മെഡിക്കൽ കോളജ് അധികൃതർ പറഞ്ഞു. അംഗീകാരത്തിനുള്ള മാനദണ്ഡങ്ങളിൽ വരുത്തിയ മാറ്റങ്ങളാണ് ആദ്യ ഘട്ട പരിശോധനയിൽ തിരിച്ചടിയായതെന്നു സൂചനയുണ്ട്. മുൻ വർഷങ്ങളിൽ 50 മെഡിക്കൽ വിദ്യാർഥികൾക്ക് പഠിക്കാൻ ഭൗതിക സാഹചര്യമുള്ള കോളജുകൾക്ക് അനുമതി നൽകിയിരുന്നെങ്കിൽ ഇപ്പോൾ ഇത് 100 കുട്ടികൾക്ക് എന്നാക്കി മാറ്റിയിട്ടുണ്ട്.
മെഡിക്കൽ കോളജുകളുടെ മേൽനോട്ട ചുമതല മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയിൽ നിന്നു ദേശീയ മെഡിക്കൽ കമ്മിഷൻ ഏറ്റെടുത്തതോടെയാണിത്. മുൻ വർഷങ്ങളിൽ അംഗീകാരത്തിനു തടസ്സമായി നിന്നിരുന്ന ഒട്ടേറെ ന്യൂനതകൾ ഒരു വർഷം കൊണ്ട് പരിഹരിച്ചിരുന്നു. പോരായ്മകൾ തിരുത്താൻ അവസരം ലഭിച്ചതോടെ ഇടുക്കി മെഡിക്കൽ കോളജിനു ഈ വർഷം തന്നെ അംഗീകാരം ലഭിക്കുമെന്ന ശുഭ പ്രതീക്ഷയിലാണ് അധികൃതർ.
ആശുപത്രി പൂർണ സജ്ജമാക്കണം
മെഡിക്കൽ കോളജിനായി നിർമിച്ച പുതിയ മന്ദിരത്തിൽ 80 രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യം ഒരുങ്ങിയെങ്കിലും പൂർണമായും പ്രവർത്തനസജ്ജമല്ല. നിലവിൽ ഉദ്ഘാടനം കഴിഞ്ഞ മന്ദിരത്തിൽ ഒപി വിഭാഗവും കോവിഡ് പരിശോധനാ വിഭാഗമാണ് പ്രവർത്തിക്കുന്നത്. അത്യാഹിത വിഭാഗത്തിൽ ഐസിയു, ഓപ്പറേഷൻ തിയറ്റർ, സർജറി തിയറ്റർ എന്നിവയെല്ലാം സജ്ജമാകേണ്ടതുണ്ട്. ഐസിയു ബ്ലോക്ക് നിർമാണവും മന്ദഗതിയിലാണ്. രണ്ടാമത്തെ ബ്ലോക്കിന്റെ ബ്ലോക്കിന്റെ നിർമാണം ആരംഭിച്ചെങ്കിലും വേഗം തീരെയില്ല. ഇതിനെല്ലാം ഏതാനും ആഴ്ച കൊണ്ട് പരിഹാരം കണ്ടെത്തിയാൽ ഈ വർഷം തന്നെ മെഡിക്കൽ കോളജിനു അംഗീകാരം ലഭിച്ചേക്കും.
തടസ്സമായി അനുബന്ധ നിർമാണങ്ങൾ
മുൻ വർഷങ്ങളിൽ പോരായ്മയായി വിദഗ്ധ സംഘം ചൂണ്ടിക്കാണിച്ച കുട്ടികളുടെ ഹോസ്റ്റൽ, ജീവനക്കാരുടെ ക്വാർട്ടേഴ്സ് എന്നിവയുടെ നിർമാണം ഇപ്പോഴും ഇഴഞ്ഞു നീങ്ങുന്നതും കമ്മിഷൻ അധികൃതർ ചൂണ്ടി കാണിച്ചിട്ടുണ്ട്. ലൈബ്രറിയിൽ കാലഹരണപ്പെട്ട ചില പുസ്തകങ്ങൾ മാത്രമാണ് ഉള്ളത്.
മാനദണ്ഡങ്ങളിൽ വന്ന മാറ്റത്തിന് അനുസൃതമായി 100 കുട്ടികൾക്ക് ഇരുന്നു പഠിക്കാനുള്ള ക്ലാസ് മുറികളും അടിയന്തരമായി ഒരുക്കേണ്ടതുണ്ട്. ഇതിനൊപ്പം രണ്ടാംവർഷ ക്ലാസിന് ആവശ്യമായ പതോളജി, മൈക്രോബയോളജി, ഫൊറൻസിക് മെഡിസിൻ, കമ്യൂണിറ്റി മെഡിസിൻ ലാബുകൾ അടിയന്തരമായി പ്രവർത്തന സജ്ജമാകണം.
ജീവനക്കാരുടെ കുറവ്
ഡോക്ടർമാർ അടക്കമുള്ള ജീവനക്കാരുടെ കുറവാണ് ആദ്യ ഘട്ട പരിശോധനയിൽ കണ്ടെത്തിയത്. 50 മെഡിക്കൽ സീറ്റുകൾക്ക് അംഗീകാരം തേടി മുൻപ് അപേക്ഷ നൽകിയപ്പോൾ നൂറിലേറെ ജീവനക്കാരെ നിയമിച്ചിരുന്നു. പലരും ഇപ്പോൾ ഇവിടെ ജോലി ചെയ്യുന്നില്ല. മെഡിക്കൽ കോളജിന്റെ ഭാഗമായി നാമമാത്രമായ സ്റ്റാഫ് നഴ്സുമാരെ മാത്രമാണ് ഇപ്പോഴും നിയമിച്ചിരിക്കുന്നത്.