ADVERTISEMENT

തൊടുപുഴ ∙ ജില്ലാ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ഡോക്ടറെ കാണണമെങ്കിൽ നല്ല നേരം നോക്കണം. അത്യാവശ്യ ചികിത്സയ്ക്കായി ഇവിടെ എത്തുന്നവർ മണിക്കൂറുകൾ കാത്തുനിന്നാലും ഡോക്ടറെ കണ്ടു മടങ്ങാൻ കഴിയാത്ത സ്ഥിതിയാണ്. ആശുപത്രിയിൽ വിവിധ വിഭാഗങ്ങളിലായി മുപ്പതിലേറെ ഡോക്ടർമാർ ഉണ്ടെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ ഒപിയിൽ അഞ്ചോ ആറോ   ഡോക്ടർമാർ  മാത്രമാണുണ്ടാകുക. ഇവരെ കാണാൻ പരിമിതമായ ചീട്ടുകളേ ലഭിക്കൂ. ചീട്ട് ലഭിക്കാത്തവരും അത്യാവശ്യ ചികിത്സയ്ക്കായി എത്തുന്നവരും അത്യാഹിത വിഭാഗത്തിൽ ഡോക്ടറെ കാണേണ്ട അവസ്ഥയാണ്. ഇതിനായി ചീട്ട് എടുത്തു കാത്തുനിന്ന് രോഗി കൂടുതൽ അത്യാസന്ന നിലയിൽ ആയാലും ഡോക്ടറെ കാണാൻ സാധിക്കാത്ത അത്ര തിരക്കാണ് ഇവിടെ. 

ഡോക്ടറില്ലാത്ത ആശുപത്രി

ജില്ലാ ആശുപത്രി അത്യാഹിത വിഭാഗത്തിൽ 2 ഡോക്ടർമ‍ാരെ എങ്കിലും നിയോഗിക്കണമെന്ന ആവശ്യത്തിന് മാസങ്ങളുടെ പഴക്കമുണ്ട്. ഒരു ഡോക്ടർ മാത്രമാണ് ഇവിടെ പതിവായി ഉണ്ടാകുക. കുറഞ്ഞത് നൂറ്റൻപതിലേറെ ആളുകളാണ് ഇവിടെ മാത്രം ചീട്ട് എടുത്ത് എത്തുന്നത്. ഇവരെ പരിശോധിച്ചു ചികിത്സ നൽകണമെങ്കിൽ പോലും മണിക്കൂറുകൾ വേണം. ഇതിനിടെ പൊലീസുകാർ പിടികൂടുന്ന പ്രതികളുടെ ആരോഗ്യ പരിശോധന, മുട്ടം ജയിലിൽ നിന്ന് എത്തിക്കുന്ന പ്രതികളുടെ പരിശോധന എന്നിവയെല്ലാം ഇതിനിടെ നടത്തണം. ഇതെല്ലാം കഴിയുമ്പോഴേക്കും സാധാരണ ചീട്ട് എടുത്ത് കാത്തുനിൽക്കുന്നവരുടെ അവസ്ഥ കഷ്ടത്തിലാകും. 

മണിക്കൂറുകൾ നിരയിൽ നിന്നു മടുത്ത് പ്രായമായവരും മറ്റും ചികിത്സ വേണ്ടെന്നു വച്ചു പോകുന്ന അവസ്ഥയാണ്. ഇന്നലെ മനോരോഗ വിദഗ്ധൻ ഒപിയിൽ ഉണ്ടെന്നു പറഞ്ഞ് ഇരുപത്തഞ്ചോളം ആളുകൾ ചീട്ട് എടുത്ത് 2 മണിക്കൂറിലേറെ കാത്തുനിന്ന ശേഷമാണ് ഡോക്ടർ വരില്ലെന്നു ജീവനക്കാർ പറയുന്നത്. ഇത് ഏറെ പ്രതിഷേധത്തിനും ബഹളത്തിനും ഇടയാക്കി. ഫാർമസിയിൽ നിന്നു മരുന്ന് വാങ്ങാൻ എത്തിയവർ തമ്മിലുള്ള വാക്കേറ്റവും ബഹളത്തിൽ കലാശിച്ചു. ചില ഡോക്ടർമാർ ആശുപത്രിയിൽ എത്തിയാലും ഒപിയിൽ ഇരിക്കാൻ തയാറാകുന്നില്ലെന്ന് ആശുപത്രി വികസന സമിതി യോഗത്തിൽ പല തവണ പരാതി ഉയർന്നതാണ്. എന്നാൽ ഒരു നടപടിയും ഉണ്ടാകുന്നില്ല.

ജില്ലാ ആശുപത്രിയിൽ എക്സ്റേ എടുത്ത ഫിലിം മാത്രമായി കൊടുത്തുവിട്ടപ്പോൾ.
ജില്ലാ ആശുപത്രിയിൽ എക്സ്റേ എടുത്ത ഫിലിം മാത്രമായി കൊടുത്തുവിട്ടപ്പോൾ.

ആർക്കും കാണാം എക്സ്റേ ഫിലിം 

ജില്ലാ ആശുപത്രിയിൽ എക്സ്റേ എടുത്താൽ ഇതിന്റെ ഫിലിം കൊടുക്കുന്നത് ഒരു കവർ പോലുമില്ലാതെ തുറന്ന നിലയിൽ. ഇവിടെ ബിപിഎൽ വിഭാഗക്കാർക്ക് 100 രൂപയും മറ്റുള്ളവർക്ക് 200 രൂപയുമാണ് ഈടാക്കുന്നത്. എന്നാൽ ഇവർക്ക് 5 രൂപയുടെ ഒരു കവർ പോലും കൊടുക്കാതെ ഫിലിം അതേപടി കൊടുത്തുവിടുന്നത് പ്രതിഷേധത്തിന് ഇടയാക്കുന്നു. ഇത് എക്സ്റേ ദൃശ്യങ്ങൾക്കു  കേടുപാട്  ഉണ്ടാക്കുമെന്നും പരാതിയുണ്ട്. അതേസമയം എക്സ്റേ കവർ ഇല്ലാതായിട്ട് 4 മാസമായി എന്നും അന്നു തന്നെ ഇതിനായി ബന്ധപ്പെട്ട അധികാരികളെ അറിയിച്ചതാണെങ്കിലും ഇതുവരെ കവർ ലഭിച്ചില്ലെന്നും ജീവനക്കാർ പറയുന്നു.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com