ADVERTISEMENT

അടിമാലി∙ വെള്ളത്തൂവൽ വള്ളക്കടവ് ജംക്‌ഷന് സമീപം നിർമാണ ജോലികളിലെ അപാകതയെ തുടർന്ന് വെള്ളക്കെട്ട് രൂക്ഷം.  കാലവർഷത്തിൽ വെള്ളം കെട്ടിനിൽക്കുന്ന ഇവിടം ഉയർത്തി ടൈൽ വിരിച്ചതോടെയാണു വെള്ളക്കെട്ട് രൂക്ഷമായത്.  കൊച്ചി - ധനുഷ് കോടി ദേശീയ പാതയിൽ അടിമാലി - പൂപ്പാറ റോഡിനു സമാന്തര പാതയാണിത്. ഒരു വർഷം മുൻപാണ് പൊതുമരാമത്ത് ഫണ്ട് ഉപയോഗിച്ച് ഇവിടെ ടൈൽ വിരിച്ചത്. ഈ സമയം റോഡ് ഉയർത്തണമെന്ന ആവശ്യവുമായി നാട്ടുകാരും ജനപ്രതിനിധികളും  രംഗത്ത് വന്നെങ്കിലും  നടപടി ഉണ്ടായില്ല.

കാലവർഷം ആരംഭിച്ചതോടെ റോഡിലൂടെ ഒഴുകി വരുന്ന വെള്ളം ടൈൽ വിരിച്ച ഭാഗത്ത് കെട്ടിക്കിടക്കുകയാണ്. വെയിൽ തെളിയുന്നതോടെ വെള്ളം വാർന്ന് പോയ ശേഷം അവശേഷിക്കുന്ന മണലിലും ചരലിലും കയറി ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നതു നിത്യസംഭവമായി മാറുകയാണ്. ഇതിന് പരിഹാരം കാണണമെന്ന  ആവശ്യം ശക്തമാണെങ്കിലും അധികൃതർ നടപടി സ്വീകരിച്ചിട്ടില്ല. ഇതോടെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ബി. ജോൺസൺ മുൻകൈയെടുത്ത് റോഡിന് അരികിലൂടെയുള്ള ഓട തൊഴിലുറപ്പു തൊഴിലാളികളെ ഉപയോഗിച്ചു നന്നാക്കിയെങ്കിലും വെള്ളക്കെട്ട് തുടരുകയാണ്.

കാന്തല്ലൂർ‌ ഫാം റോഡുകളുടെ നിർമാണ പ്രഖ്യാപനം വൈകുമെന്നു സൂചന

മറയൂർ∙ കാന്തല്ലൂരിൽ ഫാം റോഡുകളുടെ നിർമാണ പ്രഖ്യാപനം വൈകുമെന്നാണു സൂചന.  കൃഷിക്കുള്ള ഉപകരണങ്ങളും വിളയിച്ചെടുക്കുന്ന  നെല്ല് ഉൾപ്പെടെയുള്ള വിളകൾ വാഹനങ്ങളിൽ എത്തിക്കുന്നതിനുള്ള ഗതാഗത സൗകര്യമില്ലാത്തത് കാരണം കൃഷി ഉപേക്ഷിക്കുന്ന ഒട്ടേറെ കർഷകരാണ് കാന്തല്ലൂരിലുള്ളത്. പയസ് നഗർ, ചുരക്കുളം, കരിമ്പാറ, കാരയൂർ മാശിയിലെ കോട്ടക്കുളം, കൂതറ, നടുമാശി എന്നിവടങ്ങളിലെ കർഷകരാണ് ഗതാഗത സൗകര്യമില്ലാതെ കൃഷി ഉപേക്ഷിച്ചിരിക്കുന്നത്. ട്രാക്ടർ, ടില്ലർ പോലുള്ള ഉപകരണങ്ങൾ എത്തിക്കാൻ സൗകര്യങ്ങൾ ഇല്ലാത്തത് കാരണം ഇപ്പോഴും കന്നുകാലികളെ ഉപയോഗിച്ചാണ് നിലം ഒരുക്കുന്നതെന്നു കാന്തല്ലൂർ ഗ്രാമത്തിലെ പരമ്പരാഗത കർഷകനുമായ ശിവലിംഗം പറയുന്നു.

കാന്തല്ലൂരിൽ ചെറുതും വലുതുമായ പത്ത് റോഡുകളാണ് കർഷകർ ആവശ്യപ്പെടുന്നത് ഇതിനായി ഭൂമി വിട്ടുനൽകാൻ കർഷകർ സന്നദ്ധരുമാണ്. സർക്കാരിന്റെയും കൃഷി വകുപ്പിന്റെയും നിർദേശം അനുസരിച്ച് 2013 ഫെബ്രുവരിയിൽ ഫാം റോഡുകളുടെ എസ്റ്റിമേറ്റ് തയാറാക്കി സമർപ്പിച്ചിരുന്നു.  2017ൽ എട്ട് റോഡുകൾക്കായി 11 കോടി രൂപയുടെ പദ്ധതി തയാറാക്കി സർക്കാരിലേക്ക് നൽകിയെങ്കിലും പരിഗണിക്കപ്പെട്ടില്ല. വീണ്ടും പഞ്ചായത്ത് ഭരണസമിതിയും മുൻ എംഎൽഎ എസ്.രാജേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ 2018ൽ തിരുവനന്തപുരത്തെത്തി നിവേദനം നൽകി. സർക്കാർ അംഗീകാരമുള്ള ഏജൻസി വഴി വീണ്ടും എസ്റ്റിമേറ്റ് തയാറാക്കി ഫിനാൻസ് കമ്മിറ്റിയുടെ പരിഗണനയിലാണെന്ന് ലഭിക്കുന്ന വിവരം. രണ്ട് വർഷം മുൻപ് കാന്തല്ലൂരിൽ എത്തിയ കൃഷിവകുപ്പ് മന്ത്രി ഫാം റോഡുകൾ പ്രഖ്യാപിച്ചിരുന്നു.

നിലവിൽ രണ്ടാം പിണറായി സർക്കാർ ചുമതലയേറ്റതിന് ശേഷം പഞ്ചായത്തിന്റെയും കർഷക സംഘടനകളും നൽകിയ നിവേദനങ്ങളെ തുടർന്നു കാന്തല്ലൂർ പഞ്ചായത്തുകളിലെ ഫാം റോഡുകൾ വാപ്കോസ് മുഖേന ടെൻഡർ നൽകിയെങ്കിലും ആദ്യഘട്ടത്തിൽ എ ക്ലാസ് കരാറുകാർക്ക് മാത്രമേ സാധിക്കുമായിരുന്നുള്ളു. മാർച്ച് മാസത്തിൽ റീ ടെൻഡർ സമർപ്പിച്ചെങ്കിലും ഇതേ വരെ ഓപ്പൺ ചെയ്തിട്ടില്ല. ടെൻഡർ സമർപ്പിച്ചവർ വാപ്കോസുമായി ബന്ധപ്പെട്ടെങ്കിലും ടെൻഡർ ഓപ്പൺ ചെയ്യുന്നത് മുംബൈയിൽ ആണെന്ന മറുപടിയാണ് നൽകിയത്. അതോടെ കാന്തല്ലൂരിലെ കർഷകരുടെ ഫാം റോഡ് എന്ന പ്രതീക്ഷ വെറും സ്വപ്നമായി മാറി. കർഷകരിൽ നിന്ന് ഏറ്റെടുത്ത സ്ഥലത്ത് കൂടി പിക്കപ് ലോറിയോ ജീപ്പോ കടന്നുപോകുന്ന രീതിയിലുള്ള നിർമാണ പ്രവർത്തനം മാത്രം മതിയെന്നും ടാറിങ് പോലും ആവശ്യമില്ലെന്നും  കർഷകർ പറയുന്നു. ഉദ്യോഗസ്ഥരുടെ അലംഭാവം കാരണം 300 ഹെക്ടറിലധികം സ്ഥലത്തെ കൃഷിയാണ് ഇല്ലാതായി തരിശു ഭൂമിയായി മാറികൊണ്ടിരിക്കുന്നത്.

തോപ്രാംകുടി ലത്തീൻ പള്ളിപ്പടി - വാത്തിക്കുടി റോഡ് തകർച്ചയിൽ 

ചെറുതോണി ∙ മഹാപ്രളയ കാലത്ത് തകർന്ന വാത്തിക്കുടി പഞ്ചായത്തിലെ തോപ്രാംകുടി ലത്തീൻ പള്ളിപ്പടി - വാത്തിക്കുടി റോഡിന് ശാപമോക്ഷമില്ല. 2018ലെ തോരാമഴയത്തു മണ്ണിടിച്ചിലിൽ ആണ് അമ്പഴം പടി ഭാഗത്ത് റോഡ് രണ്ടായി മുറിഞ്ഞ് ഗതാഗതം സ്തംഭിച്ചത്. പ്രളയാനന്തരം ത്രിതല പഞ്ചായത്തുകളും സർക്കാരും റോഡ് പുനർനിർമിക്കുമെന്ന് വാഗ്ദാനം നൽകിയിരുന്നെങ്കിലും പിന്നീട് ഒന്നും സംഭവിച്ചില്ല. ഇതോടെ നാട്ടുകാർ റോഡ് നവീകരണത്തിനു ശ്രമദാനമായി രംഗത്തിറങ്ങിയെങ്കിലും വഴിയോരത്തുള്ള വസ്തു ഉടമയുടെ എതിർപ്പിനെ തുടർന്ന് പദ്ധതി നടപ്പായില്ല.

ഇപ്പോൾ കഷ്ടിച്ച് ഒരു ഓട്ടോ മാത്രം കടക്കാവുന്ന വീതി മാത്രമാണ് റോഡിന് ഉള്ളത്. വഴിയറിയാതെ അപ്രതീക്ഷിതമായി വരുന്ന വാഹനങ്ങൾ ഇവിടെ അപകടത്തിൽ പെടുന്നതും പതിവാണ്. ഇതിനിടയിൽ വാത്തിക്കുടി പഞ്ചായത്ത് അനുവദിച്ച പത്തു ലക്ഷം രൂപയും മന്ത്രി റോഷി അഗസ്റ്റിൻ ഇടപെട്ട് അനുവദിച്ച 15 ലക്ഷവും ഉപയോഗിച്ച് റോഡിന്റെ പുനർ നിർമാണം ആരംഭിച്ചെങ്കിലും തുക തികയാത്തതിനാൽ പണി പാതി വഴിയിൽ എത്തി നിലച്ചു. ഇതോടെ ഒട്ടേറെ കുടുംബങ്ങൾ അധിവസിക്കുന്ന മേഖലയിൽ നിന്നു രോഗികളെ ആശുപത്രിയിൽ എത്തിക്കുന്നതിനും കാർഷികോൽപന്നങ്ങൾ മാർക്കറ്റിൽ എത്തിക്കുന്നതിനും നാട്ടുകാർ നന്നേ കഷ്ടപ്പെടുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com