അൽപം ഓക്സിജൻ കൊടുക്കൂ, ഈ ഓക്സിജൻ പ്ലാന്റിന്...
Mail This Article
തൊടുപുഴ ∙ ജില്ലാ ആശുപത്രിയിൽ ഓക്സിജൻ പ്ലാന്റ് സ്ഥാപിച്ചിട്ട് 8 മാസം കഴിഞ്ഞിട്ടും പ്രവർത്തനം തുടങ്ങിയില്ല. പിഎം കെയർ പദ്ധതി പ്രകാരം എത്തിച്ച മെഷീൻ കഴിഞ്ഞ വർഷം നവംബർ 4ന് ഉദ്ഘാടനം ചെയ്തതാണ്. ഓക്സിജൻ പ്ലാന്റ് പ്രവർത്തിപ്പിക്കാനുള്ള ആളെയും നിയമിച്ചിട്ടുണ്ട്. എന്നാൽ ഇതുവരെ പ്ലാന്റിൽ നിന്ന് ഓക്സിജൻ മാത്രം ഉൽപാദിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. ഇനി ഡൽഹിയിൽ നിന്ന് എൻജിനീയർമാർ എത്തി പുതിയ ഒരു മെഷീനും കൂടി സ്ഥാപിച്ചാൽ മാത്രമേ പ്ലാന്റ് പ്രവർത്തന ക്ഷമമാകൂ എന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്.
ഇപ്പോൾ തന്നെ 89 ലക്ഷത്തോളം രൂപ മുടക്കിയിട്ടുണ്ട്. പ്ലാന്റ് പ്രവർത്തന ക്ഷമമാക്കിയാൽ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടുന്ന 70 രോഗികൾക്ക് അവർ കിടക്കുന്ന ബെഡിൽ നേരിട്ട് പ്ലാന്റിൽ നിന്ന് പൈപ്പ് വഴി ഓക്സിജൻ എത്തിക്കാൻ സാധിക്കും. എന്നാൽ പൈപ്പുകൾ സ്ഥാപിച്ചെങ്കിലും മാസങ്ങൾ കഴിഞ്ഞിട്ടും ഇതിനുള്ള നടപടികൾ ആയിട്ടില്ല. പ്ലാന്റിൽ നിന്ന് മറ്റ് ആശുപത്രികളിലേക്ക് ഉൾപ്പെടെ സിലിണ്ടറിൽ ഓക്സിജൻ നിറച്ച് കൊടുക്കാനും സാധിക്കുമെങ്കിലും ഇതിനുള്ള കംപ്രസർ സ്ഥാപിച്ചിട്ടില്ല.
ഇത്തരത്തിൽ സിലിണ്ടറിൽ ഓക്സിജൻ നിറച്ച് കൊടുത്താൽ വർഷം ലക്ഷങ്ങളുടെ വരുമാനം ഇതുവഴി ലഭിക്കുമെന്നാണ് പറയുന്നത്. പ്ലാന്റ് പ്രവർത്തിപ്പിക്കാൻ എൻജിനീയർമാർ എത്തിയിരുന്നെങ്കിലും പിന്നീട് എത്തി സാങ്കേതിക പ്രശ്നം പരിഹരിച്ച് പ്രവർത്തന ക്ഷമമാക്കാം എന്ന് പറഞ്ഞ് പോയതല്ലാതെ മാസങ്ങൾ കഴിഞ്ഞിട്ടും ഇവിടേക്കു വന്നിട്ടില്ല. എന്നാൽ പ്ലാന്റ് പ്രവർത്തന ക്ഷമമാക്കാൻ വേണ്ട നടപടികൾ ആരുടെയും ഭാഗത്തു നിന്ന് ഉണ്ടാകുന്നില്ല.
കോവിഡ് രൂക്ഷമായിരുന്ന അവസരത്തിലാണ് ഓരോ ജില്ലയിലും പ്രധാന ആശുപത്രികളിൽ കേന്ദ്ര സർക്കാരിന്റെ പിഎം കെയർ പദ്ധതി പ്രകാരം ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കാൻ നടപടി സ്വീകരിച്ചത്. കോവിഡ് രൂക്ഷമായിരുന്ന സമയത്ത് ഓക്സിജൻ ലഭിക്കാതെ ഒട്ടേറെ പേർ ദുരിതമനുഭവിച്ചു. തുടർന്നാണു പ്ലാന്റ് സ്ഥാപിച്ചത്. എന്നാൽ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് പദ്ധതി യാഥാർഥ്യമാക്കാൻ നടപടികൾ ഉണ്ടാകുന്നില്ല.