മെഡിക്കൽ കോളജിൽ കിടത്തിച്ചികിത്സ: പ്രഖ്യാപനം വീണ്ടും; ചികിത്സ തുടങ്ങുമോയെന്ന് കണ്ടറിയാം
Mail This Article
ചെറുതോണി ∙ ഇടുക്കി മെഡിക്കൽ കോളജിന്റെ പുതിയ ബ്ലോക്കിൽ ഒന്നാം തീയതി മുതൽ കിടത്തിച്ചികിത്സ ആരംഭിക്കുമെന്ന പ്രഖ്യാപനവുമായി വീണ്ടും അധികൃതർ. ആശുപത്രി വികസന സമിതി യോഗത്തിലാണു മന്ത്രി റോഷി അഗസ്റ്റിൻ ഇക്കാര്യം അറിയിച്ചത്. മുൻപ് ഇതേ കിടത്തിച്ചികിത്സയുടെ ‘ഉദ്ഘാടനം’ നാലു തവണ നടത്തിയിട്ടുണ്ടെങ്കിലും ചികിത്സ മാത്രം ഇതുവരെ യാഥാർഥ്യമായിട്ടില്ല.6 മാസത്തിനകം 100 ഡോക്ടർമാരെ നിയമിച്ചു മെഡിക്കൽ കോളജിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുമെന്നും മന്ത്രി പറഞ്ഞു. വർക്‌ഷോപ്പിൽ കയറ്റിയ രണ്ടു ആംബുലൻസുകൾ ഉടൻ നന്നാക്കും.
താഴെയും മുകളിലുമുള്ള ആശുപത്രി ബ്ലോക്കുകൾ തമ്മിൽ ബന്ധിപ്പിക്കുന്നതിനു മേൽപാലം പണിയുന്നതിന് സർക്കാരിനോടു ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു. പുതിയതായി നിർമിച്ച കന്റീൻ പ്രവർത്തനം ഒരു മാസത്തിനകം ആരംഭിക്കുമെന്നും പഴയ കന്റീനിന്റെ പ്രവർത്തനം തുടരാനുള്ള നടപടികൾ സ്വീകരിക്കുമെന്നും സൂപ്രണ്ട് യോഗത്തിൽ അറിയിച്ചു. ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ സെന്ററും കുട്ടികൾക്കായുള്ള ക്ലബ് ഫുട് ( കുട്ടികളുടെ കാലിനു വരുന്ന വിവിധ പ്രശ്നങ്ങൾ) ക്ലിനിക്കും തുടങ്ങി. എല്ലാ ചൊവ്വാഴ്ചകളിലുമാണ് ഫുട് ക്ലിനിക്.രോഗികൾക്കു കൃത്യമായി സേവനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്നും സൗജന്യമായി നൽകുന്ന ഇൻസുലിൻ പോലുള്ള മരുന്നുകൾ ലഭിക്കുന്നതിനുള്ള താമസം പരിഹരിക്കണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു.
മെഡിക്കൽ കോളജിൽ പഠനത്തിനുള്ള സൗകര്യം ഉടൻ പൂർത്തിയാക്കണമെന്നും ആവശ്യപ്പെട്ടു. നെഫ്രോളജി, ഓങ്കോളജി, കാർഡിയോളജി, ന്യൂറോളജി എന്നീ വിഭാഗങ്ങൾ തുടങ്ങുന്നതിനുള്ള അപേക്ഷ നൽകിയതായി ആശുപത്രി അധികൃതർ അറിയിച്ചു.കലക്ടർ ഷീബ ജോർജ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കെ.ജി.സത്യൻ, ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി.വി.വർഗീസ്, കോളജ് പ്രിൻസിപ്പൽ ഡോ. ഡി.മീന, സൂപ്രണ്ട് ഡോ. സുരേഷ് വർഗീസ് എന്നിവരും വിവിധ പാർട്ടി പ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു.