വന്യമൃഗങ്ങളെ ക്യാമറ തിരിച്ചറിഞ്ഞാൽ ഡിസ്പ്ലേ ബോർഡിലേക്കു സന്ദേശം; മൊബൈൽ ഫോണിലേക്കു നൽകുന്നത് ആലോചനയിൽ
Mail This Article
രാജകുമാരി∙ ചിന്നക്കനാൽ മേഖലയിലെ കാട്ടാനയാക്രമണം തടയുന്നതിനായി ചിന്നക്കനാൽ മുതൽ സിങ്കുകണ്ടം വരെയുള്ള ഭാഗങ്ങളിൽ 5 ക്യാമറകൾ സ്ഥാപിക്കാൻ വനം വകുപ്പ്. ക്യാമറകൾ വന്യമൃഗങ്ങളെ തിരിച്ചറിഞ്ഞാൽ ചിന്നക്കനാൽ–സിങ്കുകണ്ടം റോഡിന്റെ ഇരുഭാഗങ്ങളിലുമായി സ്ഥാപിക്കുന്ന ഡിസ്പ്ലേ ബോർഡിലേക്കു സന്ദേശമെത്തും. നാട്ടുകാരുടെ മൊബൈൽ ഫോണിലേക്കും സന്ദേശം എത്തിക്കുന്നതിനെ കുറിച്ചു വനം വകുപ്പ് ആലോചിക്കുന്നുണ്ട്. രാത്രിയിലും വ്യക്തമായ ചിത്രങ്ങൾ ലഭിക്കുന്ന മോഷൻ സെൻസിങ് ക്യാമറകളാണിവ. 20 ലക്ഷം രൂപയാണു ചെലവ്.
പദ്ധതികൾ ഏറെ; പരിഹരിക്കപ്പെടാതെ വന്യജീവി ശല്യം
ജില്ലയിൽ 10 വർഷത്തിനിടെ വന്യജീവി ശല്യം തടയുന്നതിനുള്ള പദ്ധതികൾ നടപ്പാക്കാനായി 9 കോടിയോളം രൂപയാണു ചെലവഴിച്ചത്. ഇക്കാലയളവിൽ 63 പേർ വന്യജീവിയാക്രമണത്തിൽ കൊല്ലപ്പെടുകയും 536 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. 5 കോടി രൂപയുടെ കൃഷി നാശമുണ്ടായി. സോളർ പവർ ഫെൻസിങ്, ട്രഞ്ച്, ക്രാഷ് ഗാർഡ് റോപ് ഫെൻസിങ്, എസ്എംഎസ് അലർട്ട്,
ദ്രുത പ്രതികരണ സേനയുടെ സേവനം എന്നിവയുൾപ്പെടെയുള്ള പദ്ധതികളാണു നടപ്പാക്കിയത്. ഓരോ പ്രദേശത്തും അനുയോജ്യമായ പദ്ധതികൾ ഏതാണെന്നു പഠനം നടത്താതെയാണു മിക്കതും നടപ്പാക്കിയതെന്നു കർഷക സംഘടനകൾ ആരോപിക്കുന്നു. വനാതിർത്തികളിൽ സ്ഥാപിച്ച ഫെൻസിങ്ങുകൾ കാട്ടാനകൾ തകർത്തതു പുനഃസ്ഥാപിക്കാത്തതും പ്രതിസന്ധിയാണ്.