വട്ടവടയിൽ വ്യാപക നാശം, വീടുകൾ മണ്ണിടിച്ചിൽ ഭീഷണിയിൽ; ലയങ്ങളിൽ കഴിയുന്നവരെ മാറ്റിപ്പാർപ്പിക്കും– ചിത്രങ്ങൾ
Mail This Article
മൂന്നാർ∙ തുടർച്ചയായ മഴയിൽ വട്ടവടയിൽ കൃഷിനാശവും ഗതാഗത തടസ്സവും. 9,10 വാർഡുകൾ ഉൾപ്പെടുന്ന ഭാഗത്താണ് കൂടുതൽ നാശം. ചെറുകിട പച്ചക്കറി കർഷകനായ അയ്യപ്പന്റെ വീട് മണ്ണിടിച്ചിലിനെത്തുടർന്ന് അപകടാവസ്ഥയിലായി. ഈ കുടുംബത്തെ ദുരിതാശ്വാസ ക്യാംപിലേക്കു മാറ്റി. ഇതിനു സമീപം സ്വാമിനാഥന്റെ 50 സെന്റ് കൃഷിയിടം പൂർണമായി നശിച്ചു. കുന്നിൻചെരിവിൽ സ്ഥിതിചെയ്യുന്ന ഈ കൃഷിയിടം ഇടിഞ്ഞു താഴ്ന്ന് നിരങ്ങി മാറി.
മണ്ണിടിച്ചിലിനെത്തുടർന്ന് ഈ ഭാഗത്ത് മുപ്പതോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ട സ്ഥിതിയാണ്. സെൽവം, ഗോപാലൻ എന്നിവരുടെ വീടുകളും അപകട ഭീഷണിയിലാണ്. പഞ്ചായത്തിന്റെ പല ഭാഗത്തും കൃഷിയിടങ്ങളിലേക്ക് മലവെള്ളം കുത്തിയൊഴുകി കൃഷിനാശമുണ്ടായി. വിളവെടുക്കാൻ പാകമായ കൃഷികളാണ് നശിച്ചത്. കോവിലൂർ– പഴത്തോട്ടം റൂട്ടിൽ നാലിടത്ത് റോഡിലേക്ക് മണ്ണിടിഞ്ഞ് ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. കോവിലൂരിൽ നിന്ന് എട്ട് കിലോമീറ്റർ ദൂരെ സ്ഥിതി ചെയ്യുന്ന പഴത്തോട്ടം ഗ്രാമം ഒറ്റപ്പെട്ട നിലയിലാണ്.
കാന്തല്ലൂർ-പെരുമല റോഡിൽ മണ്ണിടിച്ചിൽ
മഴ തുടരുന്ന സാഹചര്യത്തിൽ മണ്ണിടിച്ചിൽ വ്യാപകമാകുന്നു. ഇന്നലെ പെയ്ത കനത്ത മഴയിൽ അതിരാവിലെ കാന്തല്ലൂർ പെരുമല റോഡിൽ 30 അടി ഉയരമുള്ള തിട്ടയിടിഞ്ഞ് റോഡിൽ പതിച്ചു. പിന്നീട് പെയ്ത് മഴയിൽ ഭാഗികമായി മണ്ണ് ഒലിച്ചുപോയതിനാൽ ഗതാഗതം തടസ്സപ്പെട്ടില്ല. ഉച്ചയോടെ അധികൃതരുടെ േനതൃത്വത്തിൽ മണ്ണ് നീക്കി.
പീരുമേട്ടിൽ ജാഗ്രത, ലയങ്ങളിൽ കഴിയുന്നവരെ മാറ്റിപ്പാർപ്പിക്കും
പീരുമേട്∙ തകർച്ച നേരിടുന്ന എസ്റ്റേറ്റ് ലയങ്ങളിൽ കഴിയുന്നവരെ മാറ്റിപ്പാർപ്പിക്കാൻ ദുരന്ത നിവാരണ യോഗം നിർദേശിച്ചു. ഇതു സംബന്ധിച്ചു പഞ്ചായത്തുകൾ മുൻ കരുതലുകൾ സ്വീകരിക്കണമെന്നും തീരുമാനം. അപകട ഭീഷണി ഉയർത്തുന്ന മരങ്ങൾ ഉടൻ വെട്ടിനീക്കും. കുട്ടിക്കാനം ഐഎച്ച്ആർഡി കോളജിനു സമീപം മണ്ണിടിച്ചിൽ ഉണ്ടായതു സംബന്ധിച്ചു അന്വേഷണം നടത്തും. മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങൾ, മാറ്റിപ്പാർപ്പിക്കേണ്ടവരുടെ പട്ടിക എന്നിവ തയാറാക്കിയിട്ടുണ്ടെന്ന് റവന്യു വകുപ്പ് അധികൃതർ അറിയിച്ചു.
ദുരിതാശ്വാസ ക്യാംപുകൾ തുറക്കാൻ ആവശ്യമായ കെട്ടിടങ്ങൾ, ആംബുലൻസുകൾ, മണ്ണുമാന്തിയന്ത്രം ഉൾപ്പെടെയുള്ള വാഹനങ്ങൾ എന്നിവയുടെ ക്രമീകരണം യോഗം വിലയിരുത്തി. വാഴൂർ സോമൻ എംഎൽഎ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാർ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.