ഹോർട്ടികോർപ്പിന്റെ ഓണച്ചന്ത: മറയൂർ ശർക്കരയും പച്ചക്കറികളും സംഭരിക്കും
Mail This Article
മറയൂർ ∙ ശീതകാല പച്ചക്കറികളും മറയൂർ ശർക്കരയും സംഭരിക്കാൻ ഒരുങ്ങി ഹോർട്ടികോർപ്. 30 മുതൽ 6 വരെയാണ് സംഭരണം നടത്തുന്നത്. വട്ടവടയിൽ നിന്ന് 300 ടൺ പച്ചക്കറികൾ സംഭരിക്കാനാണ് കഴിഞ്ഞദിവസം കർഷകരുമായി ചേർന്ന യോഗത്തിൽ തീരുമാനമായത്. കാന്തല്ലൂരിലും വട്ടവടയിലും ഓണ വിപണി ലക്ഷ്യമിട്ട് 800 ടൺ പച്ചക്കറി വിപണിയിൽ എത്തിക്കാനുള്ള ശ്രമത്തിൽ വിത്തിറക്കി മുളപ്പിച്ച് പരിപാലിച്ചെങ്കിലും കഴിഞ്ഞ മാസം ഇടവിടാതെ പെയ്ത മഴയിൽ പകുതിയിൽ കൂടുതൽ ഉരുളക്കിഴങ്ങ്, കാരറ്റ്, കാബേജ്, വെളുത്തുള്ളി ഉൾപ്പെടെയുള്ള കൃഷി വിളകൾക്ക് നാശനഷ്ടം സംഭവിച്ചു. അതിനാൽ 300 ടൺ പച്ചക്കറി മാത്രമേ പ്രദേശത്തു നിന്ന് ഓണവിപണിക്കു ലഭിക്കുകയുള്ളൂ.
ഹോർട്ടികോർപ് സ്റ്റാളിൽ മറയൂർ ശർക്കരയും വിപണനം നടത്തും. കൃഷി ഓഫിസിൽ റജിസ്റ്റർ ചെയ്ത കർഷകരിൽ നിന്നു മാത്രമാണ് ശർക്കര സംഭരിക്കാൻ തീരുമാനിച്ചിരിക്കുന്നത്. പച്ചക്കറി കർഷകരിൽ നിന്നും പച്ചക്കറി സംഭരിക്കാൻ കർഷകർ കൃഷി ഓഫിസിൽ റജിസ്റ്റർ ചെയ്യണം. റജിസ്റ്റർ ചെയ്ത കർഷകരിൽ നിന്നു മാത്രമേ വിളകൾ സംഭരിക്കുകയുള്ളൂ എന്ന് ഹോർട്ടികോർപ് ജില്ലാ മാനേജർ വി.ആർ.പമില പറഞ്ഞു.
പച്ച വെളുത്തുള്ളി സംഭരിക്കില്ല
കാന്തല്ലൂർ, വട്ടവട മേഖലയിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്തിരിക്കുന്നത് വെളുത്തുള്ളിയാണ്. നിലവിൽ വെളുത്തുള്ളി വിളവെടുത്ത് വിൽപന തുടങ്ങി തമിഴ്നാട് വടുകപെട്ടി ചന്തയിലാണ് വിപണനം നടത്തിവരുന്നത്. എന്നാൽ ഓണച്ചന്തയ്ക്ക് പച്ച വെളുത്തുള്ളി എടുക്കാൻ കഴിയില്ല എന്നും ഉണക്ക വെളുത്തുള്ളി ആണെങ്കിൽ സംഭരിക്കുമെന്നും ഹോർട്ടി കോർപ് അധികൃതർ പറഞ്ഞു. കഴിഞ്ഞ വർഷങ്ങളിൽ സംഭരിച്ച പച്ച വെളുത്തുള്ളി നശിച്ച് നഷ്ടം സംഭവിച്ചതാണ് ഈ തീരുമാനത്തിനു പിന്നിൽ. വെളുത്തുള്ളിക്ക് പ്രദേശത്ത് നിലവിൽ വിലയില്ലാത്ത അവസ്ഥയാണ്. 300 രൂപ കിലോയ്ക്ക് ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ 50 മുതൽ 80 വരെ മാത്രമാണ് ലഭിക്കുന്നത്. കർഷകർക്ക് മുടക്കു മുതൽ പോലും ലഭിക്കുന്നില്ല.