ADVERTISEMENT

തൊടുപുഴ∙ ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജി വാർഡിൽ ഗർഭിണികളും ശസ്ത്രക്രിയ കഴിഞ്ഞ് കിടക്കുന്നവരും ശുചിമുറിയിൽ കയറണമെങ്കിൽ പുറമേനിന്ന് വെള്ളം കൊണ്ടുവരണം. 2 സെക്‌ഷനുകളിലായി 37 സ്ത്രീകൾക്ക് കിടക്കാൻ സൗകര്യമുള്ള വാർഡിൽ ഇപ്പോൾ പൈപ്പ് വെള്ളമുള്ള ശുചിമുറി ഒന്നു മാത്രം. ബാക്കിയുള്ള 5 ശുചിമുറികളിൽ പൈപ്പിൽ വെള്ളം ലഭിക്കുന്നില്ല. നേരത്തേ സ്ഥാപിച്ചിരുന്ന പൈപ്പുകളും ടാപ്പുകളും തകർന്ന നിലയിലാണ്. വാഷ് ബേസിനിൽ പോലും വെള്ളം കിട്ടുന്നില്ല. ഇതെല്ലാം അടച്ചു വച്ചിരിക്കുകയാണ്.

ഇവിടെയുള്ള ക്ലോസറ്റുകളിൽ ഫ്ലഷ് ടാങ്കുകൾ ഒന്നും തന്നെയില്ല. പുറത്തു നിന്നോ അല്ലെങ്കിൽ ഒരു ശുചിമുറിയിൽ കിട്ടുന്ന പൈപ്പിൽ നിന്നോ ബക്കറ്റിൽ വെള്ളം ശേഖരിച്ച് വേണം ഇവർക്ക് പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ. ബക്കറ്റിൽനിന്നു വെള്ളം പൊക്കി എടുത്ത് ഒഴിക്കാൻ ശസ്ത്രക്രിയ കഴിഞ്ഞ് കിടക്കുന്ന സ്ത്രീകൾക്ക് കഴിയില്ല. ഇവരെ സഹായിക്കാൻ കൂട്ടിരിപ്പുകാർ എത്തണം. മാത്രമല്ല, പുറമേനിന്ന് വെള്ളം കൊണ്ടു വന്ന് ഒഴിക്കുന്നതിനാൽ ശുചിമുറിയുടെ അവസ്ഥ വളരെ പരിതാപകരമാണ്.

അതിനാൽ തന്നെ ശുചിത്വക്കുറവ് കാരണം ഇവിടെ നിന്നുള്ള ദുർഗന്ധം വാർഡിലേക്ക് പരക്കുന്നതിനാൽ ഇവിടെ കഴിയുന്ന സ്ത്രീകൾക്ക് ഭക്ഷണം കഴിക്കാൻ പോലും സാധിക്കാത്ത അവസ്ഥയാണ്. വാർഡിലെ താമസം ദുരിതപൂർണമായിട്ടു മാസങ്ങൾ പലതു കഴിഞ്ഞെങ്കിലും ഇതിനു പരിഹാരം ഉണ്ടാക്കാൻ യാതൊന്നും ചെയ്യുന്നില്ല. ഇവിടത്തെ ദുരിതം സംബന്ധിച്ച് അധികൃതരോട് പരാതികൾ പലരും പറഞ്ഞെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല. ശുചിത്വം വേണ്ട ശുചിമുറികൾ ശരിയായി കഴുകി വൃത്തിയാക്കാനും ആരുമില്ലാത്ത അവസ്ഥയാണ്.

ഇവിടെ ചികിത്സ തേടി എത്തുന്നവർ ഒരാഴ്ച കഴിയുമ്പോൾ പോകുന്നതിനാൽ പുതിയ ആളുകൾ മാറി മാറി ആശുപത്രിയിൽ പ്രവേശിക്കുന്ന തോടെ പരാതിക്കാരും പിന്നീട് ഉണ്ടാകില്ല. ഇതാണ് ഗൈനക്കോളജി വാർഡിന്റെ ദുരിതത്തിനു കാരണം. നവജാത ശിശുക്കളും സിസേറിയൻ കഴിഞ്ഞ അമ്മമാരും ഉൾപ്പെടെ കിടക്കുന്ന വാർഡ് യഥാസമയം ശുചീകരിക്കാനും ഇവിടത്തെ ദുർഗന്ധം ഒഴിവാക്കാനും അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് ആവശ്യം.

അതേ സമയം ഗൈനക്കോളജി വാർഡിലെ അറ്റകുറ്റപ്പണികൾക്ക് കരാറുകാരെ നേരത്തേ ഏൽപിച്ചിരുന്നെന്നു ആശുപത്രി സൂപ്രണ്ട് ഡോ. പി.എൻ.അജി പറഞ്ഞു. അടുത്ത ദിവസം ഇവിടെ ചികിത്സയിലുള്ള ആളുകളെ പുതിയ കെട്ടിടത്തിലേക്കു മാറ്റും. തുടർന്ന് പഴയ വാർഡിന്റെ അറ്റകുറ്റപ്പണികൾ തീർക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com