ദാഹജലം; ചെരിപ്പിടാതെ തോളിൽ പാട്ടകളിൽ വെള്ളവുമായി ശിവന്റെ യാത്ര
Mail This Article
ചെരിപ്പിടാതെ തോളിൽ പാട്ടകളിൽ വെള്ളവുമായി ടൗണിലെ വിവിധ സ്ഥാപനങ്ങളിൽ ദിവസവും എത്തുന്ന ശിവൻ കട്ടപ്പനയുടെ പതിവുകാഴ്ച
വളർച്ചയുടെ പടവുകൾ ഓടിക്കയറുന്ന കട്ടപ്പനയുടെ ദാഹമകറ്റാനുള്ള ശുദ്ധജലവും തോളിലേറ്റി ശിവന്റെ യാത്ര തുടങ്ങിയിട്ട് അരനൂറ്റാണ്ടാ യി. 2 പാട്ടകളിലായി 35 ലീറ്റർ വെള്ളം നിറച്ച് കാപ്പിക്കമ്പിന്റെ ഇരുവശങ്ങളിലായി തൂക്കിയിട്ട് തോളിൽ ചുമന്നാണ് ശിവൻ ടൗണിലെ വിവിധ സ്ഥാപനങ്ങളിൽ എത്തിക്കുന്നത്. പാദരക്ഷകൾ ധരിക്കാതെ തോളിൽ പാട്ടകളിൽ വെള്ളവുമായി നടക്കുന്ന ഇദ്ദേഹം കട്ടപ്പനയിലെ പതിവ് കാഴ്ചയാണ്. ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലും ബാങ്കുകളിലും വീടുകളിലുമെല്ലാമാണ് ഇദ്ദേഹം പാട്ടകളിൽ വെള്ളം എത്തിക്കുന്നത്.
തുടക്കകാലത്ത് 40 പേർ വരെ ഈ രീതിയിൽ വെള്ളം എത്തിച്ചിരുന്നെങ്കിലും കട്ടപ്പനയിൽ നിലവിൽ ഈ ജോലി ചെയ്യുന്ന ഏക വ്യക്തി ശിവൻ മാത്രമാണ്. ഇടക്കാലത്ത് ഹൃദയാഘാതം ഉണ്ടായെങ്കിലും അവയെയെല്ലാം മറികടന്ന് ഇപ്പോഴും അദ്ദേഹം വെള്ളം ചുമട് തുടരുന്നു. കല്ലുകുന്ന് മീനത്തേതിൽ എം.കെ.ശിവന് ഇപ്പോൾ 69 വയസ്സുണ്ട്. ഏലപ്പാറയിൽ തേയിലത്തോട്ടം തൊഴിലാളിയായിരുന്ന കുഞ്ഞൂഞ്ഞിന്റെയും ലക്ഷ്മിയുടെ 7 മക്കളിൽ അഞ്ചാമനായാണ് ഇദ്ദേഹം ജനിച്ചത്. ഒറ്റമുറി ലയത്തിലായിരുന്നു ബാല്യകാലം.
ഏലപ്പാറ സർക്കാർ സ്‌കൂളിൽ പഠിക്കുന്നതിനിടെ അച്ഛൻ മരിച്ചതോടെ ജീവിത പ്രാരബ്ധം മൂലം ആറാംക്ലാസിൽ പഠനം നിർത്തി ജോലി അന്വേഷിച്ച് ഇറങ്ങി. ഏതാനും മുറുക്കാൻ കടകളും പലചരക്ക് കടകളും 2 ഹോട്ടലുകളും ഉള്ളപ്പോഴാണ് 1970കളിൽ ഇദ്ദേഹം കട്ടപ്പനയിൽ എത്തിയത്. ആദ്യം ഹോട്ടലിൽ സഹായിയായി കൂടി. കാര്യമായ വരുമാനം ഇല്ലാതെ വന്നതോടെ മറ്റു പല പണികളും ചെയ്യാൻ തുടങ്ങി. ഇതിനിടെയാണ് വെള്ളം ചുമട് തുടങ്ങിയത്. 15 പൈസയാണ് ആദ്യകാലത്ത് ലഭിച്ചിരുന്നത്. ഇപ്പോൾ ശരാശരി 20 രൂപയാണ് ഈടാക്കുന്നത്.
പലനിലകൾ കയറി വെള്ളം എത്തിക്കേണ്ടി വരുമ്പോൾ കൂലിയിൽ മാറ്റം വരും. രാവിലെ 5 മുതൽ രാത്രി വരെ ഈ ജോലി ചെയ്ത കാലഘട്ടങ്ങളുണ്ട്. പിന്നീട് വൈദ്യുതി എത്തുകയും കുഴൽ കിണറുകളും മോട്ടോറുകളും വ്യാപകമാകുകയും ചെയ്തതോടെ ഈ രീതിയിൽ വെള്ളം എത്തിക്കുന്നവരുടെ ജോലി കുറഞ്ഞു. ഒപ്പമുണ്ടായിരുന്ന ചിലർ മറ്റു ജോലികളിലേക്ക് തിരിഞ്ഞപ്പോൾ ശാരീരിക അവശതമൂലം ചിലർ പണി നിർത്തി. എന്നാൽ ജീവിതപ്രാരബ്ധങ്ങളോടു പടവെട്ടാൻ ശിവന് ഈ ജോലി ആവശ്യമായിരുന്നു. ഭാര്യ ശാന്തമ്മയും മക്കളായ രശ്മിയും രമ്യയും അടങ്ങുന്ന കുടുംബം പുലർത്താൻ ഇദ്ദേഹം ജോലി തുടർന്നു.
വെള്ളം ആവശ്യമുള്ളവരുടെ എണ്ണം കുറഞ്ഞതോടെ സ്ഥാപനങ്ങൾ വൃത്തിയാക്കൽ മുതൽ കാടുവെട്ടിത്തെളിക്കൽ വരെയുള്ള എല്ലാ ജോലികളും ഇദ്ദേഹം ചെയ്യാൻ തുടങ്ങി. ഇതിനിടെ കെഎസ്ഇബിയുടെ ക്വാർട്ടേഴ്‌സിലേക്ക് വെള്ളം പമ്പു ചെയ്യുന്ന താൽക്കാലിക ജോലിയും ചെയ്യുന്നു. പ്രായത്തിന്റെ അവശതകൾ ഉണ്ടെങ്കിലും ജോലി നിർത്താൻ ഇദ്ദേഹം തയാറല്ല. ഇപ്പോഴും രാവിലെ 7 മണിക്ക് ടൗണിൽ എത്തുന്ന ഇദ്ദേഹം കെഎസ്ഇബി ക്വാർട്ടേഴ്‌സിലേക്ക് വെള്ളം പമ്പു ചെയ്തശേഷം മറ്റു ജോലികളുമായി വൈകുന്നതുവരെ ടൗണിൽ ഉണ്ടാകും.