ത്രിവേണി സംഗമം കാണാൻ സഞ്ചാരികളുടെ തിരക്ക്; അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്നാവശ്യം
Mail This Article
മൂലമറ്റം∙ ത്രിവേണി സംഗമത്തിലും തൂക്കുപാലത്തിലും സഞ്ചാരികളുടെ പ്രവാഹം. അധികം ആരും അറിയാത്ത പ്രദേശമാണിവിടം. എന്നാൽ പ്രദേശത്തെക്കുറിച്ച് അറിയാവുന്നവർ പതിവായി ഇവിടെ എത്തുന്നു. നച്ചാറിനു കുറുകെയുള്ള തൂക്കുപാലവും 3 ആറുകൾ ചേരുന്ന ത്രിവേണി സംഗമത്തിലെയും കാഴ്ചകൾ വ്യത്യസ്തമാണ്. അപകടരഹിതമായി ഇവിടെ വെള്ളത്തിൽ ഇറങ്ങുന്നതിനും കുളിക്കുന്നതിനും സൗകര്യമുണ്ട്. കൂടാതെ പതിറ്റാണ്ടുകൾ പഴക്കമുള്ള തൂക്കുപാലവും കാണാൻ ഒട്ടേറെ ആളുകളാണ് ഇവിടെ എത്തുന്നത്.
ത്രിവേണി സംഗമത്തിൽ എത്തുന്ന സഞ്ചാരികൾക്ക് അടിസ്ഥാന സൗകര്യം ഒരുക്കണമെന്ന ആവശ്യം ശക്തമാണ്. ഇവിടെ എത്തുന്നവർക്ക് വിശ്രമിക്കുന്നതിനുള്ള സംവിധാനവും ശുചിമുറിയും ഒരുക്കണം. നിലവിൽ ഒരു ശുചിമുറിയുണ്ടെങ്കിലും ഇത് ഉപയോഗയോഗ്യമല്ല. ശുചിമുറി ഒരുക്കുകയും ഇവിടെ എത്തുന്നവർക്ക് വിശ്രമിക്കാൻ സംവിധാനവും ഒരുക്കിയാൽ ഒട്ടേറെ സഞ്ചാരികൾ ഇവിടെ എത്തും.
വൈദ്യുതി ഉൽപാദനം കഴിഞ്ഞു പുറംതള്ളുന്ന വെള്ളവും നച്ചാറും വലിയയാറും സംഗമിക്കുന്നതാണ് ത്രിവേണി. വേനൽക്കാലത്തു മൂലമറ്റം വൈദ്യുതി നിലയത്തിൽ വൈദ്യുതി ഉൽപാദനം കൂട്ടുന്നതിനാൽ ത്രിവേണി സംഗമം എന്നും ജലസമൃദ്ധമാണ്. പ്രദേശത്തെ ടൂറിസം സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.