വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ദീപാവലി അവധിക്കാലം: ഉല്ലാസപ്പൂത്തിരി കത്തിച്ച് മൂന്നാർ
Mail This Article
മൂന്നാർ ∙ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ദീപാവലി സീസൺ അവധിക്കാലം ആരംഭിച്ചതോടെ മൂന്നാറിൽ വിനോദ സഞ്ചാരികളുടെ തിരക്ക് വർധിക്കുന്നു. മൂന്നാറിലും പരിസരങ്ങളിലുമുള്ള മിക്ക ഹോട്ടലുകളിലും ഹോംസ്റ്റേകളിലും നവംബർ ആദ്യവാരം വരെ മുറികൾ ഇതിനോടകം മുൻകൂറായി സഞ്ചാരികൾ ബുക്ക് ചെയ്തു കഴിഞ്ഞു. കൊൽക്കത്ത, മുംബൈ, ഗുജറാത്ത്, കർണാടക, തമിഴ്നാട് സ്വദേശികളാണ് നിലവിൽ ഏറ്റവുമധികം മൂന്നാറിലെത്തുന്നത്. പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ രാജമല, മാട്ടുപ്പെട്ടി എന്നിവിടങ്ങളിലും വലിയ തിരക്കാണ്.
രാജമലയിൽ നിലവിൽ 1000 മുതൽ 2000 പേരാണ് ഒരു ദിവസം സന്ദർശനം നടത്തുന്നത്. രാജമലയിലെത്തുന്ന സഞ്ചാരികൾക്ക് കാഴ്ചവിരുന്നൊരുക്കി നൂറുകണക്കിനു വരയാടുകളാണ് കൂട്ടമായി സന്ദർശക സോണിൽ ദിവസവുമെത്തുന്നത്. വരയാടുകളുടെ ഇണചേരൽ കാലം അവസാനിച്ചതോടെയാണ് ഇവ കൂട്ടമായി എത്തിത്തുടങ്ങിയത്. മാട്ടുപ്പെട്ടി, എക്കോ പോയിന്റ്, ടോപ് സ്റ്റേഷൻ എന്നിവിടങ്ങളിലും വിനോദ സഞ്ചാരികളുടെ വലിയ തിരക്കാണ്.
രാജമല റേഞ്ചിലാകും
രാജമല അഞ്ചാംമൈലിലെ നെറ്റ് വർക് പ്രശ്നം പരിഹരിക്കുന്നതിനായി പുതിയ ജിയോ ടവർ സ്ഥാപിക്കുന്നു. രാജമലയുടെ പ്രവേശന കവാടമായ അഞ്ചാം മൈലിലാണ് പ്രകൃതിക്കിണങ്ങുന്ന വിധത്തിലുള്ള ജിയോ കൗ ടവർ (ഉയരം കുറഞ്ഞ ടവർ) സ്ഥാപിക്കുന്നത്.
നിലവിൽ ബിഎസ്എൻഎൽ നെറ്റ് വർക് മാത്രമാണ് അഞ്ചാം മൈലിലും രാജമലയിലും ലഭിക്കുന്നത്. സ്പീഡ് കുറവായതിനാൽ രാജമല പ്രവേശനത്തി നുളള ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യുന്നതിന് സാധിക്കാറില്ല. ഈ പരാതിക്കു പരിഹരിഹാരമാകുമെന്നുഅസി. വൈൽഡ് ലൈഫ് വാർഡൻ ജോബ് ജെ.നേര്യംപറമ്പിൽ പറഞ്ഞു.