പക്ഷിസർവേ സമാപിച്ചു; കണ്ടെത്തിയത് 174 ഇനങ്ങളെ
Mail This Article
മൂന്നാർ ∙ മൂന്നാർ വനം ഡിവിഷനിൽ നാലു ദിവസങ്ങളായി നടന്നു വന്ന പക്ഷിസർവേ സമാപിച്ചു. വംശനാശഭീഷണി നേരിടുന്ന 11 ഇനങ്ങളും പശ്ചിമഘട്ടത്തിൽ മാത്രം കണ്ടു വരുന്ന 21 ഇനങ്ങളുമടക്കം 174 ഇനം പക്ഷികളെ കണ്ടെത്തി. മരപ്രാവ്, മലവരമ്പൻ, വെള്ളവയറൻ ഷോലക്കിളി, കോഴിവേഴാമ്പൽ, പോതക്കിളി തുടങ്ങിയ 11 ഇനങ്ങളാണ് വംശനാശ ഭീഷണി നേരിടുന്നവയിൽ മുഖ്യം. വടക്കൻ ചിലുചിലപ്പൻ, ചാരത്തലയൻ ബുൾബുൾ, കരിംചെമ്പൻ പാറ്റപിടിയൻ, നീലക്കിളി പാറ്റപിടിയൻ, മേനിപ്രാവ് തുടങ്ങിയ 21 ഇനങ്ങളാണ് പശ്ചിമഘട്ടത്തിൽ മാത്രം കണ്ടുവരുന്നത്.
ഉൾക്കാടുകളിൽ മാത്രം കണുന്ന യൂറേഷ്യൻ പ്രാപ്പിടിയൻ, പോതക്കിളി, റിപ്ലിമൂങ്ങ, പുൽപരുന്ത്, വലിയ കിന്നരിപ്പരുന്ത്, പതുങ്ങൻ ചിലപ്പൻ, പൊടിപ്പൊന്മാൻ തുടങ്ങിയ ഇനങ്ങളെയും വിദൂരസ്ഥലങ്ങളിൽ നിന്നു കേരളത്തിലെത്തുന്ന ചിന്നക്കുയിൽ, കഴുത്തുപിരിയൻ എന്നീ പക്ഷികളെയും സർവേയിൽ നിരീക്ഷിച്ചു.ആദ്യമായാണ് മൂന്നാർ വനം ഡിവിഷനു കീഴിൽ പക്ഷിസർവേ നടത്തിയത്.
മൂന്നാർ ഡിഎഫ്ഒ രാജു കെ.ഫ്രാൻസിസ്, വെള്ളാനിക്കര കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി ശാസ്ത്ര കോളജ് ഡീൻ പി.ഒ.നമീർ, പക്ഷിശാസ്ത്രത്രജ്ഞനായ ജെ.പ്രവീൺ, പക്ഷിനിരീക്ഷകരായ പ്രേംചന്ദ് രഘുവരൻ, കെ.എൻ.കൗസ്തുഭ്, ശ്രീഹരി കെ.മോഹൻ എന്നിവരുടെ നേതൃത്വത്തിലുള്ള 50 അംഗ സംഘമാണ് സർവേയിൽ പങ്കെടുത്തത്. വനം ഡിവിഷനു കീഴിലുള്ള നേര്യമംഗലം, അടിമാലി, മൂന്നാർ, ദേവികുളം എന്നീ റേഞ്ചുകളിലെ ഇടമലക്കുടിയടക്കമുള്ള 10 ബേസ് ക്യാംപുകൾ കേന്ദ്രീകരിച്ചായിരുന്നു സർവേ.