നീലക്കുറിഞ്ഞിവസന്തത്തിന് തൽക്കാലം പരിസമാപ്തി
Mail This Article
ശാന്തൻപാറ (ഇടുക്കി) ∙ ശാന്തൻപാറ കള്ളിപ്പാറയിൽ അപ്രതീക്ഷിതമായി വിരുന്നെത്തിയ നീലക്കുറിഞ്ഞിവസന്തത്തിനു പരിസമാപ്തി. കള്ളിപ്പാറ എൻജിനീയർമെട്ടിലെ നീലക്കുറിഞ്ഞിപ്പൂക്കൾ 90 ശതമാനവും ഉണങ്ങിക്കൊഴിഞ്ഞുവീണു. പൂക്കൾ കാണപ്പെട്ട ഒക്ടോബർ 7 മുതൽ ഇന്നലെ വരെ 8 ലക്ഷത്തിലധികം ആളുകൾ നീലക്കുറിഞ്ഞി കാണാനെത്തിയെന്നാണു കണക്കുകൂട്ടൽ.
കഴിഞ്ഞ 20 മുതൽ 15 വയസ്സിനു മുകളിലുള്ള സന്ദർശകർക്ക് 20 രൂപ നിരക്കിൽ പ്രവേശന ഫീസ് ഇൗടാക്കിത്തുടങ്ങിയതിനു ശേഷം ഇതു വരെ 2 ലക്ഷത്തിലധികം പേർ നീലക്കുറിഞ്ഞി കാണാനെത്തി. 10 ലക്ഷത്തിലധികം രൂപ പ്രവേശന ഫീസ് ഇനത്തിൽ ശാന്തൻപാറ പഞ്ചായത്തിനു ലഭിച്ചു. ഒന്നേകാൽ ലക്ഷത്തിലധികം രൂപയാണ് ഇൗ ദിവസങ്ങളിൽ മൂന്നാറിൽ നിന്നു കള്ളിപ്പാറയിലേക്കു കെഎസ്ആർടിസി നടത്തിയ പ്രത്യേക സർവീസുകളിൽ നിന്നു ലഭിച്ച വരുമാനം. പ്രവേശനപാസ് കൊടുക്കുന്ന കൗണ്ടർ ഇന്ന് അടയ്ക്കുമെന്നു ശാന്തൻപാറ പഞ്ചായത്ത് സെക്രട്ടറി എ.റംഷാദ് അറിയിച്ചു. എൻജിനീയർമെട്ടിലേക്കുള്ള വഴിയിൽ സ്ഥാപിച്ച ഇ-ടോയ്‌ലെറ്റുകളും മാറ്റും.