ADVERTISEMENT

ചെറുതോണി ∙ മലയോര ജനതയുടെ സ്വപ്ന സാക്ഷാൽക്കാരമായ ഇടുക്കി മെഡിക്കൽ കോളജിൽ 6 വർഷത്തെ ഇടവേളയ്ക്കു ശേഷം ഇന്നു ക്ലാസുകൾ ആരംഭിക്കുമ്പോൾ ജില്ല ഒട്ടാകെ ആഹ്ലാദ തിമിർപ്പിലാണ്. രാവിലെ 9ന് അക്കാദമിക് ബ്ലോക്കിൽ നടക്കുന്ന പ്രവേശനോത്സവത്തിനു മുന്നോടിയായി വിദ്യാർഥികളെ പൂക്കൾ നൽകി സ്വീകരിക്കും.

9.30ന് ആരംഭിക്കുന്ന സമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. ഡീൻ കുര്യാക്കോസ് എംപി അധ്യക്ഷനായിരിക്കും. വിദ്യാർഥികളെ വരവേൽക്കാൻ കലക്ടർ ഷീബ ജോർജും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ.ഫിലിപ്പും എത്തും. ആശുപത്രി സൂപ്രണ്ട് ഡോ. സുരേഷ് വർഗീസ്, പ്രിൻസിപ്പൽ ഡോ. ഡി.മീന, ആശുപത്രി വികസന സമിതി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകും.

21ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിനും മന്ത്രി റോഷി അഗസ്റ്റിനും മെഡിക്കൽ കോളജ് അങ്കണത്തിൽ പൗരസ്വീകരണം നൽകും. തുടർന്ന് മന്ത്രിമാരുടെ സാന്നിധ്യത്തിൽ വിവിധ വകുപ്പുകളുടെയും ആശുപത്രി വികസന സമിതിയുടെയും യോഗം ചേർന്ന് ഭാവി പരിപാടികൾ നിശ്ചയിക്കും.

വെല്ലുവിളികള്‍

ആവശ്യത്തിനു ഡോക്ടർമാരും ജീവനക്കാരും ഇല്ലെന്നതായിരുന്നു ഇടുക്കി മെഡിക്കൽ കോളജ് ആദ്യം മുതൽ നേരിട്ട പ്രധാന വെല്ലുവിളി. പുതിയ ആശുപത്രി ബ്ലോക്ക്, പുതിയ അത്യാഹിത വിഭാഗം, എമർജൻസി ഓപ്പറേഷൻ തിയറ്റർ, പൂർണ സജ്ജമായ മെഡിക്കൽ, സർജിക്കൽ ഐസിയുകൾ, വിപുലമായ ലബോറട്ടറി സംവിധാനം എന്നിവ പിന്നീടു പൂർത്തിയാക്കി.

ക്വാർട്ടേഴ്സുകളുടെയും ലൈബ്രറിയുടെയും നിർമാണ പ്രവർത്തനങ്ങളും അവസാന ഘട്ടത്തിലാണ്. വർക്കിങ് അറേഞ്ച്മെന്റിന്റെ ഭാഗമായി വിവിധ മെഡിക്കൽ കോളജുകളിലേക്കു മാറിയ ഡോക്ടർമാരെല്ലാം ഇനി തിരികെയെത്തണം. പാരാമെഡിക്കൽ, ശുചീകരണ ജീവനക്കാരുടെ അപര്യാപ്തത ഇനിയുമുണ്ട്. അംഗീകാരം ലഭിച്ച് ക്ലാസുകൾ ആരംഭിച്ചതോടെ ഈ പ്രതിസന്ധികളും മറികടക്കാനാവുമെന്നു പ്രതീക്ഷിക്കുന്നു.

ആദ്യഘട്ടത്തിൽ 77 വിദ്യാർഥികൾ

ഇത്തവണ 21 ആൺകുട്ടികളും 56 പെൺകുട്ടികളുമടക്കം ആകെ 77 കുട്ടികളാണ് ഒന്നാം ഘട്ട അലോട്മെന്റ് നടപടികൾ പൂർത്തിയായപ്പോൾ മെഡിക്കൽ കോളജിൽ പ്രവേശനം നേടിയത്. ഒരു ബിഹാർ സ്വദേശി മാത്രമാണ് ഓൾ ഇന്ത്യ ക്വോട്ടയിൽ ഇവിടെ പ്രവേശനം നേടിയത്. 66 വിദ്യാർഥികളാണ് ഇതുവരെ ജോയിൻ ചെയ്തത്.

ബാക്കി അലോട്മെന്റുകൾ വരുന്നതോടെ ഇനിയും കുട്ടികളെത്തും. ഹോസ്റ്റൽ കെട്ടിടം പൂർത്തിയാകാത്തതിനാൽ പെൺകുട്ടികളെ വർക്കിങ് വിമൻസ് ഹോസ്റ്റലിലും ആൺ കുട്ടികളെ സ്റ്റാഫ് ക്വാർട്ടേഴ്സിലുമാണ് പാർപ്പിച്ചിരിക്കുന്നത്.

പ്രതീക്ഷയോടെ ഇടുക്കി

ഗവ.മെഡിക്കൽ കോളജിൽ 100 എംബിബിഎസ് സീറ്റുകൾക്ക്  അനുമതി ലഭിച്ചതോടെ ജില്ലയുടെ ആരോഗ്യ പ്രതീക്ഷകൾക്കു കൂടിയാണു വാതിൽ തുറന്നിടുന്നത്. മികച്ച ആശുപത്രികളോ ആധുനിക ചികിത്സാ സംവിധാനങ്ങളോ അരികിലില്ലാത്ത ഹൈറേഞ്ച് മേഖലയിലുള്ള വർക്കു മെഡിക്കൽ കോളജ് അനുഗ്രഹമാണ്. മൂന്നാർ, മറയൂർ, തേക്കടി, പീരുമേട്, തുടങ്ങി വിവിധ മേഖലകളിലുള്ളവർ ഇപ്പോൾ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം, കോലഞ്ചേരി, തേനി (തമിഴ്നാട്) മെഡിക്കൽ കോളജ് ആശുപത്രികളെയാണ് ആശ്രയിക്കുന്നത്.

75 മുതൽ 170 വരെ കിലോമീറ്റർ താണ്ടിവേണം ഈ മെഡിക്കൽ കോളജുകളിലെത്താൻ. ഇടുക്കി മെഡിക്കൽ കോളജ് പൂർണതോതിൽ പ്രവർത്തനം ആരംഭിക്കുന്നതോടെ, ഹൈറേഞ്ച് ജനതയുടെ ഈ ദുഃഖത്തിനു പരിഹാരം കാണാനാകും. മെഡിക്കൽ കോളജിന്റെ അനുബന്ധമായി ഡെന്റൽ കോളജും നഴ്സിങ് കോളജും യാഥാർഥ്യമായാൽ ഹൈറേഞ്ചിന്റെ വികസനം വേഗത്തിലാകും. 

മെഡിക്കൽ കോളജ്  നാൾവഴികൾ

∙ 2011ൽ യുഡിഎഫ് സർക്കാരിന്റെ ഇടക്കാല ബജറ്റിൽ ഇടുക്കിയിൽ മെഡിക്കൽ കോളജ് പ്രഖ്യാപിച്ചു.

∙ 2012ലെ ബജറ്റിൽ പ്രാഥമിക പ്രവർത്തനങ്ങൾക്കായി ഏതാനും കോടി രൂപ വകയിരുത്തി. സ്പെഷൽ ഓഫിസറായി ഡോ. പി.ജി.രാമകൃഷ്ണപിള്ളയെ നിയമിച്ചു.

∙ വാഴത്തോപ്പ് പഞ്ചായത്തിലെ ചെറുതോണിയിൽ മെഡിക്കൽ കോളജ് സ്ഥാപിക്കാൻ തീരുമാനിച്ചു. 40 ഏക്കർ സ്ഥലവും കെട്ടിടങ്ങളും ജില്ലാ പഞ്ചായത്ത്, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിനു കൈമാറി.

∙ 2013 മേയ് 24ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഇടുക്കിയുടെ സ്വപ്നമായ മെഡിക്കൽ കോളജിനു ശിലയിട്ടു. 2 വർഷത്തിനകം മെഡിക്കൽ കോളജ് യാഥാർഥ്യമാക്കുമെന്ന് പ്രഖ്യാപിച്ചു. 

∙ 2014 ജനുവരിയിൽ പ്രാഥമിക പ്രവർത്തനങ്ങൾക്കായി 9.32 കോടി രൂപ അനുവദിച്ചതോടെ മെഡിക്കൽ കോളജിന്റെ അക്കാദമിക് മന്ദിരങ്ങളുടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ആദ്യ ബാച്ചിന്റെ അംഗീകാരത്തിന് ഇന്ത്യൻ മെഡിക്കൽ കൗൺസിൽ മുൻപാകെ അപേക്ഷയും സമർപ്പിച്ചു. 50 വിദ്യാർഥികൾക്ക് പഠിക്കാൻ അനുമതി ലഭിച്ചു. രണ്ടു വർഷത്തിനുള്ളിൽ നിർദിഷ്ട അടിസ്ഥാന സൗകര്യങ്ങൾ പൂർത്തിയാക്കാമെന്ന സംസ്ഥാന സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും ഉറപ്പിലായിരുന്നു അനുമതി. ഇടുക്കി മെഡിക്കൽ കോളജിന്റെ പ്രിൻസിപ്പലായി ഡോ. എം.എ.രവീന്ദ്രൻ ചുമതലയേറ്റു. 

∙ 2014 സെപ്റ്റംബർ ഒന്നിന് ഇടുക്കി മെഡിക്കൽ കോളജിൽ 49 വിദ്യാർഥികൾ പഠനം ആരംഭിച്ചു. നെടുങ്കണ്ടം സ്വദേശിനി ടി.എസ്.ആര്യയായിരുന്നു മെഡിക്കൽ കോളജിലെ ഇടുക്കിയിൽ നിന്നുള്ള ആദ്യ വിദ്യാർഥിനി.

പിന്നീട് സംഭവിച്ചത്...

ആദ്യ ബാച്ചിലെ 50 കുട്ടികളിൽ 49 പേരും ഒന്നാം വർഷ പരീക്ഷയിൽ മികച്ച മാർക്ക് നേടി വിജയിച്ചതോടെ ഇടുക്കി മെഡിക്കൽ കോളജ് കയ്യടി നേടി. എന്നാൽ ക്ലിനിക്കൽ പരിശീലനം അത്യാവശ്യമായ രണ്ടാം വർഷവും മൂന്നാം വർഷവും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ അധികൃതർക്കു കഴിഞ്ഞില്ല. 2015ൽ രണ്ടാം ബാച്ചിനും നിബന്ധനകളോടെ അനുമതി നൽകിയിരുന്നു.

എങ്കിലും അടിസ്ഥാന സൗകര്യം ഒരുക്കണമെന്ന് പലവട്ടം ഇന്ത്യൻ മെഡിക്കൽ കൗൺസിൽ അധികൃതർ ആവശ്യപ്പെട്ടിട്ടും മെഡിക്കൽ കോളജ് അധികൃതരോ സംസ്ഥാന സർക്കാരോ ചെറുവിരൽ അനക്കിയില്ല.

ഇതോടെ 2016ൽ മൂന്നാം ബാച്ചിലേക്കുള്ള പ്രവേശന അപേക്ഷയും മെഡിക്കൽ കോളജിന്റെ അംഗീകാരവും മെഡിക്കൽ കൗൺസിൽ തള്ളി. തുടർന്ന് ആദ്യ 2 ബാച്ചുകളിലെ 100 എംബിബിഎസ് വിദ്യാർഥികളെ വിവിധ ജില്ലകളിലെ മെഡിക്കൽ കോളജുകളിലേക്കു മാറ്റി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com