ചാർജ് എടുത്ത് കുട്ടി ഡോക്ടർമാർ, താരമായി പ്രിൻസിപ്പൽ: 6 വർഷത്തിനു ശേഷം ഇടുക്കിക്കാരുടെ സ്വപ്നം പൂവണിഞ്ഞു
Mail This Article
ചെറുതോണി ∙ ഇടുക്കി ജില്ലക്കാരുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്ന ദിവസമാണിതെന്നു മന്ത്രി റോഷി അഗസ്റ്റിൻ. ഇടുക്കി മെഡിക്കൽ കോളജിലെ പുതിയ എംബിബിഎസ് ബാച്ചിന്റെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മെഡിക്കൽ കോളജിനാവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതു വേഗത്തിൽ പുരോഗമിക്കുകയാണ്. കേരളത്തിലെ മറ്റെല്ലാ മെഡിക്കൽ കോളജുകളേക്കാളും സന്തോഷത്തോടെ, നല്ല കാലാവസ്ഥയിൽ, ഉണർവോടെ പഠിക്കാൻ കഴിയുന്ന സ്ഥലമായിരിക്കും ഇടുക്കിയിലേതെന്നു മന്ത്രി മാതാപിതാക്കൾക്ക് ഉറപ്പു നൽകി.
ഏതു ഘട്ടത്തിലും വേണ്ട സഹായം ചെയ്യുമെന്നു പറഞ്ഞ മന്ത്രി വാഹനം സൗകര്യം വിപുലീകരിക്കുന്നതിനായി വേദിയിൽ വച്ചുതന്നെ ഫണ്ട് വകയിരുത്തി. പുതിയ ബാച്ചിൽ പ്രവേശനം നേടിയ 77 വിദ്യാർഥികളെയും മന്ത്രി റോഷി അഗസ്റ്റിൻ ചുവന്ന പനിനീർപ്പൂക്കൾ നൽകി കോളജിലേക്ക് സ്വീകരിച്ചു.ചടങ്ങിൽ ഡീൻ കുര്യാക്കോസ് എംപി അധ്യക്ഷനായി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ്, കലക്ടർ ഷീബ ജോർജ്, ജില്ലാ വികസന സമിതി ഉപാധ്യക്ഷനും ഹോസ്പിറ്റൽ വികസന സൊസൈറ്റിയിലെ സർക്കാർ പ്രതിനിധിയുമായ സി.വി. വർഗീസ്, പ്രിൻസിപ്പൽ ഡോ.ഡി. മീന, മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. സുരേഷ് വർഗീസ് എന്നിവർ പ്രസംഗിച്ചു. ഉദ്ഘാടന ചടങ്ങിന് ശേഷം കുട്ടികൾക്കും രക്ഷിതാക്കൾക്കുമുള്ള ഓറിയന്റേഷൻ പ്രോഗ്രാം നടത്തി.
താരമായി പ്രിൻസിപ്പൽ
മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ഡി. മീനയ്ക്കു ജില്ലയുടെ പേരിൽ മന്ത്രി റോഷി അഗസ്റ്റിന്റെ ആദരം. പ്രവേശനോത്സവ ചടങ്ങിൽ നന്ദി പറയാൻ എത്തിയ ആശുപത്രി സൂപ്രണ്ട് ഡോ.സുരേഷ് വർഗീസ് ആശുപത്രിക്ക് അംഗീകാരം ലഭിക്കാനായി ഡോ. മീന നടത്തിയ ശ്രമങ്ങൾ പരാമർശിച്ച ശേഷം ഇവർ ഇടുക്കി മെഡിക്കൽ കോളജിന്റെ ഐശ്വര്യമാണെന്നു പറഞ്ഞതോടെയാണ് വേദിയിലുണ്ടായിരുന്ന മന്ത്രി പനിനീർ പൂവ് നൽകി പ്രിൻസിപ്പലിനെ ആദരിച്ചത്.
ഇതോടെ വികാരാധീനയായ മീന ഒന്നു വിതുമ്പിയപ്പോൾ കയ്യടികളോടെ സദസ്സിന്റെ മറുപടി.ആലപ്പുഴ മെഡിക്കൽ കോളജിലെ പ്രഫസറും ട്രാൻസ്ഫ്യൂഷൻ വിഭാഗം മേധാവിയുമായിരുന്ന ഡോ.മീന കഴിഞ്ഞ ജൂലൈ 18ന് ആയിരുന്നു പ്രിൻസിപ്പലായി ഇടുക്കി മെഡിക്കൽ കോളജിൽ ചുമതലയേറ്റത്. മെഡിക്കൽ കോളജിന്റെ അംഗീകാരത്തിനായുള്ള ശ്രമങ്ങൾ നടക്കുന്ന സമയമായിരുന്നു അത്. എട്ടു ദിവസത്തിനു ശേഷം പ്രിൻസിപ്പലുമായി നാഷനൽ മെഡിക്കൽ കമ്മിഷന്റെ ഓൺലൈൻ സിറ്റിങ് നടന്നു.
ഈ സിറ്റിങ്ങാണ് ഇടുക്കി മെഡിക്കൽ കോളജിനു വഴിത്തിരിവായത്.പിറ്റേന്നു തന്നെ മെഡിക്കൽ കോളജിനു അംഗീകാരം ലഭിച്ചതായി മെഡിക്കൽ കമ്മിഷന്റെ കത്തും ലഭിച്ചു. തിരുവനന്തപുരം സ്വദേശിയായ മീനയുടെ മെഡിക്കൽ വിദ്യാഭ്യാസം പൂർണമായും തിരുവനന്തപുരം മെഡിക്കൽ കോളജിലായിരുന്നു. 1989ൽ ആലപ്പുഴ മെഡിക്കൽ കോളജിൽ വച്ചാണ് സർവീസിൽ ചേർന്നത്.
ഹരിദേവും സൂര്യദേവും ആദ്യമെത്തി, ഒന്നായെത്തി
ഇടുക്കി മെഡിക്കൽ കോളജിൽ ആദ്യം അഡ്മിഷനെടുത്ത ഇരട്ടകളാണു കോഴിക്കോട് വടകര ആയഞ്ചേരി താഴേനിലോത്തു വീട്ടിൽ അധ്യാപക ദമ്പതികളുടെ മക്കളായ ഹരിദേവും സൂര്യദേവും. പിതാവ് ഗിരീഷ് ബാബുവിന്റെയും അമ്മ സീമ ഗിരീഷിന്റെയും ആഗ്രഹ പ്രകാരമാണ് ഇരുവരും എംബിബിഎസ് ലക്ഷ്യം കൈവരിച്ചത്. 8ാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ ഇരുവരും തയാറെടുപ്പുകൾ ആരംഭിച്ചു. പ്ലസ്ടുവിനു ശേഷം ഒരുവർഷം എൻട്രൻസ് കോച്ചിങ്ങിനും പോയി.പരീക്ഷാ ഫലം വന്നപ്പോൾ മിനിറ്റുകളുടെ വ്യത്യാസത്തിൽ ചേട്ടനായ ഹരിദേവിനു സൂര്യദേവിനേക്കാൾ 2 റാങ്ക് കൂടുതൽ ലഭിച്ചു. ഒരുമിച്ചു പഠിച്ചാണു ലക്ഷ്യത്തിലേക്കെത്തിയതെന്ന് ഇരുവരും പറഞ്ഞു.
നാട്ടിലെ താരമായി സാവിയോയും എമിലും
അംഗീകാരം വീണ്ടു കിട്ടിയ ഇടുക്കി മെഡിക്കൽ കോളജിൽ ക്ലാസ് ആരംഭിക്കുമ്പോൾ നാടിനു അഭിമാനമായി തൊടുപുഴ സ്വദേശി സാവിയോ ജോസും കട്ടപ്പനക്കാരി എമിൽ മരിയ കുര്യനും. മെഡിക്കൽ കോളജിൽ പ്രവേശനം നേടിയ രണ്ട് ഇടുക്കിക്കാർ ഇവരാണ്.തൊടുപുഴ കരിമണ്ണൂരിൽ കർഷകനായ മണിമല തറപ്പേൽ ജോസിന്റെയും സിൽവിയുടെയും രണ്ടാമത്തെ മകനാണു സാവിയോ. കരിമണ്ണൂർ സെന്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂളിലായിരുന്നു പ്ലസ്ടു പഠനം.
ആദ്യ ശ്രമത്തിൽ തന്നെ എൻട്രൻസ് റാങ്ക് പട്ടികയിൽ മികച്ച സ്ഥാനം നേടിയതോടെയാണ് ഇടുക്കിയിൽ എംബിബിഎസ് പഠനത്തിനു അവസരമൊരുങ്ങിയത്.സഹോദരൻ അലക്സ് ജോസഫ് തൃശൂർ മെഡിക്കൽ കോളജിൽ രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥിയാണ്.കട്ടപ്പന വണ്ടൻമേട് വടശേരിൽ കർഷകനായ സതീഷ് മാത്യുവിന്റെയും ആൻസി തോമസിന്റെയും മകളാണ് എമിൽ മരിയ കുര്യൻ. അണക്കര മോണ്ട്ഫോർട് സ്കൂളിലായിരുന്നു പ്ലസ്ടു പഠനം. ചെറുപ്പം മുതൽ എംബിബിഎസ് മാത്രമായിരുന്നു ആഗ്രഹം. ദിവസവും 15 മണിക്കൂർ വരെ പഠിക്കാനായി മാറ്റിവച്ചു. സ്വന്തം നാട്ടിൽ തന്നെ പഠിക്കാനായതിന്റെ ആവേശത്തിലാണ് എമിൽ.