ബഫർ സോൺ: വാഴവരയിൽ പ്രതിഷേധമിരമ്പി
Mail This Article
കട്ടപ്പന ∙ ഭൂപ്രശ്നങ്ങൾക്കു പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കത്തോലിക്കാ കോൺഗ്രസ് വാഴവര യൂണിറ്റിന്റെ നേതൃത്വത്തിൽ വാഴവരയിൽ കർഷക പ്രതിഷേധ സമ്മേളനം സംഘടിപ്പിച്ചു. ബഫർസോൺ വിഷയത്തിൽ രാഷ്ട്രീയത്തിന് അതീതമായ സമര പരമ്പരകളാണ് ഉണ്ടാകേണ്ടതെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ വ്യക്തമാക്കി. ചാരം മൂടിക്കിടന്ന നിയമങ്ങൾ ആളിക്കത്തുന്ന സാഹചര്യമാണ് ഇടുക്കിയിൽ നിലനിൽക്കുന്നത്.
നിർമാണ നിരോധനം അടക്കമുള്ള കാലഹരണപ്പെട്ട നിയമങ്ങൾ പരിഷ്‌കരിക്കേണ്ടത് അനിവാര്യമാണെന്ന് സർക്കാരിനും ഉദ്യോഗസ്ഥർക്കും അറിയാമെങ്കിലും അത് പ്രാവർത്തികമാക്കുന്നില്ല. ബഫർസോൺ വനത്തിനുള്ളിൽ നിലനിർത്തണമെന്നാണ് സഭയുടെ നിലപാട്. അതു നടപ്പാകുന്നതുവരെ പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജില്ലയിൽ നിലനിൽക്കുന്ന നിർമാണ നിരോധനം പിൻവലിക്കുക, ബഫർസോൺ വനത്തിനുള്ളിൽ നിജപ്പെടുത്തുക, വന്യമൃഗ ആക്രമണങ്ങൾ തടയാൻ ശാശ്വതമായ പരിഹാരം കാണുക,
കാർഷിക ഉൽപന്നങ്ങൾക്ക് ന്യായവില ഉറപ്പ് വരുത്തുക, നിത്യോപയോഗ സാധനങ്ങളുടെ വില വർധന തടയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. വാഴവര യൂണിറ്റ് പ്രസിഡന്റ് ഷാജി പുരയിടം അധ്യക്ഷത വഹിച്ചു. ഇടുക്കി രൂപതാ പ്രസിഡന്റ് ജോർജ് കോയിക്കൽ മുഖ്യപ്രഭാഷണം നടത്തി. രൂപതാ ഡയറക്ടർ ഫാ.ഫ്രാൻസിസ് ഇടവക്കണ്ടം, രൂപതാ ജനറൽ സെക്രട്ടറി സിജോ ഇലന്തൂർ, കെവിവിഇഎസ് വാഴവര യൂണിറ്റ് പ്രസിഡന്റ് ഷാജി നെടുംകൊമ്പിൽ,
രൂപതാ വൈസ് പ്രസിഡന്റ് വി.ടി.തോമസ്, യൂണിറ്റ് ഡയറക്ടർ ഫാ.കുര്യാക്കോസ് ആറക്കാട്ട്, യൂണിറ്റ് സെക്രട്ടറി റെജി തോട്ടപ്പള്ളി എന്നിവർ പ്രസംഗിച്ചു. ഷാജി മടത്തുംമുറി, ജിജി താഴത്തുവീട്ടിൽ, ബിജു കട്ടക്കയം, സജി മണ്ണിപ്ലാക്കൽ, ജോബി മാളികപ്പുറം, ലിസി പീടിയേക്കൽ, ആൻസി പന്തപ്ലാക്കൽ, സിജോ പന്തപ്ലാക്കൽ, സൗമ്യ ബിജു, ഷൈനി ചെമ്പകശേരി എന്നിവർ സമരത്തിന് നേതൃത്വം നൽകി.