ഈ പാർക്കിൽ അവഗണന ഓടിക്കളിക്കുന്നു
Mail This Article
കാഞ്ഞാർ ∙ ലക്ഷങ്ങൾ മുടക്കി നിർമിച്ച പാർക്ക് ആർക്കും വേണ്ടാതെ കാടുകയറി നശിക്കുന്നു. കാഞ്ഞാറിൽ മൂവാറ്റുപുഴ വാലി ഇറിഗേഷൻ പ്രൊജക്ടിന്റെ (എംവിഐപി) സ്ഥലത്തു നിർമിച്ച പാർക്കാണ് അവഗണിക്കപ്പെടുന്നത്. എംവിഐപിയുടെ സ്ഥലം വനം വകുപ്പിന് കൈമാറാനുള്ള നടപടികൾ നടക്കുന്നതും നാട്ടുകാരുടെ ആശങ്കയിലാക്കുന്നു. 10 വർഷം മുൻപ് ബ്ലോക്ക് പഞ്ചായത്ത് അംഗം ശശി കടപ്ലാക്കൽ മുൻകൈ എടുത്താണ് ഇവിടെ പുഴയോരത്ത് പാർക്ക് നിർമിച്ചത്.
എന്നാൽ തുടർനടപടികളുണ്ടായില്ല. കേന്ദ്ര ഗവൺമെന്റ് ഫണ്ട് ഉപയോഗിച്ച് ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കിയ പുഴയോര സൗന്ദര്യ വൽക്കരണ പരിപാടിയുടെ ഭാഗമായാണു വാട്ടർഷെഡ് തീം പാർക്ക് നിർമിച്ചത്. ഇടുക്കിയിലെത്തുന്ന സഞ്ചാരികളുടെ ഇടത്താവള മായിരുന്നു തീം പാർക്ക്. ഒരു കിലോമീറ്ററോളം നീളത്തിലുള്ള പാർക്ക് സഞ്ചാരികൾക്കു നയനാന്ദകരമാണ്.
പാർക്ക് കാടുകയറിയതോടെ ആരും ഇവിടേക്കു എത്തുന്നില്ല. പാർക്കിൽ എത്തുന്നവർക്ക് ഇരിപ്പിടങ്ങൾ ഒരുക്കുക, ശുചിമുറി, പുഴയുടെ തീരത്ത് സംരക്ഷണ വേലി, സന്ധ്യ സമയത്തേക്കു വിളക്കുകൾ തുടങ്ങിയവ സ്ഥാപിച്ചാൽ ഇവിടെ സഞ്ചാരികൾക്കും പ്രദേശവാസികൾക്കും ഒരു വിശ്രമ കേന്ദ്രമാകും.