തൊടുപുഴയിൽ ഇന്ന് വെള്ളിത്തിരനോട്ടം
Mail This Article
തൊടുപുഴ ∙ നഗരസഭയും തൊടുപുഴ ഫിലിം സൊസൈറ്റിയും സംയുക്തമായി കേരള ചലച്ചിത്ര അക്കാദമിയുടെയും ഫിലിം സൊസൈറ്റീസ് ഫെഡറേഷന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന 17–ാമത് തൊടുപുഴ ഫിലിം ഫെസ്റ്റിവൽ ഇന്നു മുതൽ 15 വരെ സിൽവർ ഹിൽസ് സിനിമാസിൽ നടക്കും. ഇന്ന് 5ന് ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന ചിത്രമായ 19 (1) (എ) യുടെ സംവിധായിക ഇന്ദു വി.എസ്. മുഖ്യാതിഥിയാകും.
ഇന്ന് സ്ത്രീപക്ഷ സിനിമകളുടെ പ്രത്യേക പാക്കേജാണ് പ്രദർശിപ്പിക്കുന്നത്. രാവിലെ 10.30ന് റഷ്യൻ ചിത്രം ‘കംപാർട്മെന്റ് നമ്പർ 6’, 2ന് ജർമൻ ചിത്രം ‘303’, 6ന് ഇക്കഴിഞ്ഞ കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ അവാർഡ് നേടിയ മലയാളചിത്രം 19 (1) (എ), 8ന് ഹിന്ദി ചലച്ചിത്രം ‘ക്വീൻ’ എന്നിവ പ്രദർശിപ്പിക്കും. നാളെ 10.30ന് അമേരിക്കൻ ചിത്രം ‘ഹാക്സോ റിഡ്ജ്’, 2ന് ഇന്ത്യയുടെ ഓസ്കർ നോമിനേഷനായ ഗുജറാത്തി ചിത്രം ‘ചെല്ലോ ഷോ’, 6ന് കൊറിയൻ ചിത്രം ‘മിനാരി’, 8ന് ഫ്രഞ്ച് ചിത്രം ‘ബെൽ ആൻഡ് സെബാസ്റ്റ്യൻ’.
14ന് രാവിലെ അർജന്റീന ചിത്രം ‘ഹിറോയിക് ലൂസേഴ്സ്’, 2ന് അമേരിക്കൻ സയൻസ് ഫിക്‌ഷൻ ‘ഡ്യൂൺ’, 6ന് ടർക്കിഷ് ചിത്രം ‘മിറക്കിൾ ഇൻ സെൽ നമ്പർ 7’, 8ന് തെലുങ്ക് ചിത്രം ‘സിനിമാ ബണ്ടി’ എന്നിവ പ്രദർശിപ്പിക്കും. സമാപന ദിവസമായ 15നു രാവിലെ 10.30ന് ജാപ്പനീസ് ചിത്രം ‘സർവൈവൽ ഫാമിലി’, 2ന് യുഎസ് ചിത്രം ‘മാഞ്ചസ്റ്റർ ബൈ ദ് സീ’, 6ന് ദേശീയ അവാർഡ് നേടിയ മലയാളചിത്രം ‘തിങ്കളാഴ്ച നിശ്ചയം’, 8.15ന് ബ്രിട്ടിഷ് ചിത്രം ‘ദ് മാൻ ഹു ന്യൂ ഇൻഫിനിറ്റി’
വൈകിട്ട് 5ന് സമാപനസമ്മേളനം പി.ജെ.ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. നഗരസഭാ ഉപാധ്യക്ഷ ജെസ്സി ജോണി അധ്യക്ഷത വഹിക്കും. ചലച്ചിത്ര ഛായാഗ്രാഹകൻ കെ.ജി.രതീഷ് മുഖ്യാതിഥിയാകും. ഓപ്പൺ ഫോറം, മീറ്റ് ദ് ഡയറക്ടർ, കലാസാംസ്കാരിക പരിപാടികൾ, തൊടുപുഴയിലും പരിസരപ്രദേശങ്ങളിലുമുള്ള എഴുത്തുകാരുടെ പുസ്തകങ്ങളുടെ പ്രദർശനം എന്നിവ സംഘടിപ്പിച്ചിട്ടുണ്ടെന്ന് നഗരസഭാധ്യക്ഷൻ സനീഷ് ജോർജ്, ഫിലിം സൊസൈറ്റി പ്രസിഡന്റ് എൻ.രവീന്ദ്രൻ, സെക്രട്ടറി എം.എം.മഞ്ജുഹാസൻ, എഫ്എഫ്എസ്ഐ റീജനൽ കൗൺസിൽ അംഗം യു.എ.രാജേന്ദ്രൻ, സനൽ ചക്രപാണി എന്നിവർ അറിയിച്ചു. നാലു ദിവസത്തെ പ്രദർശനങ്ങൾക്കും കൂടി റജിസ്ട്രേഷൻ ഫീസ് 200 രൂപയാണ്. ഫോൺ: 94477 76524, 94478 24923.