ഹോർട്ടികോർപ് പച്ചക്കറി വിൽപന സ്റ്റാൾ അടച്ചുപൂട്ടി
Mail This Article
ജീവനക്കാരില്ലാത്ത കാരണമാണു സ്റ്റാൾ പൂട്ടിയതെന്നും സ്ഥാപനത്തിലെ ജീവനക്കാരൻ അവധിയിലാണെന്നും വിശദീകരണം
കിഴക്കേക്കവല ∙ നെടുങ്കണ്ടം കിഴക്കേക്കവലയിൽ പ്രവർത്തിച്ചിരുന്ന ഹോർട്ടികോർപിന്റെ പച്ചക്കറിവിൽപന സ്റ്റാൾ അടച്ചുപൂട്ടി. ജീവനക്കാരില്ലാത്ത കാരണമാണു സ്റ്റാൾ പൂട്ടിയതെന്നും സ്ഥാപനത്തിലെ ജീവനക്കാരൻ അവധിയിലാണെന്നും വിശദീകരണം. അടച്ചുപൂട്ടിക്കിടന്ന ഹോർട്ടികോർപ് സ്റ്റാളിലെ പച്ചക്കറികളിൽ ഏറിയ പങ്കും ചീഞ്ഞുനശിച്ചു. ഭാഗികമായി നശിച്ച ഉൽപന്നങ്ങൾ ഹോർട്ടികോർപ് വാഹനത്തിൽ നീക്കം ചെയ്തു.
മികച്ച രീതിയിൽ പ്രവർത്തിച്ചിരുന്ന ഹോർട്ടികോർപ് സ്റ്റാളിലെ ജീവനക്കാരിയെ അകാരണമായി മാറ്റിയതിനു പിന്നാലെയാണു സ്റ്റാളിന്റെ പ്രവർത്തനം തകരാറിലായത്. രാഷ്ട്രീയമായ തർക്കത്തിൽ ജീവനക്കാരിയുടെ ജോലി നഷ്ടമായി. കൂടാതെ ഗുണനിലവാരമില്ലാത്ത പച്ചക്കറി എത്തിക്കുന്നതു ജീവനക്കാരി ചോദ്യം ചെയ്തതും ഉദ്യോഗസ്ഥരുടെ അപ്രീതിക്കു കാരണമായി. ഇതിനു ശേഷം പുതിയ ജീവനക്കാരനെ നിയമിച്ചു.
ജീവനക്കാരന്റെ വേതനം 15,000 രൂപയായിരുന്നു. സ്റ്റാളിലെ പച്ചക്കറിയിൽ കേടുപാടുകൾ സംഭവിച്ച് നഷ്ടം ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് ഈടാക്കിയതോടെ ജീവനക്കാരനും ജോലി ഉപേക്ഷിച്ചു. ഇതോടെ ഹോർട്ടികോർപ് സ്റ്റാൾ കഴിഞ്ഞ ദിവസം അടച്ചു. ഹോർട്ടികോർപിനു മികച്ച വരുമാനം ലഭിച്ചിരുന്ന സ്ഥാപനമാണു മുന്നറിയിപ്പില്ലാതെ അടച്ചുപൂട്ടിയത്. അടച്ചുപൂട്ടൽ അറിയാതെ സാധനം വാങ്ങാൻ എത്തിയവർ തിരികെ മടങ്ങി.
ജില്ലയിലെ കർഷകരിൽ നിന്നു ശേഖരിക്കുന്ന ഗുണമേന്മയുള്ള പച്ചക്കറി ഉൽപന്നങ്ങളാണു ഹോർട്ടികോർപ് സ്റ്റാളുകളിലൂടെ വിൽപനയ്ക്ക് എത്തുന്നത്. ഇന്നലെ രാവിലെ മൂന്നാറിൽ നിന്ന് എത്തിച്ച വാഹനത്തിൽ ഹോർട്ടികോർപ് സ്റ്റാളിലുണ്ടായിരുന്ന പച്ചക്കറി കയറ്റി. ഈ ഉൽപന്നങ്ങൾ മറ്റൊരു സ്റ്റാളിലേക്കു മാറ്റിയെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. അടിയന്തരമായി അടച്ചുപൂട്ടിയ സ്റ്റാൾ പുനരാരംഭിക്കണ മെന്നാണു നാട്ടുകാരുടെ ആവശ്യം.