ADVERTISEMENT

ചെറുതോണി ∙ കരുത്തിന്റെയും ചെറുത്തുനിൽപിന്റെയും പ്രതീകമായി ചെറുതോണിപ്പുഴയ്ക്ക് മുകളിൽ ഇപ്പോഴും തലയുയർത്തി നിൽക്കുന്ന പാലത്തിനു മുകളിലൂടെ ഇനി യാത്രാ ബസുകളും ചരക്കു വാഹനങ്ങളും ഓടില്ല. ചെറുതോണിയിൽ നിർമാണം പുരോഗമിക്കുന്ന പുതിയ പാലത്തിന്റെ അപ്രോച്ച് റോഡ് നിർമാണത്തിനായി കഴിഞ്ഞ ദിവസം പഴയ പാലത്തിലൂടെയുള്ള ഗതാഗതം വേലികെട്ടി നിരോധിച്ചു. ഇതോടെ, മഹാപ്രളയത്തെയും തോൽപിച്ച പാലത്തിന് ‘ജോലിഭാരം’ കുറയും.

രണ്ടാഴ്ച കഴിഞ്ഞ് അപ്രോച്ച് റോഡിന്റെ ഫൗണ്ടേഷൻ നിർമാണം പൂർത്തിയാകുമ്പോൾ പഴയ പാലത്തിലേക്ക് ഇറങ്ങാൻ മൂന്നു മീറ്റർ വഴി തെളിക്കുമെങ്കിലും ഇതുവഴിയുള്ള യാത്ര ചെറിയ വാഹനങ്ങൾക്കും കാറുകൾക്കും മാത്രമായി പരിമിതപ്പെടുത്തും. ബസുകളും വലിയ വാഹനങ്ങളും പുതിയ പാലത്തിലൂടെയുള്ള സർവീസ് തുടരും.

പാലം നിർമാണം പൂർത്തിയാകുന്നതോടെ ദീർഘദൂര വാഹനങ്ങൾ എല്ലാം തന്നെ ദേശീയ പാതയിലേക്ക് മാറുമ്പോൾ പഴയ പാലത്തിലൂടെയുള്ള വഴി ടൗണിലുള്ളവർക്കും ഗാന്ധി നഗർ കോളനിയിലേക്ക് പോകേണ്ടവർക്കും മാത്രമാകും. ഇതോടെ ഈ പാലം മഹാപ്രളയത്തിന്റെയും ഉയിർത്തെഴുന്നേൽപിന്റെയും സ്മാരകമായി ചെറുതോണിയിൽ നിലകൊള്ളും.

ചെറുതോണിയുടെ അടയാളം 

cheruthoni-bridge
ചെറുതോണിപ്പാലം പ്രളയകാലത്ത്.

1960കളിൽ ഇടുക്കി ആർച്ച് ഡാമിന്റെ നിർമാണത്തിന് സാധനങ്ങൾ കൊണ്ടുപോകാൻ കനേഡിയൻ എൻജിനീയറിങ് വൈദഗ്ധ്യത്താൽ നിർമിച്ചതായിരുന്നു പാലം. 2018ലെ മഹാപ്രളയത്തിൽ സെക്കൻഡിൽ 16 ദശലക്ഷം ലീറ്ററിലേറെ വെള്ളം കുത്തിയൊലിച്ചെത്തിയിട്ടും ഒരു പോറൽ പോലും ഏൽക്കാതെ നിന്നതു സാങ്കേതിക വിദഗ്ധരെ പോലും അദ്ഭുതപ്പെടുത്തി. കുത്തൊഴുക്കിൽ പെട്ട് ഒഴുകിയെത്തിയ, 300 വർഷത്തിലേറെ പഴക്കമുള്ള കൂറ്റൻ ഈട്ടിത്തടിയും ആന പിടിച്ചാൽ അനങ്ങാത്ത തേക്കിൻതടിയും വന്നിടിച്ചിട്ടും പാലത്തിന് ക്ഷതമേറ്റില്ല.

പാലത്തിനു തൊട്ടു മുന്നിലായി ചെറുതോണിപ്പുഴയ്ക്ക് കുറുകെ ജില്ലാ പഞ്ചായത്ത് നിർമിച്ചിരുന്ന ചെക്ഡാമിന്റെ ഒരു ഭാഗം കുത്തൊഴുക്കിൽ തകർന്ന്  പാലത്തിന്റെ തൂണിൽ ആഞ്ഞടിച്ചിട്ടും പാലം കുലുങ്ങിയിരുന്നില്ല. സബ്മെഴ്സിബിൾ ബ്രിജ് എന്നാണ് ഇന്ത്യൻ എൻജിനീയർമാർ ചെറുതോണി പാലത്തെ വിശേഷിപ്പിക്കുന്നത്. 

ഇത്തരം പാലങ്ങൾക്കു മുകളിൽ ഒരു മീറ്റർ ഉയരത്തിൽ വെള്ളം കയറി ഒഴുകിയാലും ഒന്നും സംഭവിക്കില്ലെന്നാണ് എൻജിനീയർമാരുടെ നിഗമനം. എന്നാൽ, പ്രളയ കാലത്ത് ചെറുതോണിപ്പാലം കവിഞ്ഞ് മൂന്ന് മീറ്ററിലേറെ ഉയരത്തിൽ വെള്ളം ഒഴുകിയത് ചരിത്രം. അണക്കെട്ടിൽ നിന്നുള്ള വെള്ളമൊഴുക്കിനെത്തുടർന്ന് അപ്രോച്ച് റോഡ് താറുമാറായതോടെ  ഗതാഗതം ഏതാനും ദിവസം നിലച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com