മഴുവടിയിൽ കടുത്ത ശുദ്ധജല ക്ഷാമം; 500 ലീറ്റർ വെള്ളം വേണമെങ്കിൽ 300 രൂപ നൽകണം
Mail This Article
ചെറുതോണി ∙ വേനൽ കടുത്തതോടെ കഞ്ഞിക്കുഴി പഞ്ചായത്തിലെ മഴുവടിയിൽ ശുദ്ധജല ക്ഷാമം രൂക്ഷമായി. മഴുവടി അമ്പലക്കവലയിലെ നൂറോളം കുടുംബങ്ങളാണ് തുള്ളി വെള്ളത്തിനായി വേനൽ ആരംഭത്തിൽ തന്നെ നെട്ടോട്ടം ഓടുന്നത്. സർക്കാരിന്റെ ജലനിധി പദ്ധതി യാഥാർഥ്യമാകുമെന്ന പ്രതീക്ഷയിൽ കാലങ്ങളായി കഴിയുന്ന ഈ കുടുംബങ്ങൾ ദിവസേന ഇപ്പോൾ വെള്ളം വില കൊടുത്തു വാങ്ങിയാണ് അത്യാവശ്യ വീട്ടുകാര്യങ്ങൾ നടത്തുന്നത്.
500 ലീറ്റർ വെള്ളം വേണമെങ്കിൽ 300 രൂപ നൽകേണ്ട ഗതികേടിലാണ് അമ്പലക്കവല നിവാസികൾ. ജലനിധി പദ്ധതി പ്രഖ്യാപിച്ചിട്ടു വർഷങ്ങൾ പലതു കഴിഞ്ഞ പഞ്ചായത്തിലാണ് ഇങ്ങനെയൊരു ദുരവസ്ഥ. ജലനിധി പദ്ധതിയുടെ ഭാഗമായി മഴുവടിയിൽ വർഷങ്ങൾക്കു മുൻപ് നിർമിച്ച കുളം ജലസമൃദ്ധമാണ്. ഇവിടെ നിന്നും വെള്ളം സംഭരണ ടാങ്കുകളിൽ എത്തിച്ച് കുടുംബങ്ങളിലേക്ക് എത്തിച്ചു നൽകാനായിരുന്നു ലക്ഷ്യം. ഇതിന്റെ ഭാഗമായി 13 വർഷം മുൻപ് കുളം നിർമിച്ച് പൈപ്പ് ലൈനും സ്ഥാപിച്ചിരുന്നു.
ഇതിനായി ഉപഭോക്താക്കളിൽ നിന്നും 4000 രൂപ വീതം അന്ന് വാങ്ങിയിരുന്നു. എന്നാൽ നാളിതു വരെയായി ഒരു ദിവസം പോലും ഇവർക്ക് വെള്ളം എത്തിച്ചു കൊടുക്കാൻ ജലനിധിക്കു കഴിഞ്ഞിട്ടില്ല. കാലി വളർത്തലും, തൊഴിലുറപ്പ് ജോലികളും ഉപജീവന മാർഗമായി സ്വീകരിച്ചവരാണ് ഇവിടെയുള്ളത്. ശുദ്ധജലക്ഷാമം ഇവരെ വല്ലാതെ വലയ്ക്കുകയാണ്. അടിയന്തരമായി സ്ഥലം എംഎൽഎ കൂടിയായ ജലവിഭവ വകുപ്പ് മന്ത്രി പ്രശ്നത്തിൽ ഇടപെടണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.