തൊടുപുഴയിൽ ‘തകർക്കൽ’ തകൃതി
Mail This Article
ആകെയുള്ള 93 കെഎസ്ആർടിസി ഡിപ്പോകളിൽ 73 ഇടങ്ങളിലെയും ശുചിമുറി ഉപയോഗയോഗ്യമല്ല എന്നാണു കെഎസ്ആർടിസിയുടെ തന്നെ റിപ്പോർട്ട്. രണ്ടാഴ്ചയ്ക്കുള്ളിൽ ഈ ഡിപ്പോകളിലെല്ലാം പുതിയ ശുചിമുറി നിർമിക്കാൻ 5 ലക്ഷം രൂപ വീതം നൽകാനും ഈ മാസം തന്നെ പണി തീർത്തില്ലെങ്കിൽ യൂണിറ്റ് ഓഫിസർമാർക്കെതിരെ നടപടിയെടുക്കാനും മന്ത്രി ആന്റണി രാജു ഉത്തരവിടുകയും ചെയ്തു. ഈ സാഹചര്യത്തിൽ, ജില്ലയിലെ വിവിധ ഡിപ്പോകളിലെ ശുചിമുറിയുടെ അവസ്ഥ എങ്ങനെ ? ഒരന്വേഷണം...
ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾക്കകം തന്നെ തൊടുപുഴ കെ എസ്ആർടിസി ഡിപ്പോയിലെ ശുചിമുറികളിൽ പലതും ഉപയോഗശൂന്യമായി. പിന്നിൽ, സാമൂഹികവിരുദ്ധരെന്നു ഡിപ്പോ അധികൃതർ. മദ്യലഹരിയിൽ ഇത്തരക്കാർ ശുചിമുറിയുടെ വാതിലും ഫ്ലഷ് ടാങ്കും പൈപ്പുകളുമൊക്കെ നശിപ്പിക്കുന്നതു തുടർക്കഥയാകുകയാണ്.
ബസ് ടെർമിനൽ ഉദ്ഘാടനം കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞപ്പോൾ തന്നെ സാമൂഹികവിരുദ്ധർ ശുചിമുറിക്കുള്ളിലെ 2 ഫ്ലഷ് ടാങ്കുകളും പൈപ്പുകളും നശിപ്പിച്ചിരുന്നു. പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായിട്ടില്ലെന്നും ആക്ഷേപമുണ്ട്. പുരുഷന്മാരുടെ ശുചിമുറി ബ്ലോക്കിലെ ഒരുവശത്തെ ടോയ്‌ലറ്റുകൾ ഉപയോഗിക്കാനാകാത്ത നിലയിലാക്കിയതോടെ ഇവയുടെ വാതിലുകൾ ഇപ്പോൾ കയർ ഉപയോഗിച്ചു കെട്ടിയിരിക്കുകയാണ്.
4 ശുചിമുറികൾ മാത്രമാണ് ഉപയോഗിക്കാനാവുന്നത്. അതേ സമയം, യൂറിനൽ ബ്ലോക്കിൽ കാര്യമായ പ്രശ്നങ്ങളില്ല. ശുചിമുറിയിലെ ഭിത്തിയിൽ അശ്ലീലവാക്കുകൾ എഴുതിയിട്ടുണ്ട്. ശുചിമുറിയുടെ പുറത്തു വരെ പലപ്പോഴും ദുർഗന്ധം അനുഭവപ്പെടുന്നതായും പരാതിയുണ്ട്. ഉടൻ പണം ലഭ്യമാകുമെന്നും ശുചിമുറികളെല്ലാം ഉപയോഗയോഗ്യമാക്കു മെന്നും അധികൃതർ പറഞ്ഞു.
മൂലമറ്റത്ത് വേണം ശുചിമുറി
∙ മൂലമറ്റം കെഎസ്ആർടിസി ബസ് സ്റ്റേഷനിൽ യാത്രക്കാർക്കായി ശുചിമുറി സൗകര്യമില്ല. ഇവിടെ എത്തുന്നവർ മറ്റു സംവിധാനങ്ങൾ തേടേണ്ട അവസ്ഥയിലാണ്. ഓഫിസ് മുറിയോടു ചേർന്നു ജീവനക്കാർ ഉപയോഗിക്കുന്ന ശുചിമുറിയുണ്ട്. അത്യാവശ്യക്കാർ ഇവിടെയാണു പ്രാഥമികാവശ്യങ്ങൾ നിറവേറ്റുന്നത്.
മൂന്നാറിൽ ‘ക്ലീൻ’
∙ കെഎസ്ആർടിസി മൂന്നാർ ഡിപ്പോയിലെ ശുചിമുറികൾ വൃത്തിയുള്ളവയാണ്. യാത്രക്കാർക്ക് ഉപയോഗിക്കുന്നതിനായി ടെർമിനലിനുള്ളിൽ എട്ടും 100 രൂപയുടെ സ്ലീപ്പർ കോച്ചിൽ താമസിക്കുന്നവർക്കായി പതിനേഴും ശുചിമുറികളാണു ഡിപ്പോയിലുള്ളത്.
ശുചിമുറികൾ പരിപാലിക്കുന്നതിനായി ഡിപ്പോയിൽ ഒരു ജീവനക്കാരിയെ പ്രത്യേകമായി നിയമിച്ചിട്ടുണ്ട്. മറ്റു ഡിപ്പോകളിൽ നിന്ന് വ്യത്യസ്തമായി വളരെ മികച്ചതും വൃത്തിയുള്ളതുമാണു മൂന്നാർ ഡിപ്പോയിലെ ശുചിമുറികൾ.