നാടുകാണി പവലിയനിലെ മിനിപാർക്ക് നാശത്തിന്റെ വക്കിൽ
Mail This Article
കുളമാവ് ∙ നാടുകാണി പവലിയൻ കാണാൻ എത്തുന്നവരെ സ്വീകരിക്കുന്നത് പൊട്ടിപ്പൊളിഞ്ഞ കളിപ്പാട്ടങ്ങൾ. കോവിഡ് കാലത്തിനു മുൻപ് പ്രവർത്തനം ആരംഭിച്ച പവലിയനോടു ചേർന്ന മിനി പാർക്ക് നാശത്തിന്റെ വക്കിലാണ്. ഏതാനും കളിപ്പാട്ടങ്ങൾ മാത്രമാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. ഇവ തുരുമ്പെടുത്തനിലയിലാണ്. പവലിയനിൽ ഉണ്ടായിരുന്ന ദൂരദർശിനി തകരാറായിട്ട വർഷങ്ങൾ കഴിഞ്ഞെങ്കിലും പുതിയത് സ്ഥാപിക്കാൻ നടപടിയായില്ല.
ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നായ നാടുകാണി പവലിയനിൽ എത്തുന്ന സഞ്ചാരികൾ നിരാശരായാണ് മടങ്ങുന്നത്. എന്നാൽ പ്രവേശന നികുതിയിനത്തിൽ ഒരാൾക്ക് 25 രൂപ വാങ്ങുന്നുണ്ട്. ഹൈറേഞ്ചിൽ നിന്നും ലോറേഞ്ചിന്റെ കാഴ്ചകൾ കാണാൻ ഏറ്റവും അനുയോജ്യമായ സ്ഥലമാണിത്. വാഗമൺ മലനിരകൾ മുതൽ കൊച്ചി വരെ നേർക്കാഴ്ച ലഭിക്കുന്ന സ്ഥലമാണിവിടം.
ഇവിടെ നിന്ന് ഫോട്ടോ എടുക്കുന്നതിനായി ദിവസവും ഒട്ടേറെ സഞ്ചാരികളാണ് ഇവിടെ എത്തിയിരുന്നത്. എന്നാൽ യാതൊരു സൗകര്യവും നൽകാതെ ഭീമമായ നിരക്ക് ഈടാക്കുന്നതിൽ ഇവിടെ എത്തുന്ന സഞ്ചാരികൾ നിരാശരായാണ് മടങ്ങുന്നത്. ലോറേഞ്ചിലെ ചൂടിനു ശമനം കിട്ടുന്നതിന് നാടുകാണിയിലെ കുളിർ കാറ്റ് ആശ്വാസമാണ്. നാടുകാണിയിൽ നിന്നും മലങ്കര ജലാശയത്തിന്റെ നേർക്കാഴ്ച നയനാന്ദകരമാണ്.
10 കിലോമീറ്ററോളം നീളത്തിൽ മലങ്കര ജലാശയം നേരിട്ട് കാണാൻ കഴിയും. തൊടുപുഴ- പുളിയൻമല സംസ്ഥാന പാതയോരത്ത് നിന്നും വെറും 200 മീറ്റർ മാത്രം ദൂരെയാണ് പവലിയൻ. പ്രകൃതി ഭംഗി ആസ്വദിച്ച് വിശ്രമിക്കാൻ പറ്റിയ തണുപ്പും മഞ്ഞും നിറഞ്ഞ പ്രദേശമാണിവിടം. മൂലമറ്റം വൈദ്യുതി നിലയം നിർമിക്കുന്നതിനിടെ കനേഡിയൻ എൻജിനീയർമാർ പണിത കെട്ടിടമാണിത്.
സമുദ്ര നിരപ്പിൽ നിന്നും ഏകദേശം 3000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടെ നിന്നും നോക്കിയാൽ ഇടുക്കി, എറണാകുളം ജില്ലകളുടെ ഒട്ടേറെ സ്ഥലങ്ങൾ കാണാൻ സാധിക്കും. എന്നാൽ ഹൈഡൽടൂറിസത്തിനു കീഴിലുള്ള ഈ പവലിയൻ സഞ്ചാരികൾക്ക് ഉപയോഗപ്രദമാക്കണമെന്നും അതുവരെ അമിത നിരക്ക് വാങ്ങുന്നത് ഒഴിവാക്കണമെന്നുമാണ് നാട്ടുകാരൂടെ ആവശ്യം.