കൂകിപ്പായട്ടെ കാഴ്ചകൾ! ആവി എൻജിൻ മാതൃകയിൽ വാച്ച് ടവർ സജ്ജം
Mail This Article
മൂന്നാർ ∙ പഴമയുടെ തനിമ പുനരാവിഷ്കരിച്ച് മൂന്നാറിലെ പഴയ ട്രെയിനിന്റെ ആവി എൻജിൻ മാതൃകയിൽ ചിത്തിരപുരം രണ്ടാം മൈലിൽ സഞ്ചാരികൾക്കായി വാച്ച് ടവർ തയാറായി. കൊച്ചി- ധനുഷ്കോടി ദേശീയപാതയിൽ രണ്ടാം മൈലിലെ വ്യൂ പോയിന്റിലാണ് പള്ളിവാസൽ പഞ്ചായത്ത് 10 ലക്ഷം രൂപ ചെലവിട്ട് വ്യത്യസ്തമായ വാച്ച് ടവർ നിർമിച്ചത്.
പഞ്ചായത്തിന്റെ രണ്ടാം മൈൽ സൗന്ദര്യവൽക്കരണ പദ്ധതിയുടെ ഭാഗമായാണ് ചിത്തിരപുരം രണ്ടാം മൈലിൽ നിന്നുള്ള പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ സഞ്ചാരികൾക്കായി മുകൾ നിലയിൽ വാച്ച് ടവറും താഴെ ബസ് കാത്തിരിപ്പുകേന്ദ്രം, പൊലീസ് എയ്ഡ് പോസ്റ്റ് എന്നിവ നിർമിച്ചിരിക്കുന്നത്.
1924ലെ വെള്ളപ്പൊക്കത്തിൽ തകർന്ന മൂന്നാറിലെ പഴയ ആവി ട്രെയിൻ എൻജിന്റെ മാതൃകയിൽ മൂന്നു നിലകളിലായാണ് വാച്ച് ടവർ. ഏറ്റവും മുകൾനിലയിൽ സഞ്ചാരികൾക്ക് നിന്ന് സെൽഫി എടുക്കുന്നതിനുള്ള സൗകര്യവുമുണ്ട്. വാച്ച് ടവറിൽ നിന്ന് കിലോമീറ്ററുകൾ ദൂരത്തുള്ള പ്രകൃതി ദൃശ്യങ്ങളും ഇടുക്കി അണക്കെട്ടും കാണാം. പഞ്ചായത്ത് പ്രസിഡന്റ് വി. ജി. പ്രതീഷ് കുമാർ,
പഞ്ചായത്ത് അസിസ്റ്റൻറ് എൻജിനീയർ ആർ.എൽ.വൈശാഖ് എന്നിവരുടെ നേതൃത്വത്തിലാണ് വാച്ച് ടവറിന്റെ ഡിസൈൻ തയാറാക്കിയത്. വാച്ച് ടവർ ഉടൻ തന്നെ പൊതുജനങ്ങൾക്കായി തുറന്നു നൽകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികളിൽ ഭൂരിഭാഗവും പ്രകൃതി ഭംഗി ആസ്വദിക്കാൻ രണ്ടാം മൈലിൽ ദിവസവും എത്താറുണ്ട്.