പൊട്ടിവിടരട്ടെ വിഷു ആഘോഷം
Mail This Article
തൊടുപുഴ ∙ വിഷുവിനു വേണേൽ വീട്ടിലൊരു പൂരം തന്നെ ഒരുക്കാം. വർണവിസ്മയം തീർക്കാൻ മയിലും ഹെലികോപ്റ്ററും ഡിസ്കോ ഡാൻസുമെല്ലാം റെഡി. എല്ലാം വിഷു വിപണിയിലെ പടക്കങ്ങളാണ്. ഇവയെല്ലാം ഹരിത പടക്കങ്ങളുമാണ്. വിഷു ആഘോഷത്തിനു ഹരിത പടക്കങ്ങൾ (ഗ്രീൻ ക്രാക്കേഴ്സ്) മാത്രമേ പൊട്ടിക്കാൻ അനുമതിയുള്ളൂ. മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിർദേശപ്രകാരം രാത്രി 8 മുതൽ 10 വരെ മാത്രമേ പടക്കം പൊട്ടിക്കാവൂ. ആശുപത്രികൾ, കോടതികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ തുടങ്ങിയവയുടെ പരിസരത്ത് പടക്കം പൊട്ടിക്കരുത്. വായുമലിനീകരണം ഒഴിവാക്കണമെന്നാണ് നിർദേശം.
പടക്കം പൊട്ടിക്കാം, അൽപം കരുതലോടെ
∙ വീടിനു പുറത്തു തുറന്ന സ്‌ഥലത്തു വേണം പടക്കം പൊട്ടിക്കാൻ. മുതിർന്നവർ കൂടെയുള്ളപ്പോൾ മാത്രമേ കുട്ടികൾ പടക്കം പൊട്ടിക്കാവൂ.
∙ പൊട്ടാത്ത പടക്കം ഉടൻ ചെന്നെടുക്കരുത്. 15 മിനിറ്റിനു ശേഷം വെള്ളത്തിലിട്ടു നിർവീര്യമാക്കണം.
∙ പൂക്കുറ്റി, മത്താപ്പ് ഉൾപ്പെടെയുള്ള പടക്കങ്ങൾ കത്തിക്കുമ്പോൾ സമീപത്തെ ഉണങ്ങിയ പ്രദേശത്തേക്കു തീപ്പൊരി എത്താതെ ശ്രദ്ധിക്കണം.
∙ പടക്കങ്ങളും മറ്റും കത്തിക്കുന്നതിന് അടുത്തുതന്നെ വെള്ളം കരുതണം. എളുപ്പം തീ പടർന്നുപിടിക്കാൻ ഇടയുള്ള വസ്ത്രങ്ങൾ ധരിക്കരുത്.
∙ വളർത്തു മൃഗങ്ങളിൽ നിന്ന് അകലെ മാത്രമേ പടക്കം പൊട്ടിക്കാൻ പാടുള്ളൂ.
വിവിധ പേരുകളിൽ വിൽക്കുന്ന പടക്കങ്ങളുടെ വില
∙ പീക്കോക്ക് ക്രാക്കേഴ്സ് (1 പാക്കറ്റ്) – 200 രൂപ.
∙ ഡിസ്കോ ഡാൻസ് (1 എണ്ണം) – 25 രൂപ
∙ ചൈനീസ് ബോക്സ് (1 മുതൽ 240 വരെയുള്ള ഷോട്ടുകൾ അടങ്ങിയ ബോക്സ്) – 300 മുതൽ 3500 രൂപ വരെ.
∙ പൂക്കുറ്റി (1 എണ്ണം) – 15 മുതൽ 50 രൂപ വരെ.
∙ കമ്പിത്തിരി (1 പാക്കറ്റ് ) – 20 മുതൽ 90 രൂപ വരെ.
∙ ബീഡി പടക്കം (1 പാക്ക്, 100എണ്ണം) – 80 മുതൽ 100 രൂപ വരെ.
∙ ചക്രം (1 എണ്ണം) – 15 മുതൽ 40 രൂപ വരെ.