പടയപ്പയ്ക്ക് പഞ്ചായത്ത് വക പച്ചക്കറിത്തീറ്റ
Mail This Article
മൂന്നാർ∙ പഞ്ചായത്ത് നൽകുന്ന പച്ചക്കറികൾ തിന്നു സംതൃപ്തനായി പടയപ്പ. നല്ലതണ്ണി കല്ലാറിലെ പഞ്ചായത്ത് മാലിന്യ സംസ്കരണ പ്ലാന്റിന് മുന്നിലാണു കഴിഞ്ഞ മൂന്നു ദിവസമായി പഞ്ചായത്ത് അധികൃതരും ശുചീകരണ തൊഴിലാളികളും ചേർന്ന് പടയപ്പയ്ക്കായി പ്രത്യേക തീറ്റയൊരുക്കിയത്.
ടൗണിലെ പച്ചക്കറി മാർക്കറ്റിൽ നിന്നു മാലിന്യ സംഭരണ വാഹനത്തിൽ ഏൽപിക്കുന്നവയിൽ നിന്നു ഭേദപ്പെട്ട പച്ചക്കറികൾ പ്രത്യേകം ചാക്കുകളിൽ ശേഖരിച്ച് പ്ലാന്റിനു മുന്നിൽ പ്രത്യേക സ്ഥലത്തായി വയ്ക്കുകയാണ്. ഉച്ചകഴിഞ്ഞ സമയത്ത് പടയപ്പ എത്തി ഇവ തിന്നു കാട്ടിലേക്ക് മടങ്ങും.
ഇന്നലെ മൂന്നു മണിക്ക് എത്തിയ പടയപ്പ ഒരു മണിക്കൂർ സമയമെടുത്ത് കാരറ്റ്, കാബേജ്, കുമ്പളങ്ങ, പഴങ്ങൾ എന്നിവ തിന്ന ശേഷമാണ് മടങ്ങിയത്.ഒരു മാസമായി തീറ്റ തേടി പ്ലാന്റിലെത്തുന്ന പടയപ്പ ജൈവവളമുണ്ടാക്കാനായി സൂക്ഷിച്ചിരുന്ന പച്ചക്കറി മാലിന്യങ്ങൾ വലിച്ച് പുറത്തിട്ട് തിന്നുന്നത് പതിവായിരുന്നു. പ്ലാന്റിനുള്ളിൽ കടക്കുന്നതിനായി യന്ത്രങ്ങളും സംരക്ഷണഭിത്തികളും ഗ്രില്ലുകളും ഉൾപ്പെടെ കാട്ടാന പലപ്പോഴായി തകർത്തതുമൂലം അഞ്ചുലക്ഷം രൂപയുടെ നഷ്ടമുണ്ടായി.
തുടർന്നാണ് മാർക്കറ്റിൽ നിന്നു ശേഖരിക്കുന്നവയിൽ ഭക്ഷ്യയോഗ്യമായ പച്ചക്കറികൾ പ്ലാന്റിന് പുറത്ത് പടയപ്പയ്ക്കു തീറ്റയായി സൂക്ഷിക്കാൻ പഞ്ചായത്തധികൃതർ തീരുമാനിച്ചത്.