ക്ലീൻ തൊടുപുഴ: ഇതുവരെ പിടിയിലായത് 28 പേർ
Mail This Article
ലഹരി വസ്തുക്കൾക്കു പുറമേ നിരോധിത പുകയില ഉൽപന്നങ്ങൾ വിൽപന നടത്തുന്നവർ, ഭിക്ഷാടന മാഫിയ, മോഷണം ലക്ഷ്യമാക്കിയുള്ള ഊരുചുറ്റൽ നടത്തുന്നവർ ഉൾപ്പെടെയുള്ളവരെ പിടി കൂടുന്നതിനാണ് ക്ലീൻ തൊടുപുഴ ലക്ഷ്യമിടുന്നത്
തൊടുപുഴ∙ നഗരത്തിൽ ലഹരി വസ്തുക്കളുടെ വിൽപനയും ഉപയോഗവും തടയുന്നതിന് ഡിവൈഎസ്പി എം.ആർ.മധു ബാബുവിന്റെ നേതൃത്വത്തിൽ 2 മാസം മുൻപ് ആരംഭിച്ച ക്ലീൻ തൊടുപുഴയുടെ ഭാഗമായി ഇതുവരെ വിവിധ കേസുകളിലായി പിടികൂടിയതായത് 28 പേർ. ലഹരി വസ്തുക്കൾക്കു പുറമേ നിരോധിത പുകയില ഉൽപന്നങ്ങൾ വിൽപന നടത്തുന്നവർ, ഭിക്ഷാടന മാഫിയ, മോഷണം ലക്ഷ്യമാക്കിയുള്ള ഊരു ചുറ്റൽ നടത്തുന്നവർ ഉൾപ്പെടെയുള്ളവരെ പിടി കൂടുന്നതിനാണ് ക്ലീൻ തൊടുപുഴ ലക്ഷ്യമിടുന്നത്. സ്കൂൾ കോളജ് വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് ലഹരി വസ്തുക്കൾ എത്തിച്ചു കൊടുക്കുന്ന വൻ സംഘം മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്.
ഇത്തരത്തിലുള്ള 8 പേരെ ഇതിനകം പിടികൂടി. കൂടാതെ കോളജ് വിദ്യാർഥികളായ 3 പേരും ഇതിൽ കുടുങ്ങി. ഇതര സംസ്ഥാനക്കാരായ 3 പേരെയും പിടികൂടി. കൂടാതെ നിരോധിത പുകയില ഉൽപന്നങ്ങൾ വിൽപന നടത്തിയവർ, കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ ഉപയോഗിച്ചവർ എന്നിവരെല്ലാം പിടി കൂടിയവരിൽ പെടും. ഹോസ്റ്റലുകൾ ലോഡ്ജുകൾ ഉൾപ്പെടെ കേന്ദ്രീകരിച്ച് ലഹരി വസ്തുക്കളുടെ ഉപയോഗവും വിൽപനയും തടയുന്നതിന് പൊലീസ് ഒട്ടേറെ തവണ റെയ്ഡുകൾ നടത്തി ഏതാനും പേരെ പിടികൂടിയിരുന്നു.
നഗര പ്രദേശത്ത് സ്ഥിരം ഉപഭോക്താക്കളായ ആളുകൾക്ക് പുറമേ ഇതര സംസ്ഥാന തൊഴിലാളികൾക്കും ലഹരി വസ്തുക്കൾ വിൽപന നടത്തി വരുന്ന സംഘങ്ങളുണ്ട്. ഏതാനും മാസം മുൻപാണ് നഗരത്തിൽ ഒരു ലോഡ്ജിൽ നിന്ന് യുവാവിനെയും യുവതിയെയും എംഡിഎംഎയുമായി പൊലീസ് പിടികൂടിയത്. അതിനു ഏതാനും ദിവസം മുൻപാണ് ഇടുക്കി എആർ ക്യാംപിലെ പൊലീസുകാരനെയും സുഹൃത്തിനെയും എംഡിഎംഎ കൈമാറുന്നതിനിടെ എക്സൈസ് സംഘം മുതലക്കോടത്ത് നിന്ന് പിടികൂടിയത്.
ഏറ്റവും ഒടുവിൽ കഴിഞ്ഞ ദിവസം രാത്രി നഗരത്തിൽ ടൗൺഹാളിന് പിൻവശം ഇതര സംസ്ഥാന തൊഴിലാളികൾക്ക് കഞ്ചാവ് വിതരണം ചെയ്യുന്നതിനിടെ 3 പേരെ തൊടുപുഴ ഡിവൈഎസ്പിയും സ്ക്വാഡും ചേർന്ന് പിടികൂടി. ഏഴുമുട്ടം ചക്കാലയിൽ സനൽ സന്തോഷ്(21), തൊടുപുഴ കവണിശേരി കിരൺ മഹേഷ് (18), മാറിക പാലക്കുഴ മഞ്ചോട്ടിൽ ഷിന്റോ രാജു (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
പൊലീസ് സംഘത്തെ കണ്ട് കയ്യിലുള്ള 500 രൂപ വീതം വില വരുന്ന കഞ്ചാവ് പൊതികൾ പുഴയിലെറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ പിന്തുടർന്നു പൊലീസ് പിടികൂടുകയായിരുന്നു. പുഴയിൽ വീഴാതെ കരയിൽ വീണ രണ്ട് കഞ്ചാവ് പൊതികൾ പൊലീസ് കണ്ടെടുത്ത് കേസെടുത്തു. പ്രതികൾക്ക് എതിരെ മുൻപും കഞ്ചാവ് കേസുകളുണ്ട്. പിടിയിലായ സനലിനെ കഞ്ചാവുമായി കാമുകിക്ക് ഒപ്പം കഴിഞ്ഞ ഡിസംബറിൽ പൊലീസ് പിടികൂടിയിരുന്നു.
പിടിയിലായ ഷിന്റോ 7 റബർ മോഷണ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കൂടാതെ കൊച്ചിയിൽ എക്സൈസ് സംഘം എടുത്ത കേസിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി. ആദ്യമായി കഞ്ചാവ് ഉപയോഗിക്കാൻ ഒത്തുകൂടിയ 2 യുവാക്കളും ക്ലീൻ തൊടുപുഴയിൽ കുടുങ്ങി.
ഇന്നലെ ജ്യോതി സൂപ്പർ ബസാറിനു സമീപം വച്ച് പിടിയിലായ ഇവരിൽ നിന്ന് അഞ്ചര ഗ്രാം കഞ്ചാവ് പിടികൂടി. അളവ് കുറവായതിനാൽ ഇവരെ ജാമ്യത്തിൽ വിട്ടയച്ചു. ടൗണിലെ ടെക്സ്റ്റൈൽ ഷോറൂമിലും ജൂസ് കടയിലും ജോലി ചെയ്യൂന്ന യുവാക്കളെയാണ് എസ്എച്ച്ഒ വി.സി.വിഷ്ണുകുമാറും ഡിവൈഎസ്പി സ്ക്വാഡും ചേർന്ന് പിടികൂടിയത്.