ചിന്നക്കനാൽ ദിശയിൽ യാത്ര തുടർന്നാൽ അരിക്കൊമ്പനെ തടയാൻ സന്നാഹമൊരുക്കും: വനംവകുപ്പ്
Mail This Article
കുമളി ∙ അരിക്കൊമ്പന്റെ യാത്ര ചിന്നക്കനാലിലേക്കോ? വ്യാഴാഴ്ച അർധരാത്രി കുമളി റോസാപ്പൂക്കണ്ടത്ത് ജനവാസമേഖലയ്ക്കു സമീപമെത്തിയ കാട്ടാനയെ വനപാലകർ ആകാശത്തേക്കു വെടിവച്ചാണ് കാടുകയറ്റിയത്. ഇന്നലെ ഉച്ചയ്ക്കു ശേഷം തമിഴ്‌നാട് വനമേഖലയിൽ കടന്ന ആന ഇപ്പോൾ ദേശീയപാത കടന്ന് ലോവർ ക്യാംപ് പവർ ഹൗസിനു സമീപത്തുകൂടി കമ്പംമെട്ട് ഭാഗത്തേക്കാണ് സഞ്ചരിക്കുന്നത്.
കമ്പംമെട്ട് ഭാഗത്തുനിന്നു ഗൂഡല്ലൂർ– തേവാരം വഴി ചിന്നക്കനാൽ ലക്ഷ്യമിട്ടാണ് അരിക്കൊമ്പന്റെ സഞ്ചാരമെന്ന് സംശയമുണ്ട്. റേഡിയോ കോളറിൽ നിന്ന് ഇന്നലെ രാത്രി സിഗ്നൽ ലഭിച്ചിടത്തുനിന്ന് ചിന്നക്കനാലിലേക്കുള്ള ദൂരം 100 കിലോമീറ്ററിൽ താഴെയാണ്. ചിന്നക്കനാലിൽ നിന്നാണ് ഏപ്രിൽ 29ന് മയക്കുവെടിവച്ച് പെരിയാർ വന്യജീവി സങ്കേതത്തിലെ മേതകാനത്തിന് സമീപം ആനയെ കൊണ്ടുവിട്ടത്.
വനപാലകർക്കുനേരെ ചീറിയടുത്തു
വ്യാഴാഴ്ച രാത്രിയാണ് അരിക്കൊമ്പൻ പെരിയാർ വന്യജീവി സങ്കേതത്തോട് ചേർന്നുള്ള റോസാപ്പൂക്കണ്ടം, ഗാന്ധിനഗർ കോളനി ഭാഗങ്ങളിൽ എത്തിയത്. വനപാലകരുടെ സംഘം ശബ്ദമുണ്ടാക്കി ഗാന്ധിനഗർ കോളനിയിൽ നിന്ന് ഓടിച്ചപ്പോൾ ആന റോസാപ്പൂക്കണ്ടം ഭാഗത്തേക്കു മാറി.
ഇവിടെ നിന്നു തുരത്താൻ ശ്രമിച്ചപ്പോൾ വനംവകുപ്പ് ഡപ്യൂട്ടി ഡയറക്ടർ ഉൾപ്പെടെയുള്ള വനപാലക സംഘത്തിന് നേരെ ചിന്നം വിളിച്ചെത്തി. ഓടി മാറിയ വനപാലകർ പല തവണ ആകാശത്തേക്കു വെടിയുതിർത്തെങ്കിലും തിരിച്ചുപോകാൻ അരിക്കൊമ്പൻ കൂട്ടാക്കിയില്ല. പിന്നീടും പല റൗണ്ട് നിറയൊഴിച്ചും ബഹളംവച്ചുമാണ് ആനയെ കാടുകയറ്റിയത്.
പോയ വഴി തന്നെ മടക്കം
ചിന്നക്കനാലിൽ നിന്ന് പെരിയാർ വന്യജീവി സങ്കേതത്തിലേക്ക് കൊണ്ടുപോയ വഴിയിലൂടെത്തന്നെയാണ് ആനയുടെ മടങ്ങിവരവ്. കുമളിയിൽ നിന്ന് കൊക്കരക്കണ്ടം, കരടിക്കവല വഴിയാണ് ആനയെ മേതകാനത്തിനു സമീപം എത്തിച്ചത്.
ഇതേ വഴിയിലൂടെത്തന്നെ ഇന്നലെ കുമളി കൊക്കരക്കണ്ടം ഭാഗത്ത് തിരികെയെത്തി. രണ്ടാഴ്ച മുമ്പ് മേതകാനത്തുനിന്ന് തമിഴ്നാട്ടിലെ മേഘമലയിൽ എത്തിയ ആന അവിടെ നിന്ന് തിരിച്ച് മേതകാനത്തു വന്നതും സഞ്ചരിച്ച വഴിയിലൂടെത്തന്നെയായിരുന്നു.
ലക്ഷ്യം ചിന്നക്കനാൽ?
83 കിലോമീറ്ററാണ് ചിന്നക്കനാലിൽ നിന്നു കുമളിയിലേക്കുള്ള ദൂരം. അരിക്കൊമ്പൻ ഇപ്പോൾ നിലയുറപ്പിച്ചിട്ടുള്ള പ്രദേശത്തു നിന്ന് പശ്ചിമഘട്ടത്തിലൂടെ യാത്ര ചെയ്താൽ ചിന്നക്കനാലിലെത്താൻ 100 കിലോമീറ്ററെങ്കിലും സഞ്ചരിക്കണം. ആനയുടെ ഇപ്പോഴത്തെ സഞ്ചാരപാതയിലൂടെ മുന്നോട്ട് നീങ്ങിയാൽ കമ്പംമെട്ടും രാമക്കൽമേടും പിന്നിട്ട് മതികെട്ടാൻ ചോലയിലെത്താം. ഇവിടെനിന്ന് ചിന്നക്കനാലിലും എത്താം.
ആശങ്ക വേണ്ടെന്ന് വനം വകുപ്പ്
അതേസമയം ഇക്കാര്യത്തിൽ ആശങ്ക വേണ്ടെന്നാണ് വനം വകുപ്പിന്റെ നിലപാട്. തമിഴ്നാട്ടിലെ മൂന്ന് ഫോറസ്റ്റ് ഡിവിഷനിൽ നിന്നുള്ള ഉദ്യോഗസ്ഥരും കേരള വനം വകുപ്പ് ഉദ്യോഗസ്ഥരും അരിക്കൊമ്പനെ നിരീക്ഷിക്കുന്നുണ്ട്. ചിന്നക്കനാൽ ദിശയിലേക്കുള്ള യാത്ര തുടർന്നാൽ അരിക്കൊമ്പനെ തടയുമെന്നും ഉദ്യോഗസ്ഥർ പറയുന്നു.
ഇന്നു രാത്രിയോടെ കൊമ്പൻ പെരിയാർ കടുവാ സങ്കേതത്തിലേക്ക് തിരിച്ചെത്തും എന്നാണ് വനംവകുപ്പിന്റെ കണക്കുകൂട്ടൽ. അരിക്കൊമ്പൻ ഇന്നലെ രാത്രി കഴുതമേട്ടിലെ ഫാം ഹൗസിലായിരുന്നു. വനാതിർത്തിയോട് ചേർന്ന് കൃഷിയിടങ്ങളാണ്. അരിക്കൊമ്പൻ വരുന്ന വിവരം അറിഞ്ഞതോടെ ഇവിടെ നിന്ന് ആളുകളെയെല്ലാം മാറ്റിയിരുന്നു.
സിഗ്നൽ കിട്ടാൻ വൈകുന്നു
റേഡിയോ കോളറിൽ നിന്നുള്ള സിഗ്നലുകൾ കൺട്രോൾ റൂമിൽ ലഭിക്കാൻ വൈകുന്നതുമൂലം ആനയുടെ നീക്കങ്ങൾ കൃത്യമായി മനസ്സിലാക്കാൻ കഴിയാതെ വരുന്നുണ്ട്. സിഗ്നൽ ലഭിക്കുമ്പോഴേക്കും ആന മറ്റൊരു സ്ഥലത്ത് എത്തിയിരിക്കും. വ്യാഴാഴ്ച ഉച്ചയ്ക്ക് തേക്കടിയിൽ നെല്ലിക്കാംപെട്ടി ഭാഗത്ത് നിന്നാണ് സിഗ്നൽ ലഭിച്ചത്.
അഞ്ചുമണിയോടെ കരടിക്കവല ഭാഗത്ത് എത്തിയതായി സിഗ്നൽ ലഭിച്ചു. ഇവിടെ നിന്ന് ജനവാസ മേഖലയിൽ കടക്കാതിരിക്കാൻ വനം വകുപ്പ് ശ്രമം നടത്തിയെങ്കിലും അതെല്ലാം മറികടന്നാണ് ആന കുമളിക്കു സമീപം എത്തിയത്.