പ്രവേശനോത്സവം സൂപ്പറാക്കി വന്ദേഭാരത് ട്രെയിനും ഹെലികോപ്ടറും
Mail This Article
മുണ്ടിയെരുമ ∙ കുതിച്ചു പായുന്ന വന്ദേഭാരത് ട്രെയിനിലും ഹെലികോപ്റ്ററിലും കയറി നവാഗതർ പ്രവേശനോത്സവം സൂപ്പറാക്കി. മുണ്ടിയെരുമ ഗവ. എൽപി സ്കൂളിലാണ് വന്ദേഭാരത് ട്രെയിനും ഹെലിപ്പാട് മോഡലും കൗതുകമായത്. ‘വന്ദേഭാരത് ഹെലിപ്പാട്’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി എസ്എസ്കെ പ്രോജക്ടിന്റെ ഭാഗമായി പ്രീപ്രൈമറിയിൽ പഠന ഇടങ്ങൾ തയാറാക്കുന്നതിന്റെ ഭാഗായി നിർമിച്ചതാണ്. വന്ദേഭാരത് ട്രെയിനിന്റെ മുകളിൽ സൈനിക ഹെലികോപ്ടർ ഇറങ്ങിയിരിക്കുന്നതിന്റെ മാതൃകയിലാണ് നിർമാണം.
ട്രെയിനിന്റെ മാതൃകയിലും സൈനിക ഹെലികോപ്ടറിലും വിദ്യാർഥികൾക്ക് കയറാം. പുതിയതായി എത്തിയ വിദ്യാർഥികളെല്ലാം സൈനിക ഹെലികോപ്ടറിൽ കയറാനുള്ള തിരക്കിലായിരുന്നു. 2 ആഴ്ചകൊണ്ട് ഇടത്തറമുക്ക് പ്രിയാഭവനിൽ പ്രിൻസ് ഭുവനചന്ദ്രനാണ് വന്ദേഭാരത് ട്രെയിനിന്റെ മുകളിൽ പറന്നിറങ്ങിയ ഹെലികോപ്ടർ നിർമിച്ച ശിൽപി. സ്കൂൾ പരിസരത്ത് കൗതുമുണർത്തി ഒറിജിനലിലെ വെല്ലുന്ന വന്ദേഭാരത് ട്രെയിനും ഹെലികോപ്ടറും കുട്ടികൾക്കൊപ്പം വന്ന മാതാപിതാക്കളെയും ആകർഷിച്ചു.
സ്കൂളിൽ നടന്ന പ്രവേശനോത്സവം വാർഡ് മെംബർ വിജയലക്ഷ്മി ഇടമന ഉദ്ഘാടനം ചെയ്തു. വിദ്യാർഥികൾക്ക് കിരീടവും മധുര പലഹാരവും നൽകി സ്വീകരിച്ചു. എസ്എംസി ചെയർമാൻ എൻ.ആർ.രാജേഷ്, ടോം ലൂക്കോസ്, ഹെഡ്മിസ്ട്രസ് റെജിമോൾ മാത്യു എന്നിവർ പ്രസംഗിച്ചു.