വേനൽ അവധിക്കാലത്ത് സഞ്ചാരികൾ ഒഴുകി നിറഞ്ഞ് മൂന്നാർ; 2 ലക്ഷം പേരുടെ വർധന
Mail This Article
തൊടുപുഴ ∙ വേനൽ അവധിക്കാലം കഴിയുമ്പോൾ ഇടുക്കിയിൽ അവസാനിച്ചത് മികച്ച വിനോദ സഞ്ചാര സീസൺ. മൂന്നാറാണ് ഇതിൽ നേട്ടമുണ്ടാക്കിയ സ്ഥലം. മൂന്നാറിലെ രാജമല, ലക്കം വെള്ളച്ചാട്ടം, മറയൂർ, കാന്തല്ലൂർ, ഫ്ലവർ ഗാർഡൻ, മാട്ടുപ്പെട്ടി, കുണ്ടള, ഇക്കോ പോയിന്റ്, ടോപ് സ്റ്റേഷൻ, വട്ടവട, പാമ്പാടും ചോല, പഴയ മൂന്നാർ, ബ്ലോസംപാർക്ക്, പോതമേട് വ്യൂ പോയിന്റ്, ആറ്റുകാട് വെള്ളച്ചാട്ടം ഇവിടങ്ങളിലേക്ക് സഞ്ചാരികൾ ഒഴുകിയെത്തി. വനംവകുപ്പിന്റെ കീഴിലുള്ള രാജമലയിൽ ഏപ്രിൽ മാസത്തിൽ 70,535 പേരും മെയ് 29 വരെ 89,818 പേരും സന്ദർശിച്ചു. പാമ്പാടുംചോല ദേശീയ ഉദ്യാനത്തിൽ മാർച്ചിൽ 16,560 പേരും ഏപ്രിൽ മാസത്തിൽ 28,160 പേരും സന്ദർശനം നടത്തി.
ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ കീഴിലുള്ള ബൊട്ടാണിക്കൽ ഗാർഡനിൽ 28,040 പേരാണ് ഏപ്രിലിൽ സന്ദർശനം നടത്തിയത്. മൂന്നാർ ഫ്ലവർ ഷോ നടന്ന മേയ് മാസത്തിൽ ബൊട്ടാണിക്കൽ ഗാർഡനിൽ 1,16,133 പേരും സന്ദർശനത്തിനെത്തി. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന് കീഴിലുള്ള സ്ഥലങ്ങളും മികച്ച നേട്ടമുണ്ടാക്കി. രാമക്കൽമേട്, അരുവിക്കുഴി, എസ്.എൻ. പുരം, വാഗമൺ, പാഞ്ചാലിമേട്, ഹിൽവ്യൂ പാർക്ക്, എന്നിവിടങ്ങളിൽ ഏപ്രിൽ, മേയ് മാസങ്ങളിൽ 2022ലെ ഇതേ മാസങ്ങളെ അപേക്ഷിച്ച് 2 ലക്ഷം പേരുടെ വർധനയാണ് ഉണ്ടായത്. വാഗണിൽ മേയ് മാസത്തിൽ 1,26,784 പേരാണ് എത്തിയത്.
തദ്ദേശ ടൂറിസ്റ്റുകളുടെ വരവാണ് ഇടുക്കിയിലേക്ക് പ്രധാനമായും കൂടിയത്. അവധിക്കാലമായതും കേരളത്തിന്റെ മറ്റ് മേഖലകളിൽ വേനൽക്കാലത്ത് താപനില ഉയർന്നതുമാണ് മൂന്നാറിലേക്ക് സഞ്ചാരികൾ കൂടുതലായി എത്താൻ കാരണമായത്. ഇക്കാലയളവിൽ മിക്ക ദിവസങ്ങളിലും രാത്രിയിൽ 10 ഡിഗ്രിയിൽ താഴെയാണ് മൂന്നാർ, വാഗമൺ പ്രദേശങ്ങളിലെ കാലാവസ്ഥ. ദേശീയപാത നവീകരണവും സമൂഹമാധ്യമങ്ങളിലെ ക്യാംപെയ്നും സഞ്ചാരികളുടെ വരവിനെ ആകർഷിച്ചതായി ടുറിസം വകുപ്പ് അധികൃതർ പറഞ്ഞു.