മറയൂർ ശർക്കരയുടെ വ്യാജൻ വ്യാപകം; നടപടി വേണമെന്നാവശ്യം
Mail This Article
മറയൂർ∙ ഭൗമസൂചികയിൽ ഇടംനേടിയ മറയൂർ ശർക്കരയ്ക്ക് ബദലായി തമിഴ്‌നാട്ടിൽനിന്നു വ്യാജൻ എത്തുന്നതായി പരാതി. വ്യാജനെതിരെ നടപടി വേണമെന്ന ആവശ്യവുമായി കർഷകർ കൃഷി ഓഫിസർക്ക് പരാതി നൽകി. നാച്ചിവയൽ സ്വദേശി ആർ.സേവ്യർ, പെരിയപെട്ടി സ്വദേശി പരമശിവൻ, മാശിവയൽ സ്വദേശി ടി.പാണ്ടി എന്നിവരടങ്ങുന്ന കർഷകരാണ് പരാതി നൽകിയത്.
ഉപഭോക്താക്കൾക്കിടയിൽ മറയൂർ ശർക്കരയ്ക്കുള്ള പ്രചാരം കണക്കിലെടുത്താണ് അമിത ലാഭത്തിനായി പ്രദേശത്തെ ചിലർ തമിഴ്‌നാട്ടിൽനിന്ന് ശർക്കര നേരിട്ടെത്തിച്ചു വിറ്റഴിക്കുന്നത്. ഇത് പരമ്പരാഗതമായി ശർക്കര ഉൽപാദിപ്പിക്കുന്ന കർഷകർക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്.
കൂടാതെ പ്രദേശത്തെത്തുന്ന വിനോദ സഞ്ചാരികളിലും മറ്റും ഉപ്പുരസം കൂടിയ വ്യാജ ശർക്കര വിറ്റഴിക്കുന്നതിലൂടെ യഥാർഥ മറയൂർ ശർക്കരയുടെ പ്രചാരത്തിന് കോട്ടം തട്ടുമെന്നും കർഷകർ പരാതിയിൽ പറയുന്നു. വ്യാജ ശർക്കര എത്തിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.