ADVERTISEMENT

പീരുമേട് ∙ ദിവസങ്ങളായി മേഖലയിലെ ജനവാസകേന്ദ്രങ്ങളിൽ തമ്പടിച്ചിരുന്ന വാഴക്കൊമ്പനും രണ്ടു പിടിയാനകളും വനാതിർത്തിയിലേക്കു മടങ്ങി. ചൊവ്വ ഉച്ചതിരിഞ്ഞു മുതൽ കാട്ടാനക്കൂട്ടത്തെ കണ്ടിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു. എന്നാൽ ഇവ ഉൾക്കാട്ടിലേക്കു മടങ്ങിയെന്ന് ഉറപ്പാക്കാൻ വനപാലകരുടെ സംഘം നിരീക്ഷണവും പരിശോധനയും തുടരുകയാണ്. ജനവാസകേന്ദ്രങ്ങളിൽ നിന്നു 2 കിലോമീറ്റർ അകലത്തിലേക്ക് ആനക്കൂട്ടം മാറിയതായി കഴിഞ്ഞ ദിവസം വനം വകുപ്പ് സ്ഥിരീകരിച്ചിരുന്നു.

ഐഎച്ച്ആർഡി കോളജ്, പീരുമേട് ട്രഷറി ക്വാർട്ടേഴ്സ് പരിസരം, പീരുമേട് – കുട്ടിക്കാനം സമാന്തരപാത എന്നിവിടങ്ങളിലാണ് കഴിഞ്ഞ ഒരാഴ്ചയായി ഇവ നിലയുറപ്പിച്ചിരുന്നത്. വീടുകളുടെ ഗേറ്റ്, സംരക്ഷണ ഭിത്തി, കൃഷി വിളകൾ എന്നിവ മൂന്നംഗ സംഘം നശിപ്പിച്ചു. ഐഎച്ച്ആർഡി കോളജിൽ ക്ലാസുകൾ സാധാരണ നിലയിൽ തുടങ്ങി. ജനവാസകേന്ദ്രത്തിലേക്ക് എത്തിയ കൊമ്പന്റെ പ്രധാന ഭക്ഷണം വാഴയാണ്. ഇതെ തുടർന്ന് പ്രദേശവാസികൾ കൊമ്പനു ‘വാഴക്കൊമ്പൻ’ എന്നു പേരു സമ്മാനിക്കുകയായിരുന്നു. 

അരമനക്കാടിനുള്ളിൽ തമ്പടിച്ച് ആനക്കൂട്ടം

നെടുങ്കണ്ടം ∙ കേരള – തമിഴ്നാട് അതിർത്തിയിലെ അരമനക്കാടിനുള്ളിൽ തമ്പടിച്ച് ആനക്കൂട്ടം. കഴിഞ്ഞ ദിവസം ആടുകിടന്താൻ മേഖലയിലെത്തിയ ആനക്കൂട്ടമാണ് അതിർത്തിയിലെ അരമനക്കാട്ടിൽ തുടരുന്നത്. വനംവകുപ്പ് ആനക്കൂട്ടത്തെ തുരത്താൻ ശ്രമം നടത്തിയെങ്കിലും ആനക്കൂട്ടം തിരികെ ഉൾക്കാട്ടിലേക്കു മടങ്ങാൻ കൂട്ടാക്കുന്നില്ല. ഉടുമ്പൻചോല ആടുകിടന്താനിൽ ഞായർ രാത്രി 9ന് എത്തിയ ആനക്കൂട്ടം കൃഷിയിടങ്ങളിലെ പൈപ്‌ലൈനുകളും ജലവിതരണ സംവിധാനവും തകർത്തിരുന്നു. ഏതാനം ദിവസം മുൻപ് ചതുരംഗപ്പാറയിലും ആനക്കൂട്ടം ഷെഡ് തകർത്തിരുന്നു. രണ്ടാഴ്ച മുൻപും ഇവിടെയുള്ള കൃഷിയിടത്തിലിറങ്ങി ഏലം, വാഴ കൃഷികൾ ആനക്കൂട്ടം നശിപ്പിച്ചിരുന്നു. ഒരു കൊമ്പനും 3 പിടിയാനകളും കുട്ടിയാനയുമാണ് സംഘത്തിലുള്ളത്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് നിരീക്ഷണം ആരംഭിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com