റോഡ് ടാറിങ് പാതിവഴിയിൽ; നാട്ടുകാർക്ക് പൊടി ദുരിതം
Mail This Article
സോളിങ് പൂർത്തിയാക്കിയ റോഡിൽ വാഹനങ്ങൾ പോകുമ്പോൾ സദാസമയവും പൊടി ഉയർന്ന് വീടുകളിലേക്കും വ്യാപാര സ്ഥാപനങ്ങളിലും കയറുകയാണെന്ന് നാട്ടുകാർ
ചിന്നക്കനാൽ∙ പവർഹൗസ് മുതൽ ചിന്നക്കനാൽ വരെയുള്ള 3 കിലോമീറ്റർ റോഡിന്റെ നിർമാണം ആരംഭിച്ച് മാസങ്ങൾ കഴിഞ്ഞെങ്കിലും ടാറിങ് പൂർത്തിയാക്കാത്തതിനാൽ പ്രദേശവാസികൾ ബുദ്ധിമുട്ടിൽ. സോളിങ് പൂർത്തിയാക്കിയ റോഡിൽ വാഹനങ്ങൾ പോകുമ്പോൾ സദാസമയവും പൊടി ഉയർന്ന് വീടുകളിലേക്കും വ്യാപാര സ്ഥാപനങ്ങളിലും കയറുകയാണെന്ന് നാട്ടുകാർ പറയുന്നു.
പൊടിശല്യം രൂക്ഷമാകുമ്പോൾ കരാറുകാർ വെള്ളം തളിക്കാറുണ്ടെങ്കിലും വിനോദ സഞ്ചാരികളുടേതുൾപ്പെടെ നൂറ് കണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡിൽ ഇത് ശാശ്വതമല്ല. പൊടിശല്യം മൂലം കുട്ടികൾക്കും പ്രായമായവർക്കും ശ്വാസകോശ രോഗങ്ങൾ പിടിപെടുന്നതായും നാട്ടുകാർ പറയുന്നു.
2 ഘട്ടങ്ങളിലായാണ് റോഡിന്റെ നിർമാണം ആരംഭിച്ചതെന്നും സ്വകാര്യ തേയില കമ്പനിയുടെ ഭൂമിയുള്ള സ്ഥലത്ത് അവരുടെ അനുമതി ലഭിക്കാൻ വൈകിയതാണ് നിർമാണം വൈകാൻ കാരണമെന്ന് റോഡ് നിർമാണം കരാറെടുത്തിരിക്കുന്ന ലേബർ കോൺട്രാക്ട് സൊസൈറ്റി അധികൃതർ പറഞ്ഞു. 1.3 കിലോമീറ്റർ ദൂരത്തെ നിർമാണ ജോലികളെല്ലാം പൂർത്തിയാക്കി ബിഎംബിസി ടാറിങ് ഉടൻ നടത്തുമെന്നും കരാർ കമ്പനി വ്യക്തമാക്കി.