പനിപ്രതിരോധം കട്ടപ്പുറത്ത്
Mail This Article
തൊടുപുഴ ∙ മഴ ശക്തമായതോടെ ഡെങ്കിപ്പനി, വൈറൽ പനി ഉൾപ്പെടെയുള്ള രോഗങ്ങളും പകർച്ചവ്യാധികളും പടരുമ്പോഴും പ്രതിരോധ പ്രവർത്തനങ്ങൾക്ക് വാഹനം ഓടിക്കാൻ അനുമതി ലഭിക്കാതെ ആരോഗ്യ വകുപ്പ്. തൊടുപുഴയിലെ ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിലെ വാഹനം ഓടിക്കാൻ അനുമതിയില്ലാതെ വന്നതോടെ പ്രതിരോധ പ്രവർത്തനങ്ങളും അവതാളത്തിലായി. കാലപ്പഴക്കമാണ് അനുമതി ലഭിക്കാത്തതിന് കാരണം. ഇവിടെ ജോലി ചെയ്തിരുന്ന ഡ്രൈവറെ അടിമാലിക്ക് സ്ഥലം മാറ്റി.
കൊതുകു നിയന്ത്രണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകേണ്ട സ്ഥാപനത്തിന് വാഹനം ഇല്ലാത്തതു മൂലം ജില്ലയിലെ ഡെങ്കിപ്പനി ബാധിത പ്രദേശങ്ങളിൽ ഉറവിട നശീകരണം, ഫോഗിങ്ങ്, സ്‌പ്രേയിങ്ങ് തുടങ്ങിയ ജോലികൾക്കായി വെക്ടർ കൺട്രോൾ യൂണിറ്റിൽ നിന്ന് ജീവനക്കാരെ എത്തിക്കാനും പ്രതിരോധപ്രവർത്തനങ്ങൾ നടത്താനും കഴിയുന്നില്ലെന്നാണ് ആക്ഷേപം. പതിനഞ്ചു വർഷം പൂർത്തിയായ വാഹനങ്ങൾക്ക് അനുമതി പുതുക്കി നൽകാത്തതാണ് പ്രശ്‌നമായത്.
ജില്ലയിൽ ആരോഗ്യ വകുപ്പിന്റെ 26 വാഹനങ്ങളാണ് ഇത്തരത്തിൽ ഓടിക്കാൻ അനുമതിയില്ലാതെ കിടക്കുന്നത്. ഓടാതായ വാഹനങ്ങളുടെ ഡ്രൈവർമാരെ എവിടെ പുനർവിന്യസിക്കു മെന്നും ആരോഗ്യവകുപ്പിന് നിശ്ചയമില്ല. ഡെങ്കിപ്പനിക്ക് പുറമേ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മലമ്പനി, മന്ത് എന്നിവ പരത്തുന്ന കൊതുകുകളുടെ സന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്. ചിലയിടങ്ങളിൽ ചെള്ളു പനിയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ സമയത്താണ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തേണ്ട സർക്കാർ സ്ഥാപനത്തിലെ വാഹനം കട്ടപ്പുറത്തായത്.