മൂന്നാറിന് നാറുന്നു, മാലിന്യം തള്ളലിന് കുറവില്ല; വാഹനത്തിന് തലചായ്ക്കാൻ മൂന്നാറിലിടമില്ല
Mail This Article
മൂന്നാർ ∙ 2018ലെ പ്രളയത്തിനും കോവിഡ് നിയന്ത്രണങ്ങൾക്കും ശേഷം ടൂറിസം പൂർണ തോതിൽ മടങ്ങിയെത്തിയ ഈ വർഷം മൂന്നാറിലേക്ക് വിനോദസഞ്ചാരികളുടെ കുത്തൊഴുക്കായിരുന്നു. ഏറ്റവും തിരക്ക് അനുഭവപ്പെട്ട മേയ് മാസം നാലു ലക്ഷത്തിലധികം സഞ്ചാരികൾ എത്തിയതായാണ് കണക്ക്. സഞ്ചാരികളുടെ തിരക്ക് വർധിച്ചതിനെ തുടർന്ന് ദിവസേന മേയ് മാസത്തിൽ പത്തു ടണ്ണിലധികം മാലിന്യമാണ് ഓരോ ദിവസവും പഞ്ചായത്ത് ശേഖരിച്ചത്. വീടുകൾ, വ്യാപാര സ്ഥാപനങ്ങൾ, റിസോർട്ടുകൾ തുടങ്ങി എല്ലായിടങ്ങളിൽ നിന്നും തരം തിരിച്ച ജൈവ – അജൈവ മാലിന്യങ്ങൾ പഞ്ചായത്തിന്റെ നേതൃത്വത്തിൽ എല്ലാ ദിവസവും ശേഖരിക്കുന്നുണ്ട്.
നല്ലതണ്ണി കല്ലാറിലെ പഞ്ചായത്ത് വക മാലിന്യ സംസ്കരണ പ്ലാന്റിലെത്തിച്ച് ജൈവ മാലിന്യങ്ങൾ ജൈവവളമാക്കി മാറ്റുകയാണ് ചെയ്യുന്നത്. പ്ലാസ്റ്റിക് പ്രത്യേകം വേർതിരിച്ചു വിറ്റുവരുന്നു. മാലിന്യ സംഭരണം പഞ്ചായത്ത് കാര്യക്ഷമമായി നടത്തുമ്പോഴും ടൗൺ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലും പുഴകളിലും തരം തിരിക്കാതെ മാലിന്യങ്ങൾ തള്ളുന്നത് പതിവാണ്. മിക്ക സ്ഥലങ്ങളിലും ഇവ കെട്ടിക്കിടന്നു ചീഞ്ഞുനാറുകയാണ്. മാലിന്യങ്ങൾ തരംതിരിക്കാതെ പൊതുവിടങ്ങളിലും മറ്റും തള്ളുന്നവരെ കണ്ടെത്താൻ പഞ്ചായത്തധികൃതർ പല മാർഗങ്ങളും സ്വീകരിക്കുന്നുണ്ടെങ്കിലും മാലിന്യം തള്ളലിന് കുറവില്ല.
പുതിയ പ്ലാന്റ് നിർമാണം തടഞ്ഞു
നിലവിൽ കല്ലാറിൽ പ്രവർത്തിക്കുന്ന പ്ലാന്റിന് ഉൾക്കൊള്ളാവുന്നതിലധികം മാലിന്യങ്ങളാണ് ഓരോ ദിവസവും മൂന്നാറിൽ കുന്നുകൂടുന്നത്. ഇതിനു പരിഹാരമായി കഴിഞ്ഞ മാർച്ചിൽ കല്ലാറിലെ പ്ലാന്റിന് സമീപം പഞ്ചായത്ത്, ശുചിത്വമിഷൻ എന്നിവയുടെ സഹകരണത്തോടെ 3.07 കോടി ചെലവിട്ട് ആധുനിക രീതിയിൽ മാലിന്യ സംസ്കരണ പ്ലാന്റ് പണി ആരംഭിച്ചിരുന്നു. എന്നാൽ തൊഴിലാളികൾ പ്ലാന്റിനെതിരെ സമരം ചെയ്യുകയും ഒരു വിഭാഗം രാഷ്ട്രീയ നേതൃത്വം രംഗത്തെത്തുകയും ചെയ്തതോടെ നിർമാണം പാതിവഴിയിൽ ഉപേക്ഷിച്ചു. ഇതോടെ മികച്ച രീതിയിലുള്ള മാലിന്യ സംസ്കരണമെന്ന സ്വപ്നമാണ് പൊലിഞ്ഞത്.
വാഹനത്തിന് തലചായ്ക്കാൻ മൂന്നാറിലിടമില്ല
∙മൾട്ടി ലവൽ പാർക്കിങ് സംവിധാനമൊരുക്കാൻ ഫണ്ട് വകയിരുത്തി; പക്ഷേ, തുടർനടപടി ഇല്ല. വിനോദ സഞ്ചാരികളുടേതടക്കം സാധാരണ ദിവസങ്ങളിൽ പോലും ആയിരത്തിലധികം വാഹനങ്ങളാണ് മൂന്നാറിൽ എത്തുന്നത്. സീസൺ സമയങ്ങളിൽ ഇതിന്റെ മൂന്നിരട്ടിയാകും വാഹനങ്ങൾ. എന്നാൽ ഇടുങ്ങിയ റോഡുകൾ മാത്രമുള്ള ഇവിടെ എത്തുന്നതിലെ 10% വാഹനങ്ങൾ പോലും നിർത്തിയിടാനുള്ള സൗകര്യങ്ങളില്ല.
പാർക്കിങ് സൗകര്യങ്ങളില്ലാത്തത് മൂലം തിരക്കുള്ള ദിവസങ്ങളിൽ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ മാട്ടുപ്പെട്ടി, ഇക്കോ പോയിന്റ്, കുണ്ടള, ഫ്ലവർ ഗാർഡൻ, രാജമല അഞ്ചാംമൈൽ തുടങ്ങിയ സ്ഥലങ്ങളിൽ മണിക്കൂറുകളുടെ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. പാർക്കിങ് പ്രശ്നം പരിഹരിക്കുന്നതിനായി വിദേശ രാജ്യങ്ങളിലെ പോലെ മൾട്ടി ലവൽ പാർക്കിങ് സംവിധാനമൊരുക്കുന്നതിന് ഒരു വർഷം മുൻപ് പഞ്ചായത്ത് ഭരണസമിതി ഫണ്ട് വകയിരുത്തിയെങ്കിലും തുടർനടപടികളുണ്ടായില്ല.