ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവം; ഒരു വനം ജീവനക്കാരൻ കൂടി അറസ്റ്റിൽ
Mail This Article
ഉപ്പുതറ ∙ ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ ഒരു വനപാലകൻ കൂടി അറസ്റ്റിൽ. കേസിൽ 4–ാം പ്രതിയായ ബീറ്റ് ഫോറസ്റ്റ് ഓഫിസർ തിരുവനന്തപുരം പാലോട് കള്ളിപ്പാറ കിഴക്കേക്കര വീട്ടിൽ ഷിജിരാജ് (49) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ കിഴുകാനം സെക്‌ഷൻ ഫോറസ്റ്റ് മുൻ ഓഫിസർ വി.അനിൽകുമാറിനെ സർവീസിൽ നിന്ന് വീണ്ടും സസ്പെൻഡ് ചെയ്തു. ഇദ്ദേഹത്തെ നേരത്തേ സസ്പെൻഡ് ചെയ്തിരുന്നെങ്കിലും രണ്ടുമാസം മുൻപു തിരിച്ചെടുത്തിരുന്നു. കണ്ണംപടി മുല്ല പുത്തൻപുരയ്ക്കൽ സരുൺ സജിയെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിലാണു നടപടി. 2022 സെപ്റ്റംബർ 20ന് ഓട്ടോറിക്ഷയിൽ കാട്ടിറച്ചിയുമായി സരുണിനെ പിടികൂടിയ സംഭവം വ്യാജമാണെന്ന് ഉന്നതതല അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
കഴിഞ്ഞ ദിവസം അറസ്റ്റിലായ ഒന്നാം പ്രതി അനിൽകുമാർ, രണ്ടാംപ്രതി ബീറ്റ് ഫോറസ്റ്റ് ഓഫിസർ വി.സി.ലെനിൻ എന്നിവർ റിമാൻഡിലാണ്. ഹൈക്കോടതി നിർദേശപ്രകാരം അന്വേഷണ ഉദ്യോഗസ്ഥനു മുൻപാകെ ഹാജരായ സ്പെഷൽ റിക്രൂട്മെന്റ് വാച്ചർമാരായ മത്തായിപ്പാറ മക്കാനിക്കൽ ടി.കെ.ലീലാമണി (42), ഇടുക്കി കോളനി നീലാനപ്പാറയിൽ കെ.എൻ.മോഹനൻ (46), മത്തായിപ്പാറ കവലയിൽ കെ.ടി.ജയകുമാർ (41) എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു. മൂവരും കേസിൽ പ്രതികളാണ്. ആകെയുള്ള 13 പ്രതികളിൽ ആറുപേരാണ് ഇതോടെ അറസ്റ്റിലായത്. പ്രതികളിൽ ഒരാൾ മരിച്ചു. രണ്ടുപേർ കോടതിയിൽ കീഴടങ്ങി ജാമ്യം നേടി. മൂന്നാം പ്രതി സീനിയർ ഗ്രേഡ് ഡ്രൈവർ കാഞ്ചിയാർ വടക്കൻവീട്ടിൽ ജിമ്മി ജോസഫ് ഒളിവിലാണ്. ഹൈക്കോടതി നിർദേശപ്രകാരം ഇനി രണ്ടുപേർ കൂടി അന്വേഷണ ഉദ്യോഗസ്ഥനു മുൻപാകെ ഹാജരാകാനുണ്ട്. പീരുമേട് ഡിവൈഎസ്പി ജെ.കുര്യാക്കോസിന്റെ നേതൃത്വത്തിലാണു ഷിജിരാജിനെ അറസ്റ്റ് ചെയ്തത്.