വിൻസന്റ് സ്വന്തം പുരയിടത്തിൽ തേക്ക് നട്ടുവളർത്തി; പക്ഷേ, വെട്ടാൻ പറ്റില്ല!
Mail This Article
വണ്ണപ്പുറം∙ പട്ടയം ലഭിച്ചിട്ട് അരനൂറ്റാണ്ട് കഴിഞ്ഞു. എങ്കിലും സ്വന്തം പുരയിടത്തിൽ നട്ടു വളർത്തിയ മരം മുറിച്ചു വിൽക്കാൻ കഴിയാതെ ദുരിതം പേറി കർഷകൻ. വണ്ണപ്പുറം വില്ലേജിലെ ദർഭത്തൊട്ടി തടത്തിൽ വിൻസന്റാണാണ് ഈ ഹതഭാഗ്യൻ. തന്റെ പുരയിടത്തിൽ നിന്ന 50 വർഷം പഴക്കവും 90 ഇഞ്ച് വണ്ണമുള്ള തേക്കു മരം ഇടിവെട്ടി ഉണങ്ങിയതോടെയാണ് വിൻസന്റിന്റെ ദുരിതം തുടങ്ങുന്നത്.
സ്വന്തം വീടിനും അയൽവാസികളുടെ വീടിനും കൃഷിക്കും തേക്കു മരം മറിഞ്ഞുവീണ് അപകടവും നാശനഷ്ടവും ഉണ്ടാകുന്നത് ഒഴിവാക്കാനായി മരം കച്ചവടം ചെയ്‌തു. അന്നു മുതൽ സർക്കാർ ഓഫിസുകൾ കയറിയിറങ്ങി മടുത്തതല്ലാതെ മരം വെട്ടി വിൽക്കാനുള്ള അനുമതി മാത്രം കിട്ടിയില്ല. റവന്യു ഭൂമിയിലെ തടിയാണെന്നുള്ള റിപ്പോർട്ട് കാളിയാർ റേഞ്ച് ഓഫിസർക്ക് വില്ലേജിൽനിന്ന് നൽകിയെങ്കിലും മരം മുറിച്ചു വിൽക്കാൻ അനുമതി നൽകാൻ തയാറായില്ല.
എന്നാൽ മരം അപകടത്തിന് കാരണമാകുമെങ്കിൽ മുറിച്ചു പുരയിടത്തിൽ സൂക്ഷിച്ചു കൊള്ളണമെന്ന നിബന്ധനയിൽ മരം മുറിക്ക് അനുമതി നൽകാമെന്ന നിർദേശം റേഞ്ച് ഓഫിസർ നൽകിയിട്ടുണ്ട്. മരം മുറിച്ചു വീഴ്‌ത്താൻ തന്നെ വലിയ തുക ചെലവാകും. മുറിച്ച മരം വിൽക്കാൻ കഴിയില്ലെങ്കിൽ പിന്നെ ഇത് മുറിക്കാനുള്ള തുക ആരു നൽകും എന്നു ചോദിച്ചാൽ ഇതിനും മറുപടി ഇല്ല.
വണ്ണപ്പുറം വില്ലേജിൽ വനം ഭൂമിയുടെ പേരിൽ ഇത്തരത്തിൽ ദുരിതം അനുഭവിക്കുന്ന നൂറു കണക്കിനു ആളുകളുണ്ട്. സ്വന്തം പേരിൽ പതിച്ചു കിട്ടിയ ഭൂമിയിൽ നിൽക്കുന്ന ഒരു മരവും വെട്ടാൻ അനുവദിക്കാതെ വനം വകുപ്പ് തടസ്സം നിൽക്കുന്നതാണ് കർഷകരെ പ്രതിസന്ധിയിലാക്കുന്നത്.
നട്ടു വളർത്തിയ മരങ്ങൾ വെട്ടി വിറ്റ് ചികിത്സ, മക്കളുടെ വിവാഹം, പഠനം തുടങ്ങിയ ആവശ്യങ്ങൾ നടപ്പാക്കാൻ കഴിയാതെ പ്രതിസന്ധിയിലായിരിക്കുകയാണ് കർഷകർ.
English Summary : The farmer is not allowed to cut and sell the tree grown in his own field