കാൽവരിമൗണ്ട് വിനോദ സഞ്ചാര മേഖലയിലെ കയ്യേറ്റം ഒഴിപ്പിച്ചു
Mail This Article
ചെറുതോണി∙ കാൽവരിമൗണ്ട് വിനോദ സഞ്ചാര മേഖലയിലെ കയ്യേറ്റങ്ങൾ ജില്ലാ ഭരണകൂടം ഒഴിപ്പിച്ചു. റവന്യു രേഖകൾ പ്രകാരമുള്ള കാൽവരിമൗണ്ട് ടൂറിസം കേന്ദ്രത്തിലേക്കുള്ള റോഡ് പുറമ്പോക്ക് അനധികൃതമായി കയ്യേറി റിസോർട്ടുകൾ ഉൾപ്പെടെ നിർമിച്ച് വർഷങ്ങളായി 3 സ്വകാര്യ വ്യക്തികൾ കൈവശം വച്ചിരുന്ന 0.3877 ഹെക്ടർ (96 സെന്റ്) ഭൂമിയാണ് സബ് കലക്ടർ ഡോ. അരുൺ എസ്.നായരുടെ നേതൃത്വത്തിൽ തിരിച്ചുപിടിച്ചത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പൊലീസ് ഉദ്യോഗസ്ഥയുടെ സാന്നിധ്യത്തിലായിരുന്നു നടപടി. അഞ്ചോളം പേർ പ്രദേശത്ത് ഭൂമി കയ്യേറിയതായി കണ്ടെത്തിയിരുന്നു.
തുടർന്നും കൂടുതൽ അന്വേഷണങ്ങൾ നടത്തുമെന്ന് സബ് കലക്ടർ പറഞ്ഞു. വിനോദ സഞ്ചാര കേന്ദ്രത്തിലേക്കുള്ള വഴി അനധികൃത റിസോർട്ടുകൾ കയ്യേറിയതോടെ ഇവിടേക്കുള്ള യാത്രാസൗകര്യം പരിമിതപ്പെട്ടിരുന്നു. ഇതേ തുടർന്ന് നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടം നടപടി സ്വീകരിച്ചത്. കാമാക്ഷി പഞ്ചായത്തിന്റെ സഹകരണത്തോടെയായിരുന്നു നടപടി. ഇടുക്കി താലൂക്ക് ഭൂരേഖ തഹസിൽദാർ മിനി കെ.ജോൺ, കാമാക്ഷി പഞ്ചായത്ത് സെക്രട്ടറി എം.വിജയൻ, തങ്കമണി വില്ലേജ് ഓഫിസർ കെ.ആർ.രാജേഷ് എന്നിവർ നടപടികൾക്ക് നേതൃത്വം നൽകി.